Pages

Saturday, July 6, 2013

MALAYALAM- CLASSICAL LANGUAGE

          മലയാള ഭാഷ ശ്രേഷ്ഠ ഭാഷ 
മലയാള ഭാഷയ്ക്കു ശ്രേഷ്ഠ പദവി ലഭിച്ചതില്‍ അഭിമാനം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികൾ  അഭിമാനം  കൊള്ളുന്നു .ശ്രേഷ്ഠ  ഭാഷാ  പടവിക്കുവേണ്ടി  പ്രവർത്തിച്ച  സാഹിത്യകാരന്മാരെയും  നേതാക്കളെയും  അഭിനന്ദിക്കുന്നു .  ഈ വലിയ ഭൂഗോളത്തിന്റെ വളരെ ചെറിയ കോണില്‍ 4 കോടിയോളം മനുഷ്യര്‍മാത്രം സംസാരിക്കുന്ന ഭാഷയാണ് മലയാളം. പക്ഷേ, അതിന്റെ ചരിത്രവും പാരമ്പര്യവും വ്യാകരണവും സാഹിത്യവുമെല്ലാം ലോകത്തിലെ ഏതു വികസിത ഭാഷയോടും കിടപിടിക്കാന്‍ പോന്നതാണ്. പ്രകാശമാനമായ ഭാവിക്കുവേണ്ടി കൊതിക്കുന്ന ഒരു ജനതയുടെ സാംസ്‌ക്കാരിക ചൈതന്യത്തെ രൂപപ്പെടുത്തുന്നതില്‍ മലയാളഭാഷ ഗംഭീരമായ പങ്കുവഹിച്ചു. അതെല്ലാമാണ് വൈകിയെങ്കിലും ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നത്.
തെക്കന്‍ ഭാരതത്തിലെ ആദിമ ദ്രാവിഡ ഗോത്രഭാഷകള്‍ നാലെണ്ണമാണുള്ളത്. അവയില്‍ തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കു ശ്രേഷ്ഠ പദവി നേരത്തേ തന്നെ ലഭിച്ചിരുന്നു. പഴമയെ സംബന്ധിച്ച് ഏതോ പണ്ഡിത കേസരികള്‍ ഉയര്‍ത്തിയ സംശയത്തിന്റെ പേരില്‍ മലയാളം മാത്രം പിന്തള്ളപ്പെടുകയായിരുന്നു. തങ്ങളുടെ ഗവേഷണ പാണ്ഡിത്യത്തിന്റെ ഭാരം മൂലം ദൂരക്കാഴ്ച നഷ്ടപ്പെട്ടവര്‍ മറന്നുപോയത് ഭൂതകാലത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ അവസാനവാക്ക് പറയുന്നത് പലതവണ ഉറപ്പുവരുത്തിയിട്ടാകണമെന്ന മൗലിക തത്വമാണ്. എന്തായാലും അവകാശപ്പെട്ട അംഗീകാരം ലഭിക്കാന്‍ മലയാളത്തിനു അവര്‍ കാലതാമസമുണ്ടാക്കി. മേനംകുളത്തെ 'ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സിലെ ഭാഷാപണ്ഡിതന്മാര്‍ ഗവേഷണപഠനങ്ങളിലൂടെ തന്നെയാണ് ആ തെറ്റ് തിരുത്തിയത്. ശ്രേഷ്ഠ പദവിയിലേയ്ക്കു   നേരത്തേ തന്നെ എത്തിയ തമിഴ് ഭാഷയുടെയത്രയും പഴക്കം മലയാളത്തിനുമുണ്ടെന്ന് അവര്‍ കണ്ടെത്തി. തമിഴിലെ സംഘമഹാകാവ്യത്തിലെ ചിലപ്പതികാരത്തിന്റെ പൈതൃകം കേരളത്തിനും അവകാശപ്പെട്ടതാണെന്നു ആ ഗവേഷകര്‍ സ്ഥാപിച്ചു. ചിലപ്പതികാര കര്‍ത്താവായ ഇളങ്കോവടികള്‍ കൊടുങ്ങല്ലൂര്‍ ഭരിച്ച ചേരചക്രവര്‍ത്തിയുടെ അനുജനായിരുന്നുവെന്നതിനുപുറമേ, മറ്റുവാദങ്ങളും അവര്‍ക്കു സമര്‍ഥിക്കാനുണ്ടായിരുന്നു. ചിലപ്പതികാരത്തിലെ  വഞ്ചികാണ്ഡത്തിലെ നിരവധി പദങ്ങള്‍ ഇന്നു തമിഴില്‍ പ്രയോഗത്തിലില്ലെങ്കിലും മലയാളത്തിലെ സംസ്‌കാരഭാഷയില്‍ അവ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഈ സത്യങ്ങളെല്ലാം ഇരിക്കെ സ്വന്തം ഭാഷയ്ക്കു പഴക്കം പോരെന്നു വിധിയെഴുതിയവര്‍ ആ തെറ്റ് ഇനിയെങ്കിലും തിരുത്തട്ടെ.
ശ്രേഷ്ഠ പദവിലബ്ധി ഭാഷയെ സംബന്ധിച്ച് മഹത്തായ ഒരു മുന്നേറ്റഘട്ടം തന്നെയാണ്. എന്നാല്‍ ആ പദവിയെ ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി നാം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് നിര്‍ണായകം. 100 കോടിരൂപ ലഭിക്കുമ്പോള്‍ സാധാരണ സര്‍ക്കാര്‍ മുറപോലെ അതു ചിലവഴിക്കാന്‍ പദ്ധതി ഇടുന്നവര്‍ ഇപ്പോള്‍ തന്നെ സജീവമായിട്ടുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ മികവിന്റെ കേന്ദ്രം ആരംഭിക്കുമ്പോള്‍, യു ജി സി സഹായത്തോടെ മലയാളം ചെയര്‍ സ്ഥാപിക്കുമ്പോള്‍ അവിടെയെല്ലാം കയറിപ്പറ്റാന്‍ കാത്തിരിക്കുന്നവര്‍ ഇതിനോടകം തന്നെ ബയോഡേറ്റകളുടെ കോപ്പികള്‍ എടുത്തിട്ടുണ്ടാകും. പലപ്പോഴും അവര്‍ തള്ളിപ്പറയാറുള്ള 'രാഷ്ട്രീയക്കാരില്‍' ആരുടെ കാലാണു ഇതിനുവേണ്ടി പിടിക്കേണ്ടതെന്ന ആലോചനയില്‍ അവര്‍ തലപുകയ്ക്കുകയായിരിക്കും. അത്തരം കസേര നോക്കികളുടെ ഭാവനാശൂന്യമായ പ്രവര്‍ത്തനങ്ങളായിരിക്കരുത് നമ്മുടെ ശ്രേഷ്ഠ ഭാഷയുടെ ഗതിനിര്‍ണയിക്കേണ്ടത്. പതിവ് സര്‍ക്കാര്‍ശൈലിയും ചുവപ്പുനാടയും മെല്ലെപ്പോക്കും വഴിമുടക്കാത്ത സര്‍ഗാത്മകതയുടെ ലോകത്തിലേയ്ക്കു വേണം മലയാളം ഇനി കുതിച്ചുമുന്നേറാന്‍.
മാറുന്ന ലോകവും പുതിയ ജീവിതവും ഒരേസമയം വെല്ലുവിളിയും സാധ്യതയുമാണ്. വളരുന്ന ജീവിതത്തിന്റെ താളലയങ്ങള്‍ക്കൊപ്പം ഭാഷയും വളരണം. മൃതാക്ഷരങ്ങളുടെയും വിരസശൈലികളുടെയും തടവില്‍ ഭാഷ ശ്വാസം മുട്ടാന്‍ അനുവദിക്കരുത്. സത്യത്തിന്റെയും സമത്വത്തിന്റെയും അധ്വാനത്തിന്റെയും നീതിബോധമാണ് നമ്മുടെ ഭാഷയ്ക്കു ഉയര്‍ത്തിപ്പിടിക്കാനുള്ളത്. ജീവിതവുമായുള്ള ബന്ധത്തില്‍ നിന്നാണ് ഭാഷ അതിനുള്ള ഊര്‍ജം സംഭരിക്കേണ്ടത്. ആ അര്‍ഥത്തില്‍ മലയാളത്തെ സര്‍ഗാത്മകമായി വളര്‍ത്താനുള്ള ചുമതലയാണ് ശ്രേഷ്ഠ ഭാഷാപദവിയോടൊപ്പം നാം ഏറ്റുവാങ്ങേണ്ടത്.
പെറ്റമ്മയെ പോലെയാണ് മാതൃഭാഷ എന്ന് ഭംഗി വാക്കുപറയുമ്പോഴും ഹൃദയശൂന്യമായ ലാഭമോഹത്തിന്റെ സംസ്‌ക്കാരം നമ്മുടെ ഭാഷാഭിമാനത്തെ പിറകോട്ടു വലിക്കുന്നതു കാണാതിരുന്നുകൂടാ. ഒരുതരം അടിമ മനോഭാവത്തോടെയാണ് മലയാളികള്‍ പലരും ഇംഗ്ലീഷിനെ വണങ്ങുന്നത്. ആദാനപ്രദാനങ്ങളിലൂടെ തന്നെയാണു ഭാഷകള്‍ വളരുന്നത്. ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ യുഗത്തില്‍ ഭാഷ അവയോട് ക്രിയാത്മകമായി പ്രതികരിക്കണം. ഭരണഭാഷയും വ്യവഹാരഭാഷയും മലയാളമാക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴും തരംതാണ ഒരു സങ്കോചം അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. അത് കുടഞ്ഞെറിയുക തന്നെ വേണം. ഭരണത്തിന്റെ ഏതു സങ്കീര്‍ണതയും കൈകാര്യം ചെയ്യാന്‍ മലയാളത്തിനു കെല്‍പ്പുണ്ടെന്ന് ഭരിക്കുന്നവര്‍ക്കു തിരിച്ചറിവുണ്ടാകണം. കോടതികളിലെ ഭാഷ കക്ഷികള്‍ക്കെല്ലാവര്‍ക്കും മനസിലാകുന്ന മാതൃഭാഷയാകണം. അവിടെ ഇംഗ്ലീഷിനു കല്‍പിക്കുന്ന അധീശത്വം ഇംഗ്ലീഷറിയാത്ത പാവങ്ങളോടുള്ള അവഗണനയുടെ പ്രതിഫലനം കൂടിയാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ എല്ലാഘട്ടങ്ങളിലും മലയാളത്തിന് അര്‍ഹിക്കുന്ന മാന്യതയും അംഗീകാരവും ഉണ്ടാകണം. മലയാളം പറഞ്ഞാല്‍ പിഴ ഇടുന്ന വിദ്യാലയങ്ങള്‍ പൂട്ടിക്കുക തന്നെവേണം. ശ്രേഷ്ഠഭാഷ ശ്രേഷ്ഠ സംസ്‌ക്കാരവും ആവശ്യപ്പെടുന്നു. ഭാഷാപരമായ പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയണമെന്ന് ആ സംസ്‌ക്കാരം നമ്മളോട് ആവശ്യപ്പെടുന്നു. മലയാളിയുടെ സ്വത്വബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടയാളമാണ് 'അമ്മ മലയാളം'. ശ്രേഷ്ഠമായ സകലതിന്റെയും ഉറവിടമായി അതിനെ വളര്‍ത്തി എടുക്കാന്‍ നമുക്കു പ്രതിജ്ഞാബദ്ധരായി മുന്നോട്ടുപോകാം

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: