പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള
വികസനമാണ് നമുക്ക് അനിവാര്യം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ
പ്രാധാന്യം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലോകം പരിസ്ഥിതിദിനം ആചരിക്കുന്നത്. ജൂണ്‍
5 പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ദിനമാണ് . ഐക്യരാഷ്ട്ര
സഭയാണ് 1972 ല്‍ ആഹ്വാനം ചെയ്തത്. പ്രകൃതിയോടുള്ള മനുഷ്യരാശിയുടെ സമീപനത്തില്‍
ആരോഗ്യകരമായ മാറ്റം വേണമെന്ന് എല്ലാ രാജ്യങ്ങളിലെയും ജനതകളോട് ഐക്യരാഷ്ട്രസഭ
നിരന്തരം ആഹ്വാനം ചെയ്തുപോരുന്നു. അതോടൊപ്പം ഓരോ വര്‍ഷവും പരിസ്ഥിതിദിനം മുന്‍നിര്‍ത്തി
സന്ദര്‍ഭോചിതമായ മുദ്രാവാക്യവും യു എന്‍ മുന്നോട്ട് വയ്ക്കാറുണ്ട്. ഈ മുദ്രാവാക്യങ്ങളും
അവ മുന്‍നിര്‍ത്തിയുള്ള ആചരണങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ ദിശയില്‍ ലോകത്തെ
എത്രത്തോളം മുന്നോട്ടു നയിച്ചു? പരിസ്ഥിതി ദിനം ആഗോളാടിസ്ഥാനത്തില്‍ സംഘടിതമായി
ആചരിക്കാന്‍ തുടങ്ങിയ 1972 നും 2013 നും ഇടയില്‍ ഭൂമി കൂടുതല്‍ ജീവിത യോഗ്യമായി
മാറിയോ? തലമുറകള്‍ക്കായി സംരക്ഷിച്ചു പുലര്‍ത്തേണ്ട മനുഷ്യന്റെ ഏക വാസഗൃഹമായ
ഭൂമിയുടെ ഇന്നത്തെ സ്ഥിതി എന്താണ്? ഇത്തരം ചോദ്യങ്ങളാണ് പരിസ്ഥിതി ദിനത്തില്‍
ലോകത്തെവിടെയുമുള്ള ചിന്തിക്കുന്ന മനുഷ്യരുടെ മനസില്‍ ഉയരുന്നത്.
അവയ്ക്കുള്ള ശരിയായ ഉത്തരം കണ്ടുപിടിച്ചുകൊണ്ടുമാത്രമേ പരിസ്ഥിതി
സംരക്ഷണത്തിന്റെ കടമകളോട് നീതികാണിക്കാന്‍ കഴിയു.
ചിന്തിക്കുക ഭക്ഷിക്കുക
സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് 2013 ലെ പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്ര
സഭ ഉയര്‍ത്തുന്നത്. ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതകള്‍ രാജ്യങ്ങള്‍ തോറും
ജനങ്ങളെ വേട്ടയാടുമ്പോള്‍ ഈ മുദ്രാവാക്യം സവിശേഷപഠനവും പരിഗണനയും അര്‍ഹിക്കുന്നു.
ആഗോളതാപനത്തിന്റെ ഈ ദിനങ്ങള്‍ ഭക്ഷ്യസുരക്ഷക്കു മുമ്പില്‍ ഉയര്‍ത്തുന്ന കടുത്ത
വെല്ലുവിളികള്‍ ആര്‍ക്കാണ് അവഗണിക്കാന്‍ കഴിയുക? ഭക്ഷ്യ കലാപങ്ങളെക്കുറിച്ചും
ഭക്ഷ്യ അഭയാര്‍ഥികളെക്കുറിച്ചും ഉയര്‍ന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ്
ഈ മുദ്രാവാക്യത്തെ ലോകം ഉള്‍ക്കൊള്ളുന്നത്.
ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട
പാരിസ്ഥിതിക ഘടകങ്ങളെല്ലാം ഈ പഠനത്തില്‍ നിര്‍ണായകമായി തീരുന്നു. ജലസംരക്ഷണവും
വനസംരക്ഷണവും വയല്‍-തണ്ണീര്‍ത്തട സംരക്ഷണവും എല്ലാം ഭക്ഷ്യസുരക്ഷയുമായി
അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
അതുപോലെ പ്രധാനമാണ് ഈ ദിനങ്ങളില്‍ നമ്മുടെ
ഭക്ഷണശീലങ്ങളും. മനുഷ്യരാശി ഇനിയങ്ങോട്ട് ജീവിക്കേണ്ടത് ആഗോളതാപനം ഉയര്‍ത്തുന്ന
വെല്ലുവിളികളെ മുഖാമുഖം നേരിട്ട് കൊണ്ടുതന്നെയാണ്. ഭക്ഷണശീലങ്ങളടക്കം
എല്ലാറ്റിനെയും അതനുസരിച്ച് ക്രമീകരിക്കാന്‍ മനുഷ്യര്‍ സജ്ജമായേ തീരു. വിശപ്പാണ്
ഭൂമിയിലെ ബഹുകോടി ജനങ്ങളുടെ ഏറ്റവും പൊള്ളുന്ന ജീവിതാനുഭവം, ഒരു ഭാഗത്ത്
വിശപ്പും ദാരിദ്ര്യവും കൊടുമ്പിരികൊള്ളുമ്പോള്‍ മറ്റൊരു കോണില്‍ സമ്പന്നതയുടെ
ചെറുതുരുത്തുകളില്‍ ചെറു ന്യൂനപക്ഷം ആര്‍ഭാടത്തിലും ധൂര്‍ത്തിലും തിമിര്‍ത്തു
മദിക്കുകയാണ്.
അഞ്ചു വയസിനു താഴെയുള്ള 20,000 ത്തില്‍പ്പരം
കുട്ടികളാണ് ഓരോ ദിവസവും വിശപ്പുമൂലം മരിച്ചു വീഴുന്നത്. അട്ടപ്പാടിയിലെ
കുഞ്ഞുങ്ങളും ആഫ്രിക്കയിലെ കുഞ്ഞുങ്ങളും ഏഷ്യയിലെയും യൂറോപ്പിലെയും
ദരിദ്രരാജ്യങ്ങളിലെ കുഞ്ഞുങ്ങളും ഇതില്‍പെടും. വളര്‍ച്ചയെപ്പറ്റിയും
വികസനത്തെപറ്റിയും വലിയ അവകാശവാദങ്ങള്‍ നാം എന്നും കേള്‍ക്കുന്നു. അതേ സമയം
ലോകത്തിലെ ഏഴുപേരില്‍ ഒരാള്‍ നിത്യേന ഉറങ്ങാന്‍ കിടക്കുന്നത് വിശപ്പുമാറാത്ത
വയറുമായാണ്. ഈ സത്യം നിലനില്‍ക്കെയാണ് പ്രതിവര്‍ഷം മനുഷ്യര്‍ നഷ്ടപ്പെടുത്തുന്ന
1.3 ലക്ഷം കോടി ടണ്‍ ആഹാര വസ്തുക്കളെപ്പറ്റി കണക്കുകള്‍ പുറത്തുവരുന്നത്.
ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിന്റെ സാമൂഹികാര്‍ഥം
എത്ര വലുതാണെന്ന് ഇത് വിളിച്ചു പറയുന്നു.
![](https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTZYInm0ygp5qC0cHeWJ_gQU9kzF7XpkCsTP8FXcbbErNSdfZSd)
പരിസ്ഥിതി ദിനം നിരര്‍ഥക പ്രഖ്യാപനങ്ങളുടെ
ദിനമായാണ് ആഗോളവല്‍ക്കരണത്തിന്റെ ബന്ധുക്കള്‍ ലോകത്തെവിടെയും മനസിലാക്കുന്നത്.
മൂലധന പ്രഭുക്കളുടെ സീമയില്ലാത്ത ലാഭാര്‍ത്തിക്കുമുന്നില്‍ 364 ദിവസവും
മുട്ടുകുത്തിയിട്ട് 365-ാം ദിവസം പരിസ്ഥിതിക്കുവേണ്ടി മുതലക്കണ്ണീര്‍
പൊഴിക്കുകയാണ് അത്തരക്കാര്‍. ലാഭത്തെ ദൈവമായി കാണുന്ന മുതലാളിത്തത്തിന്റെ
അക്രമാസക്തമായ ഇടപെടലുകള്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം
അവര്‍ കാണുകയില്ല. ഭൂമിയുടെ നെഞ്ചകം പിളര്‍ന്ന് എല്ലാം കവര്‍ന്നെടുക്കുന്ന
കൊള്ളക്കാരെയാണ് വികസനത്തിന്റെ മാലാഖമാരായി മുതലാളിത്ത ഭരണകൂടങ്ങള്‍
ലോകത്തെല്ലായിടത്തും പുകഴ്ത്തുന്നത്. ശുദ്ധവായുവും ശുദ്ധ ജലവും നിഷേധിക്കുന്ന
ലാഭകേന്ദ്രീകൃതമായ വികസന നയത്തിന്റെ സന്തതിയാണ് ആഗോള താപനം എന്ന സത്യം
അംഗീകരിക്കാന്‍ അവര്‍ക്കു മനസില്ല. 99 ശതമാനം ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന
ആഗോളവല്‍ക്കരണവും പ്രകൃതിയെ ചുട്ടുപൊള്ളിക്കുന്ന ആഗോളതാപനവും തമ്മിലുള്ള ബന്ധം
കാണാന്‍ അവര്‍ക്കു കണ്ണില്ല. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയും പശ്ചിമഘട്ടവും
തമ്മിലുള്ള ജൈവബന്ധമെന്താണെന്ന് അവര്‍ക്കു മനസിലാവുകയില്ല. പരിസ്ഥിതി ദിനം
ആവശ്യപ്പെടുന്നത് പ്രകൃതിയും മനുഷ്യനും വികസനവും ഭാവിയും തമ്മിലുള്ള
പാരസ്പര്യത്തിന്റെ യഥാര്‍ഥ പാഠങ്ങള്‍ പഠിക്കണമെന്നാണ്. അതുതന്നെയാണ്
പരിസ്ഥിതിയുടെ രാഷ്ട്രീയം. വികസനമുണ്ടാകണം; പക്ഷേ പ്രകൃതിയെ ചവിട്ടിമെതിച്ചു
കൊണ്ടല്ല വികസനമുണ്ടാക്കേണ്ടതെന്ന് ആ രാഷ്ട്രീയം വ്യക്തമാക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment