Pages

Tuesday, July 16, 2013

PEOPLE'S HEALTH IN KERALA

             ആരോഗ്യനിലവാരത്തില്‍

            കേരളം താഴോട്ടു  പോകുന്നു 

ആരോഗ്യനിലവാരത്തില്‍ ഇന്ത്യക്കുതന്നെ മാതൃകയായകേരളം ഇന്ന്  ആരോഗ്യ രംഗത്ത്‌  താഴോട്ടു  പോകുകയാണ് .ദേശീയശരാശരിയെക്കാള്‍ വളരെക്കുറഞ്ഞ മാതൃ-ശിശുമരണനിരക്കുള്ള കേരളത്തിന്റെ അവസ്ഥ  ഇന്ന്  ദയനീയമാണ് .   മാതൃ-ശിശു മരണനിരക്ക് കൂടുന്നുവെന്ന് വെളിപ്പെടുത്തുന്ന കണക്കുകള്‍ അത്യന്തം ഗൗരവത്തോടെ വേണം കാണേണ്ടത്. മലപ്പുറം ജില്ലയിലാണ് മാതൃമരണവും ശിശുമരണവും കൂടിവരുന്നത്. 2012-'13 വര്‍ഷത്തില്‍ മലപ്പുറത്ത് 40 അമ്മമാര്‍ മരിച്ചു; 563 ശിശുക്കളും. ഗര്‍ഭിണിയാകുന്നതുമുതല്‍ പ്രസവിച്ച് 42 ദിവസമാകുന്നതുവരെയുള്ള കാലയളവില്‍ ഗര്‍ഭവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന ഏത് ജീവഹാനിയും മാതൃമരണമായാണ് കണക്കാക്കുന്നത്. മറ്റുജില്ലകളില്‍ ഇത്രത്തോളമില്ലെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്ന മുഖ്യവസ്തുത ഗര്‍ഭകാലപരിചരണത്തിലും ശിശുപരിചരണത്തിലും കേരളം നേടിയ മികവ് തകര്‍ച്ചയെ നേരിടുന്നുവെന്നതാണ്. 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ലോകനേതാക്കള്‍ കൂടിച്ചേര്‍ന്ന് പ്രഖ്യാപിച്ച 'സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍' അനുസരിച്ച് 2015-ല്‍ മാതൃ-ശിശുമരണനിരക്ക് 2000-ല്‍ നിലവിലുള്ളതിന്റെ പകുതിയായി കുറയ്ക്കണമായിരുന്നു. 'സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍' പ്രകാരമാണ് 2002-ലെ ദേശീയ ആരോഗ്യനയം രൂപപ്പെടുത്തിയതും.2015-ല്‍ നേടാനായി ഇന്ത്യ ലക്ഷ്യമിട്ടത് 1970-കളുടെ അവസാനംതന്നെ കേരളം നേടിക്കഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍, അവിടെത്തന്നെ നിന്നതാണ് കുഴപ്പം. അന്നുനേടിയ മികവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നമ്മുടെ പൊതുജനാരോഗ്യരംഗം നിശ്ചലതയിലായിരുന്നുവെന്ന് കാണാം. മാതൃ-ശിശുമരണനിരക്കില്‍ കാര്യമായ വ്യതിയാനം ഇക്കാലയളവിലുണ്ടായിട്ടില്ല. തൊണ്ണൂറുകളിലെ അനുപാതംതന്നെ ഇന്നും തുടരുന്നു. മരണനിരക്കുകള്‍ ഇരട്ടയക്കത്തില്‍നിന്ന് ഒറ്റയക്കത്തിലേക്ക് താഴ്ത്തുകയെന്ന മഹത്തായ ലക്ഷ്യമാണ് നാം കൈവരിക്കേണ്ടിയിരുന്നത്. വികസിതരാജ്യങ്ങളിലെ ആ നിലവാരം നമുക്കും ആര്‍ജിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എവിടെയോ സംഭവിച്ച ഉദാസീനതയാണ് ഇപ്പോള്‍ മാതൃ-ശിശുമരണനിരക്കുകളില്‍ നേരിയതെന്ന് തോന്നിക്കുമെങ്കിലും ആശങ്കപ്പെടേണ്ടതുതന്നെയായ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ 2007-'08 വര്‍ഷത്തില്‍ 36 മാതൃമരണങ്ങളാണുണ്ടായത്. അതിപ്പോള്‍ 40 ആയി കൂടിയിരിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന മലപ്പുറം ജില്ലയില്‍ സര്‍ക്കാറിന്റെ ആരോഗ്യസംവിധാനങ്ങള്‍ കുറവാണ്. അടിസ്ഥാനതലത്തില്‍ 5,000 പേര്‍ക്ക് ഒരു ആരോഗ്യ ഉപകേന്ദ്രം വേണമെന്നാണ് കണക്ക്. മലപ്പുറത്ത് പതിനായിരത്തിലധികം പേര്‍ക്കാണ് മിക്കയിടത്തും ഒരു ആരോഗ്യ ഉപകേന്ദ്രമുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു മാതൃ-ശിശു ആസ്​പത്രിയുമില്ല. കേരളത്തിലെ മാതൃ-ശിശു മരണങ്ങളില്‍ ഭൂരിഭാഗവുമുണ്ടാകുന്നത് പിന്നാക്കപ്രദേശങ്ങളിലാണ്; നഗരങ്ങളില്‍ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ കുറഞ്ഞ ദരിദ്രജനവിഭാഗത്തിനിടയിലും. സാമ്പത്തികമായ സൗകര്യങ്ങളുള്ളവര്‍ക്കിടയില്‍ത്തന്നെ മാതൃമരണം സംഭവിക്കുന്നതായും പുതിയ കണക്കുകളില്‍നിന്ന് വെളിപ്പെടുന്നു. ഗര്‍ഭകാലപരിചരണം ശരിയായ രിതിയിലല്ലാത്തതാണ് മരണത്തിന്റെ മുഖ്യകാരണം. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി കാരണം അമ്മയ്ക്ക് വിളര്‍ച്ചയുണ്ടാകുന്നു. ഇത് മാതൃമരണത്തിനു മാത്രമല്ല വഴിവെക്കുന്നത്; കുഞ്ഞിന്റെ ഭാരക്കുറവിനും അണുബാധയ്ക്കുമൊക്കെ കാരണമാവുന്നു.

ജീവകങ്ങളെല്ലാമടങ്ങിയ ഭക്ഷണരീതി ഗര്‍ഭിണികള്‍ ശീലിക്കാന്‍ സാമൂഹികമായ അവബോധം കൂടി സൃഷ്ടിക്കേണ്ടതുണ്ട്. സാമൂഹികസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. ജനസംഖ്യാനുപാതികമായി ആരോഗ്യസംവിധാനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഗര്‍ഭിണിയുടെയും ശിശുവിന്റെയും പരിചരണത്തിന്റെ നിലവാരമുയര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കാന്‍ പാവപ്പെട്ടവര്‍പോലും നിര്‍ബന്ധിതരാവുന്ന അവസ്ഥ അങ്ങനെ ഒഴിവാക്കാം. ആരോഗ്യനിലവാരത്തില്‍ ഒരു നൂറ്റാണ്ടിലധികം കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കേരളമുണ്ടാക്കിയെടുത്ത നിലവാരവും വിവേകവും തകരാനനുവദിച്ചുകൂടാ.


                                                          പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: