Pages

Friday, August 2, 2013

സംഗീതത്തില്‍ ഈശ്വരനെ ദര്‍ശിച്ച ഋഷി

സംഗീതത്തില്‍
ഈശ്വരനെ ദര്‍ശിച്ച ഋഷി
ടി. ബാലകൃഷ്ണന്‍
മലയാള സംഗീതത്തിന് ശ്രുതിമീട്ടിയ വീണക്കമ്പി അറ്റു.
അക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ പാദസരം ചാര്‍ത്തി കൈരളിയെ ത്രസിപ്പിച്ച വിരലുകള്‍ 
നിശ്ചലമായി.കര്‍ണാടകസംഗീത ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ട ദക്ഷിണാമൂര്‍ത്തിസ്വാമി കഥാവശേഷനായെങ്കിലും ആ പ്രതിഭ അന്തരീക്ഷത്തില്‍ ചാലിച്ചുചേര്‍ത്ത ഗാനമാധുരി എക്കാലത്തും മാനവ മനസ്സുകളില്‍ ആഹ്ലാദത്തിന്റെ അലകള്‍ തീര്‍ത്തുകൊണ്ടിരിക്കുകതന്നെ ചെയ്യും.

സംഗീതത്തിന് വേണ്ടി ജീവിക്കുക, ആ ഉപാസനയിലൂടെ സംഗീതമായിത്തീരുക-അതായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. അവസാന നിമിഷത്തിന് ഏതാനും ദിവസം മുമ്പുപോലും ആ ശബ്ദം പാട്ടിന്റെ പാലാഴി ഒഴുക്കി.എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സംഗീത സംവിധായകനായ കെ. രാഘവന്‍ മാസ്റ്ററുടെ ഓര്‍മക്കുറിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയം. ഒരുനാള്‍ മഹാകവി അക്കിത്തം എന്നെ വിളിച്ചുപറഞ്ഞു. ''നമ്മുടെ ദക്ഷിണാമൂര്‍ത്തി സ്വാമിക്കും അദ്ദേഹത്തിന്റെ സംഗീതപരമായ ഓര്‍മകള്‍ പ്രസിദ്ധീകരിച്ചുകണ്ടാല്‍ കൊള്ളാമെന്നുണ്ട്. അതിനുവേണ്ടി സംവിധാനം ചെയ്യാമെങ്കില്‍ അത് മലയാളത്തിന് ഒരു നേട്ടവും സംഗീതാസ്വാദകര്‍ക്ക് ആഹ്ലാദകരമായ അനുഭവവും ആയിരിക്കും''.

വൈകാതെ പൂന്താനം ഇല്ലത്തുവെച്ച് സ്വാമിയെ അവിചാരിതമായി കണ്ടപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി നേരിട്ട് സംസാരിച്ചു. ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ സ്വാമി പറഞ്ഞു-''എനിക്ക് ലേഖനമെഴുതാന്‍ വശമില്ല. വിശദാംശങ്ങളെല്ലാം ഞാന്‍ തരാം. താന്‍തന്നെ അതെഴുതിയാല്‍ സന്തോഷം.പിന്നെ ഞായറാഴ്ചകളില്‍ സ്വാമിയുടെ വീട്ടിലേക്കുള്ള തീര്‍ഥാടനമായിരുന്നു. പാലക്കാട്ട് കല്പാത്തിയിലാണ് സ്വാമിയും ഭാര്യയും താമസിച്ചിരുന്നത്. നെറ്റിയില്‍ വീതിയുള്ള ഭസ്മക്കുറിചാര്‍ത്തി വലിയ കനത്ത രുദ്രാക്ഷ മാല കഴുത്തിലിട്ട് ചാരുകസേരയില്‍ ചാഞ്ഞി
രുന്ന് സ്വാമി പറയുന്ന വാക്കുകള്‍ കുറിച്ചെടുക്കുന്നത് അവാച്യമായ അനുഭവം തന്നെയായിരുന്നു.ഭൂതകാലത്തിലേക്ക് സ്വാമിയുടെ മനസ്സ് പറന്നുപോയ്‌ക്കൊണ്ടിരിക്കെ ഇടയ്ക്കദ്ദേഹം പൊട്ടിച്ചിരിക്കും, ചിലപ്പോള്‍ ഊറിച്ചിറിക്കും, ചിലപ്പോള്‍ മുദ്രകള്‍ കാണിച്ച് മിഴികളടച്ച് ധ്യാനനിരതനാകും. ഓര്‍മകള്‍ മുറിയുമ്പോള്‍ അത് പൂരിപ്പിക്കാന്‍ ഭാര്യ കല്യാണിയമ്മാള്‍ സഹായത്തിനെത്തും. 12 ആഴ്ചകള്‍ സമ്മാനിച്ച ആ അനുഭൂതി വിശേഷങ്ങളാണ് 'സംഗീത രാജാങ്കണത്തില്‍' എന്ന ശീര്‍ഷകത്തില്‍ ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയും പിന്നീട് അതേപേരില്‍ പുസ്തകരൂപത്തിലും വായനക്കാരിലെത്തിയത്. പുസ്തകം പുറത്തിറങ്ങിയപ്പോള്‍ സ്വാമിയുടെ ആഹ്ലാദം കാണേണ്ടതുതന്നെയായിരുന്നു. ദക്ഷിണാമൂര്‍ത്തിയെക്കുറിച്ചുള്ള ഒരേയെരു പുസ്തകവും അതുതന്നെ.

വളരെ ചെറുപ്പത്തില്‍ത്തന്നെ അമ്മയില്‍നിന്ന് സംഗീത പഠനം ആരംഭിച്ച സ്വാമി പ്രാണവായുപോലെ അതിനെ സ്വാംശീകരിച്ച് നെഞ്ചിലേറ്റി. മെച്ചപ്പെട്ട ഒരു ജീവിതം തേടി മദിരാശിയിലെത്തിയതോടെ ആ സംഗീതത്തിന് ആവശ്യക്കാരും ആരാധകരുമുണ്ടായി. സിനിമാ മേഖലയിലേക്കുള്ള കാല്‍വെപ്പ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ത്തി. തമിഴ്, ഹിന്ദി സിനിമാ പാട്ടുകളുടെ ഈണത്തിന്റെ ചുവടുപിടിച്ചായിരുന്നു അക്കാലത്ത് മലയാളം പാട്ടുകളുടെ പിറവി. ആവര്‍ത്തന വിരസവും കടംകൊണ്ടതുമായ ആ ശൈലിയെ തിരുത്തിക്കുറിച്ചതാണ് ദക്ഷിണാമൂര്‍ത്തിയുടെ വലിയ സംഭാവന. കര്‍ണാടകസംഗീതത്തിന്റെ ആത്മാവിനെ അദ്ദേഹം മലയാളഗാനങ്ങളില്‍ സന്നിവേശിപ്പിച്ച് ഗാനത്തിന് ഒരു നവോന്മേഷവും പുതുജീവനും നല്‍കി.

1950-ലാണ് അദ്ദേഹം സിനിമാരംഗവുമായി ബന്ധപ്പെടുന്നത്. തികച്ചും യാദൃച്ഛികമായിരുന്നു ആ രംഗപ്രവേശം. മദിരാശിയില്‍ചിലരെ പാട്ടുപഠിപ്പിച്ച് നാള്‍ കഴിക്കവെ ഒരുനാള്‍ അഭയദേവും കുഞ്ചാക്കോയും കെ.വി. കോശിയും അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. 'നല്ലതങ്ക' എന്ന സിനിമയ്ക്കുവേണ്ടി ഒരു ആമുഖഗാനം വേണമെന്നതായിരുന്നു അവരുടെ ആവശ്യം. വാഗ്‌ദേവതയും വാണീദേവിയും എമ്പാടും അനുഗ്രഹിച്ച അദ്ദേഹത്തിന് അതൊരു പ്രശ്‌നമായിരുന്നില്ല. ആ ഗാനം എല്ലാവര്‍ക്കും ഇഷ്ടമായി. സ്വാമിയുടെ ഇഷ്ടദേവനായ വൈക്കത്തപ്പനെപ്പറ്റിയുള്ളതായിരുന്നു ആ വിരുത്തം.

അതൊരു നിയോഗമായിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹം അംഗീകാരത്തിലേക്കും പ്രശസ്തിയിലേക്കും കുതിക്കുകയായിരുന്നു. പാട്ട് കൈയില്‍ കിട്ടിയാല്‍ മൂന്നോ നാലോ മിനിറ്റിനകം അതിന് സംഗീതത്തിന്റെ പൊന്നണിയിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. 125-ഓളം മലയാളചിത്രങ്ങളിലായി ആയിരത്തോളം പാട്ടുകള്‍ക്ക് സ്വാമി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അവയെല്ലാം ഇന്നും ജനപ്രിയഗാനങ്ങളായി കാലത്തെ അതിജീവിച്ച് സംഗീതപ്രേമികളുടെ ചുണ്ടിലും മനസ്സിലും തളിരിട്ടുനില്‍ക്കുന്നു. ചില സിനിമകളില്‍ അദ്ദേഹം പാടുകയും ചെയ്തു.1950-ല്‍ 'നല്ലതങ്ക'യിലാരംഭിച്ച ആ സംഗീതസപര്യ 37 വര്‍ഷം അഭംഗുരം തുടര്‍ന്നു. 'ഇടനാഴിയില്‍ ഒരു കാലൊച്ച' കേള്‍പ്പിച്ചുകൊണ്ട് അദ്ദേഹം ചലച്ചിത്രരംഗത്തുനിന്ന് പിന്മാറി. പിന്നെ ഭക്തിഗാന രചനയിലും ആലാപനത്തിലുമായി ശ്രദ്ധ. സ്വയം രചിച്ച കീര്‍ത്തനങ്ങള്‍ രാഗംപകര്‍ന്ന് കച്ചേരികളില്‍ അവതരിപ്പിച്ചു. അതിലെ പ്രശസ്തങ്ങളായ കീര്‍ത്തനങ്ങള്‍ സമാഹരിച്ച് സംഗീതവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കാസറ്റുകളാക്കുകയും ചെയ്തു.

ആലപ്പുഴ ജില്ലയിലെ മുല്ലക്കല്‍ തെക്കേമഠത്തിലാണ് 94 വര്‍ഷംമുമ്പ് സ്വാമിയുടെ ജനനം. പത്താം ക്ലാസ്‌വരെയേ സ്‌കൂള്‍വിദ്യാഭ്യാസമുണ്ടായുള്ളൂ. 13-ാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ ആദ്യ കച്ചേരി. സിനിമയില്‍ ആണ്ടുമുങ്ങിയപ്പോഴും ശുദ്ധസംഗീതത്തെ അദ്ദേഹം മറന്നില്ലെന്നുമാത്രമല്ല, നിരവധി കച്ചേരികളിലൂടെ ഹൃതിനെ പോഷിപ്പിക്കുകയും ഉപാസിക്കുകയും ചെയ്തുകൊണ്ടിരുന്നു.പാട്ടുകാരിയല്ലെങ്കിലും സംഗീതാസ്വാദകയായ ഭാര്യ കല്യാണിയമ്മാള്‍ ഇണപ്പരിയാതെ എല്ലാ കച്ചേരികള്‍ക്കും സ്വാമിയെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചു. അത് അദ്ദേഹത്തിന് ഒരു താങ്ങും ബലവുമായിരുന്നു.

ആസ്വാദകര്‍ സംഗീതത്തില്‍ ആറാടുമ്പോള്‍ സംഗീതജ്ഞന്‍ ദൈവത്തില്‍ ലയിക്കുമെന്ന് സ്വാമി വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ പാടുന്നവനും കേള്‍ക്കുന്നവനും ഒന്നാകുന്ന ഒരവസ്ഥവരും. അപ്പോഴാണത്രേ സംഗീതത്തിന്റെ സ്വര്‍ഗീയചൈതന്യം പ്രസരിക്കുക. സംഗീതവും ദൈവവും ഒന്നുതന്നെ, അതാണ് സ്വാമിയുടെ ദര്‍ശനം.നിത്യതയിലേക്ക് പിന്‍വാങ്ങിയ ആ മുഗ്ധ നാദോപാസകന്റെ സ്മരണ നറുചന്ദനത്തിന്റെ തണുത്ത ഗന്ധംപോലെ സംഗീതത്തിന്റെ പൊന്നലുക്കിട്ട മനസ്സുകളില്‍ എന്നെന്നും ആര്‍ദ്രത പരത്തും, തീര്‍ച്ച.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: