Pages

Friday, August 2, 2013

ഡല്‍ഹി ദൗത്യം പരാജയം: ചെന്നിത്തല മന്ത്രിസഭയിലേക്കില്ല

ഡല്‍ഹി ദൗത്യം പരാജയം:
 ചെന്നിത്തല മന്ത്രിസഭയിലേക്കില്ല
സംസ്ഥാന മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ നടന്ന ദൗത്യം പരാജയപ്പെട്ടു. 'ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ'ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.അപമാനിതനായി മന്ത്രിസഭയിലേക്ക് എത്താന്‍ താനില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍കണ്ട് അറിയിക്കുകയും, സോണിയ അത് അംഗീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സി.പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ചു. 

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് രണ്ട് സമവാക്യങ്ങളാണ് നിലവിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കെ.പി.സി.സി.പ്രസിഡന്റ് മന്ത്രസഭയിലേക്ക് വരുമ്പോള്‍ , അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ ആഭ്യന്തരവകുപ്പ് നല്‍കി മന്ത്രിയാക്കുക. അല്ലെങ്കില്‍ , റവന്യൂ പോലുള്ള ഒരു പ്രധാന വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കുക.ആഭ്യന്തരമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാടെടുത്തതോടെ, അവശേഷിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം എന്നായി. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ്സിന് മാത്രം തീരുമാനിക്കാനില്ലെന്ന് യു.ഡി.എഫ്.ഘടകകക്ഷികള്‍ വ്യക്തമാക്കി.മുഖ്യഘടക കക്ഷിയായ മുസ്‌ലീം ലീഗിനെ അനുനയിപ്പിക്കാന്‍ ഡല്‍ഹിക്ക് പോകുംമുമ്പ് ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിലെത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന് അവകാശപ്പെട്ടതാണ് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന അവകാശവാദവും പാര്‍ട്ടി ഉന്നയിച്ചു.സോളാര്‍ തട്ടിപ്പ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കടുത്ത വിമര്‍ശനം നേരിടുന്ന വേളയിലാണ്, കുറച്ചു മാസങ്ങളായി അടഞ്ഞ അധ്യായമായിരുന്ന മന്ത്രിസഭാ പുനസംഘടനയും ചെന്നിത്തലയുടെ മന്ത്രസഭാ പ്രവേശവും വീണ്ടും സജീവമാവുകയും ഹൈക്കമാന്‍ഡ് ഇടപെടുകയും ചെയ്തത്. 

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: