Pages

Tuesday, July 2, 2013

E-WASTE- A PROBLEM

        ഇ-മാലിന്യം സമൂഹത്തിന്  ഒരു  വൻ 

                     ബാധ്യത ആയി  മാറും 

ഇലക്ട്രിക്-ഇലക്‌ട്രോണിക് അവശിഷ്ടങ്ങള്‍ (ഇ-മാലിന്യം) മനുഷ്യര്‍ക്കും പരിസ്ഥിതിക്കും കടുത്ത ദോഷം ചെയ്യുന്നവയാണ്. ഇത്  സമൂഹത്തിന്  ഒരു  വൻ  ബാധ്യത  ആയി  മാറും . ഈ പ്രശ്‌നം കേരളമടക്കം പല സംസ്ഥാനങ്ങളിലും രൂക്ഷമായിട്ടും പരിഹരിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കമ്പ്യൂട്ടറുകളിലെയും മൊബൈല്‍ ഫോണുകളിലെയും ചില ഘടകങ്ങള്‍ മാരകമായ രോഗങ്ങളുണ്ടാകാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതിനാല്‍ ഇ-മാലിന്യവും പെരുകിക്കൊണ്ടിരിക്കുന്നു. അന്‍പതിനായിരം ടണ്‍ ഇ-മാലിന്യമാണ് ഇന്ത്യയില്‍ ഓരോവര്‍ഷവും പുറന്തള്ളപ്പെടുന്നത്. ഇത് തുടര്‍ന്നാല്‍ നാടിന്റെ സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ കൊച്ചിയടക്കം പല നഗരങ്ങളിലും ഇ-മാലിന്യം വന്‍തോതില്‍ പുറന്തള്ളപ്പെടുന്നു. വേണ്ടത്ര പഠനമോ വ്യാപകമായ ബോധവത്കരണമോ നേരത്തേ ഉണ്ടാകാത്തതാണ് പ്രശ്‌നം ഇത്ര രൂക്ഷമാകാന്‍ കാരണം. അടുത്തകാലത്താണ് ബോധവത്കരണത്തിനുള്ള ശ്രമങ്ങള്‍ കുറച്ചെങ്കിലുമുണ്ടായത്. എന്നാല്‍, മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും മതിയായ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

മാലിന്യശേഖരണത്തിന് കേരളത്തില്‍, പാലക്കാട്ട് ഒരു കേന്ദ്രം മാത്രമേയുള്ളൂ. പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാലിന്യങ്ങള്‍ പോലും ഈ കേന്ദ്രംവഴി ശേഖരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ പ്രശ്‌നം ഒരു ചെറിയ പരിധിവരെ മാത്രമേ പാലക്കാട്ടെ കേന്ദ്രത്തിന് പരിഹരിക്കാനാവൂ. സ്വകാര്യ കമ്പനികള്‍ പണം ഈടാക്കിയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പലരും ഇതിന് പണം മുടക്കാന്‍ തയ്യാറാകുന്നില്ല. ഇതും മാലിന്യം പെരുകാന്‍ കാരണമാകുന്നുണ്ട്. ഐ.ടി. നഗരമായ കൊച്ചിയില്‍ താമസിയാതെ ഇ-മാലിന്യശേഖരണ കേന്ദ്രം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നത്തിന് അതുവഴി പരിഹാരമാകുമെന്ന് ആശിക്കാം. കെ.എസ്.ഐ.ഡി.സി.ക്ക് പങ്കാളിത്തമുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് ഇതിന് തുടക്കം കുറിക്കുന്നത്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ആദ്യഘട്ട അനുമതി ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ കൊച്ചി നഗരത്തില്‍ മാലിന്യം ശേഖരിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.കേരളത്തിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ശേഖരണകേന്ദ്രങ്ങള്‍ അനിവാര്യമാണ്. 

ഉപേക്ഷിക്കുന്ന കമ്പ്യൂട്ടറുകള്‍, ട്യൂബ്‌ലൈറ്റുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പരിസ്ഥിതിക്ക് ഭീഷണിയായി പല സ്ഥലങ്ങളിലും കുന്നുകൂടുകയാണ്.പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളവ എടുത്തശേഷം ആക്രിക്കച്ചവടക്കാര്‍ വലിച്ചെറിയുന്ന അവശിഷ്ടങ്ങളും പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. കുഴിച്ചിടുകയോ എവിടെയെങ്കിലും കൂട്ടിയിടുകയോ ചെയ്യുന്ന ഈ മാലിന്യത്തിലെ വിഷാംശങ്ങള്‍ മണ്ണിലേക്കിറങ്ങി ഭൂഗര്‍ഭജലത്തില്‍പ്പോലും കലരാനിടയുണ്ട്. ഇത് കുടിവെള്ളവും മലിനമാക്കും. ഈ സാഹചര്യത്തില്‍, വേണ്ടത്ര ശേഖരണകേന്ദ്രങ്ങള്‍ ഗ്രാമ, നഗര ഭേദമില്ലാതെ സ്ഥാപിക്കുകയാണ് വേണ്ടത്. ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അവയുടെ ദുഷ്ഫലങ്ങള്‍ക്കെതിരെ കരുതലെടുത്തുകൊണ്ടാവണം. ഇക്കാര്യത്തില്‍, ഉത്പാദകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കാന്‍ നേരത്തേ അധികൃതര്‍ ആലോചിച്ചിരുന്നുവെങ്കിലും ആവഴിക്ക് കാര്യമായ നീക്കങ്ങള്‍ ഉണ്ടായില്ല. ഇ-മാലിന്യങ്ങളില്‍ അപകടകാരികളായ അംശങ്ങള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് പരസ്യങ്ങളിലൂടെയും മറ്റും അവബോധമുണ്ടാക്കാന്‍ ഉത്പാദകരെ ബാധ്യസ്ഥരാക്കണമെന്ന നിര്‍ദേശവും വേണ്ടവിധം നടപ്പായില്ല. ഉത്പാദകരും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം സഹകരിച്ചാലേ മാലിന്യ നിര്‍മാര്‍ജനം സാധ്യമാകൂ.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: