യു.എന്‍. അവാര്‍ഡ് ; കേരളം ആദരിക്കപ്പെടുന്നു
ടി.പി. ശ്രീനിവാസന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിക്കുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പൊതുജന സേവനത്തിനായുള്ള അവാര്‍ഡ് ഇന്ന് ബഹ്‌റൈനില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മുഖ്യമന്ത്രിക്ക് നല്‍കും.ഇത് ഉമ്മന്‍ചാണ്ടിക്കോ കേരളത്തിനോ ഇന്ത്യയ്‌ക്കോ മാത്രമുള്ള ബഹുമതിയല്ല. മറിച്ച്, വികസ്വരലോകത്തെ ജനാധിപത്യരാജ്യങ്ങള്‍ക്കുകൂടി ഉള്ളതാണ്. ലോകമെമ്പാടും ജനാധിപത്യ പരീക്ഷണങ്ങളിലും പരിഷ്‌കാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമുള്ള അംഗീകാരമാണിത്. ജനാധിപത്യ പരിഷ്‌കാരങ്ങളില്‍ കേരളം കൈവരിച്ച നേട്ടം നമ്മുടെ രാജ്യത്തിനുതന്നെ ആഹ്ലാദിക്കാന്‍ വകതരുന്നു.വികസ്വര ജനായത്തഭരണ സംവിധാനങ്ങളുടെ ഭരണരീതികളിലും അഴിമതിയിലും കഴിവുകേടുകളിലും വികസിതരാജ്യങ്ങളുടെ ഇടപെടലുണ്ടെന്നത് ഒരു രഹസ്യമല്ല. കോളനിവാഴ്ചക്കാലത്ത് ഉന്നയിച്ചിരുന്ന ഒരു വാദം, വികസ്വരരാജ്യങ്ങള്‍ക്ക് സ്വയം ഭരിക്കാനുള്ള കഴിവില്ല എന്നതായിരുന്നു. പിന്നീട് വികസ്വരരാജ്യങ്ങള്‍ക്ക് സഹായധനം നല്‍കുന്നത് തടയാന്‍ അവര്‍ സദ്ഭരണത്തിന്റെ നിബന്ധനകള്‍ ഉപയോഗിച്ചു. വികസ്വരലോകത്തെ അനേകം ജനാധിപത്യ ഭരണകൂടങ്ങള്‍ തങ്ങളുടെ സ്വന്തം നാടുകളില്‍ സദ്ഭരണം ഉറപ്പുവരുത്തുന്നതില്‍ വികസിതരാജ്യങ്ങളുടെ അത്രയോ അതിലേറെയോ പ്രാപ്തിയുള്ളവയാണെന്ന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ വളരെക്കാലമായി തെളിയിച്ചുവരികയാണ്. ഐക്യരാഷ്ട്ര സംഘടന ഇത്തരം സദ്പ്രവൃത്തികള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി.
ഈ സാഹചര്യത്തിലാണ് 'പൊതുജന സേവനത്തിന്റെ മൂല്യവും നന്മയും ആഘോഷിക്കാന്‍' യു.എന്‍. പൊതുസഭ ജൂണ്‍ 23 പൊതുജനസേവനദിനമായി നിര്‍ദേശിച്ചത്. ഇതോടൊപ്പം, പൊതുജനസേവനത്തിന്റെ അന്തസ്സും തെളിമയും വര്‍ധിപ്പിക്കുന്ന സംഭാവനകള്‍ക്ക് പൊതുജനസേവനദിനത്തില്‍ അംഗീകാരം നല്‍കാനും തീരുമാനിച്ചു. തുടര്‍ന്ന് 2003 മുതല്‍ ഐക്യരാഷ്ട്രസഭ യു.എന്‍. പബ്ലിക് സര്‍വീസ് അവാര്‍ഡ് കൊടുക്കുകയും എല്ലാ വര്‍ഷവും ജൂണ്‍ 23-ന് പബ്ലിക് സര്‍വീസ് ദിനമായി ആചരിക്കുകയുംചെയ്യുന്നു.ലോകരാജ്യങ്ങളെ അഞ്ച് മേഖലകളായി തിരിച്ചാണ് യു.എന്‍. അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാംസ്ഥാനത്തെത്തിയത്. ദക്ഷിണകൊറിയ രണ്ടാംസ്ഥാനത്തെത്തി. ഏഷ്യ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. പസഫിക്കില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഏഷ്യയില്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളെയും പിന്തള്ളിയാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.ത്രിതലപരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ചുരുക്കപ്പട്ടിക പരിശോധിക്കുന്നത് യു.എന്‍. കമ്മിറ്റി ഓഫ് എക്‌സ്‌പേര്‍ട്‌സ് ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവിന്റെ ഏഴംഗ സബ്കമ്മിറ്റിയാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് ഇവര്‍. നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറില്ല. ആഫ്രിക്കയില്‍നിന്ന് മൊറോക്കോയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചപ്പോള്‍, രണ്ടാംസ്ഥാനത്തിന് ആരും അര്‍ഹരായില്ല. ലാറ്റിനമേരിക്ക-കരീബിയനില്‍നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരേ ഇല്ലായിരുന്നു.
മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരിക്കുന്നത് അത് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതും തന്റെ ജീവിതകാലം മുഴുവന്‍ നീണ്ട സേവനത്തില്‍നിന്ന് ഉദ്ഭവിച്ച അദ്ദേഹത്തിന്റെ മാത്രം സംരംഭമാണ് എന്നതരത്തിലാണ്.തികഞ്ഞ ജനാധിപത്യ പരീക്ഷണമായിമാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ. സംസ്ഥാനത്തെ ഏറ്റവും ദുര്‍ബലരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പരിപാടിയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരം ലഭിച്ചു. ചില ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി മണിക്കൂറുകള്‍ നീണ്ടു. 5.5 ലക്ഷം പരാതികളില്‍ മൂന്നുലക്ഷത്തോളം എണ്ണത്തിന് പരിഹാരങ്ങള്‍ അവിടെവെച്ചുതന്നെയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടര്‍നടപടികള്‍ വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ജില്ലകളില്‍ തുടര്‍ അവലോകനങ്ങള്‍ നടത്തുകയും ചെയ്തു.ജനസമ്പര്‍ക്ക പരിപാടിയുടെ ഏറ്റവും വലിയ നേട്ടം ഈ പരിപാടിയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെട്ട 50 ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സാധിച്ചു എന്നതാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം ആഗസ്തില്‍ ആരംഭിക്കുകയാണ്.
അന്തസ്സോടെ ജീവിക്കാനും തങ്ങളുടെ മക്കളെ അന്തസ്സോടെയും വിശപ്പില്ലാതെയും കലാപം, അടിച്ചമര്‍ത്തല്‍, അനീതി എന്നിവയെ ഭയക്കാതെയും വളര്‍ത്താനുമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ജനാധിപത്യപരവും പങ്കാളിത്തപരവുമായ ഭരണത്തിന് 2000-ത്തിലെ യു.എന്‍. സഹസ്രാബ്ദ പ്രഖ്യാപനം ഊന്നല്‍ നല്‍കി. വികസനം എല്ലാവര്‍ക്കും യാഥാര്‍ഥ്യമാക്കാനും സമസ്ത മനുഷ്യവര്‍ഗത്തെയും ഇല്ലായ്മയില്‍നിന്ന് സ്വതന്ത്രരാക്കാനുമുള്ള മുന്‍ ഉപാധിയാണ് ഓരോ രാജ്യത്തിലുമുള്ള സദ്ഭരണമെന്നതും അത് എടുത്തുപറയുന്നുണ്ട്.
പൊതുജന സേവനത്തിന്റെ പങ്ക്, പ്രൊഫഷണലിസം, പ്രതിച്ഛായ, തെളിമ എന്നിവ ഉയര്‍ത്താന്‍ പൊതുജനസേവകര്‍ നല്‍കുന്ന നിസ്തുലമായ സംഭാവനകളെ അംഗീകരിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പൊതുജന സേവനത്തിനായുള്ള അവാര്‍ഡിന്റെ ലക്ഷ്യം. അതിന് സവിശേഷമായ ലക്ഷ്യങ്ങളുമുണ്ട്.പൗരന്മാര്‍ക്ക് സേവനത്തിന് ബഹുമതി നല്‍കാനും നവീകരണത്തിന് ആക്കംകൂട്ടാനും പൊതുജനസേവനം നല്‍കുന്നത് മെച്ചപ്പെടുത്താനും ലോകമെമ്പാടുമുള്ള പൊതുജനസേവകര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഒരു ലക്ഷ്യം. പൊതുജനസേവനം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഭരണത്തിലെ വിജയകരമായ പ്രവര്‍ത്തനങ്ങളെയും അനുഭവങ്ങളെയും ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, പൊതുഭരണത്തെക്കുറിച്ചുള്ള നിഷേധാത്മക ധാരണകളെ വിജയഗാഥകളിലൂടെ മറികടന്ന് യഥാര്‍ഥ പൊതുജനസേവകരുടെ പ്രതിച്ഛായ ഉയര്‍ത്തി ഭരണത്തെ ഉദാത്ത വ്യവസ്ഥിതിയായി പുനരുജ്ജീവിപ്പിക്കുക, ഐക്യരാഷ്ട്രസഭയുടെ പൊതുഭരണത്തിനും വികസനത്തിനുമായുള്ള പദ്ധതികളുടെ ശൃംഖലയെ ശക്തിപ്പെടുത്തുക, പൊതുജന സേവനത്തില്‍ പ്രൊഫഷണലിസം വര്‍ധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതുമുതല്‍ സദ്ഭരണത്തിന് മാതൃകകളായി ധാരാളം വികസ്വര രാജ്യങ്ങളിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് വികസിത രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഫലപ്രദവുമായിരുന്നു. കേരളവും ആ നിരയിലേക്ക് ഉയര്‍ന്നുവെന്നതും അതിനെ ആഗോളസമൂഹം അംഗീകരിക്കുന്നുവെന്നതുമാണ് ഈ അവാര്‍ഡിന്റെ പ്രസക്തി.ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ലാണ് മുന്‍വര്‍ഷങ്ങളിലെ 10 അവാര്‍ഡുദാനച്ചടങ്ങുകളില്‍ ഏഴെണ്ണവും നടന്നത്. ഇത്തവണ അത് ബഹ്‌റൈനിലാക്കിയത് തികച്ചും ഉചിതമായി. ലക്ഷക്കണക്കിന് മലയാളികളുള്ള ഗള്‍ഫില്‍വെച്ച് കേരളം ആദരിക്കപ്പെടുന്നത് ഗള്‍ഫ് മലയാളികള്‍ക്കും ആഹ്ലാദിക്കാന്‍ വക നല്‍കുന്നു.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment