Pages

Saturday, August 10, 2013

സമരത്തില്‍നിന്ന് പിന്‍മാറണം: 13 ചോദ്യങ്ങളുമായി മുഖ്യമന്ത്രി

സമരത്തില്‍നിന്ന് പിന്‍മാറണം:
13 ചോദ്യങ്ങളുമായി മുഖ്യമന്ത്രി
സോളാര്‍ തട്ടിപ്പുകേസില്‍ നഷ്ടമുണ്ടായെന്നോ സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യം തട്ടിപ്പുകാര്‍ക്ക് നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തി അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തിന്റെ ഉത്തരംതേടി 13 ചോദ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. സാളാര്‍ സംബന്ധിച്ച പ്രധാന കേസുകളിലെ അന്വേഷണം പ്രത്യേക അന്വേഷണസംഘം പൂര്‍ത്തിയാക്കി ഉടനെ കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് ആക്ഷേപങ്ങളോടും നിര്‍ദ്ദേശങ്ങളോടും തുറന്ന മനസ്സോടെ സമീപിക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊന്നും തയാറാകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരവുമായി മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. താന്‍ ഉന്നയിക്കുന്ന 13 ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷം ജനങ്ങളുടെ മുമ്പാകെ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ ചുവടെ.
1) പിടിച്ചെടുക്കല്‍ സമരത്തിലൂടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം?
2)സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഓണക്കാല നടപടികളും ക്ഷേമവികസന പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?3) രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയ ആവശ്യങ്ങളെ തൃണവത്കരിക്കുന്ന സമീപനമല്ലേ?
4) കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അനിശ്ചിതകാലത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ? തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാല സ്തംഭനമുറകള്‍ ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?5) ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ലേ, സര്‍ക്കാരിനെ ലക്ഷംപേരെ വെച്ച് വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്? 6) ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്‌കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്? 7) ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ കേസിലെ പ്രതിയാണെന്നത് എന്തൊരു വിരോധാഭാസമാണ്?
8) 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിച്ചത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതല്ലേ?
9) ആഗസ്ത് 15 ന് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടില്‍ നടത്തേണ്ട സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭ സമരംമൂലം കെട്ടാല്‍ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്? 10) പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ലേ ഈ പ്രാകൃതമായ സമരം?11) പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരെ ഒരു ലക്ഷം പേരുടെ രാപ്പകല്‍ സമരം നടത്താന്‍ വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രുപ ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണം തന്നെയല്ലേ?12) ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നു വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
13) മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ? 

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: