Pages

Tuesday, August 6, 2013

സൈനികരുടെ കൊല: കരസേനാമേധാവി ഇന്ന് പൂഞ്ചിലെത്തും

സൈനികരുടെ കൊല:
കരസേനാമേധാവി ഇന്ന് പൂഞ്ചിലെത്തും

കശ്മീരില്‍ ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാമേധാവി ജനറല്‍ ബിക്രംസിങ് ഇന്ന് പൂഞ്ചിലെത്തും. പ്രത്യേക സൈനിക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുന്നത്. അതിനുശേഷം പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തും. 

പാക്പട്ടാളം അതിര്‍ത്തികടന്ന് ഇന്ത്യന്‍സേനാപോസ്റ്റിനുനേരെ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെ.സി.ഒ) നാല് ജവാന്മാരുമാണ് മരിച്ചത്. ആക്രമണവിവരമറിഞ്ഞതിനെത്തുടര്‍ന്ന് സേന കൂടുതല്‍ ട്രൂപ്പുകളെ ഈ മേഖലയില്‍ വിന്യസിച്ചു. നിയന്ത്രണച്ചുമതലയുമായി മുതിര്‍ന്ന ഓഫീസര്‍മാരും എത്തിയിട്ടുണ്ട്. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതേച്ചൊല്ലി വന്‍ബഹളമുണ്ടായതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് ചൊവ്വാഴ്ച ഉച്ചവരെ നിര്‍ത്തിവെച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് പാക്‌സേന ആക്രമണം നടത്തിയതെന്നും നിയന്ത്രണരേഖ കാത്തുസൂക്ഷിക്കാന്‍ സൈന്യം സുശക്തമാണെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി സഭയെ അറിയിച്ചു. എന്നാല്‍ സംഭവം പാകിസ്താന്‍ നിഷേധിച്ചു. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് പാക് സേനാവക്താവ് അവകാശപ്പെട്ടു.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: