സ്വന്തം ഗ്രാമത്തെ
സൗജന്യമായി തേനൂട്ടി സജയ്കുമാര്‍
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ തേന്‍ കുടിക്കുന്ന
ഗ്രാമം ഒരു പക്ഷെ തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരിയാകും. സ്വന്തം ഗ്രാമത്തിന്
സൗജന്യമായി തേന്‍ നല്‍കുന്ന മഠത്തിപ്പറമ്പില്‍ സജയ്കുമാര്‍ (49) എന്ന തേനീച്ചകര്‍ഷകനാണ്
ഇതിന്റെ മുഴുവന്‍ ബഹുമതിയും.മൂന്നുവര്‍ഷം മുമ്പ് സജയ്കുമാര്‍ അങ്കണവാടികളിലും സ്‌കൂളുകളിലും സൗജന്യമായി തേന്‍
നല്‍കാന്‍ തുടങ്ങിയതാണ്. ഇന്ന് ഈ സേവനം ഗ്രാമം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. 22
വയസ്സുവരെയുള്ള എല്ലാവര്‍ക്കും 25ഗ്രാം അളവിലാണ് സൗജന്യമായി തേന്‍ നല്‍കുന്നത്.
മാസം 14,000 ത്തോളം പാക്കറ്റ് തേന്‍ വിതരണം ചെയ്യുന്നു. എല്ലാ വീടുകളിലും നേരിട്ട്
ചെന്നാണ് തേന്‍വിതരണം. പതിനായിരം രൂപ ശമ്പളവും വാഹനവും നല്‍കി ഇദ്ദേഹം ഒരാളെ തേന്‍വിതരണത്തിനായി
നിയോഗിച്ചിട്ടുണ്ട്. സജയ്കുമാര്‍ ഈയിനത്തില്‍ മാത്രം വര്‍ഷം 22 ലക്ഷം രൂപ
ചെലവിടുന്നു.
വിദേശങ്ങളില്‍ കുട്ടികള്‍ വര്‍ഷത്തില്‍ മൂന്നര കിലോഗ്രാം തേന്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. വലിയവര്‍ പത്ത് കിലോവരെ കഴിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വാദും ഉന്മേഷവും പ്രതിരോധശേഷിയും ലഭിക്കുന്ന തേന്‍ ഏഷ്യയില്‍ പലരും ഉപയോഗിക്കുന്നില്ല. സ്വന്തം ഗ്രാമത്തില്‍ നടത്തിയ സര്‍വേയില്‍ തേന്‍ ഒരിക്കല്‍ പോലും രുചിക്കാത്തവരെ കണ്ടെത്തിയിരുന്നുവെന്നും സജയ്കുമാര്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിനുള്ളില്‍ കിലോക്കണക്കിന് തേന്‍ സ്വന്തം ഗ്രാമത്തില്‍ ഈ കര്‍ഷകന്‍ സൗജന്യമായി നല്‍കി. തേന്‍പാക്കറ്റിലാക്കി നല്‍കാന്‍ ഈയിടെ മൂന്ന് ലക്ഷം രൂപ ചെലവാക്കി സംവിധാനവും ഒരുക്കി. തേനീച്ചവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതില്‍ വിദഗ്ധനാണ് സജയ്കുമാര്‍. കാര്‍ഷിക സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി ഇദ്ദേഹം ക്ലാസെടുക്കുന്നു.ഭാരത് തേനീച്ച വളര്‍ത്തല്‍ പരിശീലനകേന്ദ്രം എന്ന സ്ഥാപനത്തില്‍ ഇന്ന് 67 വിദ്യാര്‍ഥികളുണ്ട്. കേരളത്തിലെ പലയിടങ്ങളിലുള്ളവരാണ് വിദ്യാര്‍ഥികള്‍. സൗജന്യക്ലാസ്സിനു പുറമെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു തേനീച്ചക്കൂടും സൗജന്യമായി നല്‍കുന്നു. ഈയിനത്തില്‍ മാത്രം വര്‍ഷം ഒന്നരലക്ഷം രൂപ ഇദ്ദേഹം ചെലവിടുന്നു. വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ഭാരത് ഹണി എന്ന പേരില്‍ തേന്‍ വ്യവസായവും നടത്തുന്നുണ്ട്.ആനക്കല്ല് ഏഴ് കമ്പനിക്ക് സമീപമാണ് താമസം. ഭാര്യ: സിന്ധു (അധ്യാപിക, പാലക്കാട് കല്ലിങ്കല്‍പ്പാടം, ഗവ. സ്‌കൂള്‍). മക്കള്‍: നേച്ചര്‍, നെക്ടര്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment