Pages

Monday, July 22, 2013

കേരളം- കുട്ടികൾക്ക്‌ നേരെയുള്ള പീഡനങ്ങളുടെ സ്വന്തം നാട്

കേരളം- കുട്ടികൾക്ക്‌ നേരെയുള്ള
പീഡനങ്ങളുടെ സ്വന്തം നാട്

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് ഉല്‍കണ്ഠയുളവാക്കുന്നു. കുഞ്ഞുങ്ങള്‍ ഭാവിതലമുറയാണെന്ന യാഥാര്‍ഥ്യം മറന്നു പോകുന്നതുപോലെതോന്നുന്നു . കേരള സമൂഹത്തിന് സംഭവിച്ചിരിക്കുന്ന ധര്‍മ്മച്യുതി ഇവിടുത്തെ രാഷ്ട്രീയസാമൂഹ്യമതസംഘടനകളും ഭരണകൂടവും ഒരുമിച്ചിരുന്ന് വിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാകാത്ത സാക്ഷരതയും സാമൂഹ്യ നീതിയും കേരളത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. നാമൊക്കെ ഊറ്റം കൊള്ളുന്ന പുരോഗമന ആശയങ്ങളെയും നടപടികളേയും പുറകോട്ടടിപ്പിക്കും വിധമാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്‌.
 അഴിമതി വീരന്മാരും മാഫിയ സംഘവും കേരളത്തിൽ അഴിഞ്ഞാടുകയാണ്.ഇതിന്റെ ഫലമായി സാമൂഹ്യ സുരക്ഷ ഇല്ലാതായി. സമൂഹത്തില്‍ ഒഴുക്കുന്ന കള്ളപ്പണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബങ്ങളിലേക്ക് പടര്‍ന്നു കയറി മനുഷ്യബന്ധങ്ങള്‍ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു.  മദ്യവും മയക്കുമരുന്നും യഥേഷ്ടം വിതരണം ചെയ്യപ്പെടുന്നതും തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നതും കാരണം ഏറ്റവുമധികം അരക്ഷിതരാകുന്നത് കുട്ടികളും സ്ത്രീകളുമാണ്.
പിഞ്ചുകുഞ്ഞ് തൊട്ട് വൃദ്ധരായ സ്ത്രീകള്‍ വരെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകുന്ന പരമ്പര തന്നെ കഴിഞ്ഞ കുറേ നാളുകളായി കേരളീയ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. 2012 ല്‍ പത്തുമാസത്തിനിടയ്ക്ക് 286 പെണ്‍കുട്ടികള്‍ കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുകയുണ്ടായി. സ്‌കൂള്‍ കുട്ടികള്‍ ശാരീരിക ലൈംഗിക പീഡനത്തിനിരയാകുന്നത് സംബന്ധിച്ച് അറിയാന്‍ 1500 സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയ സൗജന്യ ഫോണ്‍ലൈനിലൂടെ വെളിവാക്കപ്പെട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇതില്‍ 95 ശതമാനം പീഡനങ്ങളും രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നാണെന്നത് അതിലേറെ നടുക്കുന്ന വെളിപ്പെടുത്തലാണ്.
കുടുംബത്തിനകത്തും കുട്ടികള്‍ ഇടപഴകുന്ന കേന്ദ്രങ്ങളിലും മറ്റു പണിസ്ഥലങ്ങളിലും ട്യൂഷന്‍ സെന്ററുകളിലും ഒക്കെ ഇവര്‍ വിവരിക്കാനാവാത്ത തരം ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന പിതാവിന്റെയും രണ്ടാനമ്മയുടേയും രണ്ടാനച്ഛന്റേയും മുത്തശ്ശിയുടേയുമൊക്കെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതകളെക്കുറിച്ച് വിലപിക്കുമ്പോള്‍ തന്നെ അവയ്ക്ക് വളമാകുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ മറക്കരുത്. ഇതൊരു സ്വഭാവ വൈകൃതമോ മനോരോഗമോ ആയി ലഘൂകരിക്കുന്നതും അപകടമാണ്.
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം മലയാളി സമൂഹത്തിന്റെ ഘടനയില്‍ വന്ന മൗലിക മാറ്റങ്ങളുടെ ആകെത്തുകയാണെന്ന യാഥാര്‍ഥ്യം നാമും തിരിച്ചറിയേണ്ടതുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കും പെട്രോള്‍, ഡീസല്‍ പാചക വാതകങ്ങള്‍ക്കുമുള്ള വിലയിലെ വര്‍ധനവ് മനുഷ്യന്റെ മേല്‍ ചെലുത്തുന്ന പ്രതികരണം എന്താണെന്ന് ഭരണകൂടമോ അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികളോ ചിന്തിക്കുന്നുണ്ടോ? അവരുടെ സാമൂഹ്യ ഉത്തരവാദിത്വം ആരോടാണെന്നത് ഇന്ന് കേരളം നേരിടുന്ന സാംസ്‌കാരിക അധഃപതനത്തിന് മുഖ്യകാരണമാണ്.  നിയമവും നിയമപാലകരും ഒരിക്കലും നോക്കുകുത്തികളാകരുത്.
കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാൻ മുന്നിട്ടിറങ്ങണം.  

                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: