Pages

Thursday, July 25, 2013

അമിത പ്രകൃതിചൂഷണം അവസാനിപ്പിക്കണം

                അമിത പ്രകൃതിചൂഷണം

                  അവസാനിപ്പിക്കണം

അമിത പ്രകൃതി ചൂഷണം അവസാനിപ്പിക്കണം.അശാസ്ത്രീയ യ പ്രകൃതിചൂഷണത്തിന്റെ ഫലമാണ് ചൊവ്വാഴ്ച(ജൂലൈ23ന് ) പെരുമ്പാവൂരിനടുത്ത് വെങ്ങോലയിലുണ്ടായ പാറമട അപകടം. ഇത് ഉരുൾപൊട്ടലിനും കാരണമാകുന്നു. അവിടെ മട ഇടിഞ്ഞ് 4 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പാറപൊട്ടിക്കാന്‍ കരാറെടുത്ത കോണ്‍ട്രാക്ടറും കാണാതായവരില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ പുലര്‍ച്ചെ കല്ലുകയറ്റാന്‍ വാഹനവുമായി പാറമടയില്‍ എത്തി പണി തുടങ്ങിയപ്പോള്‍ മുകളില്‍നിന്ന് വലിയ പാറക്കല്ല് വീണു. കരിങ്കല്ലുകള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച എസ്‌കവേറ്ററിനു മുകളിലാണ് കല്ല് വീണത്. നിയമം ലംഘിച്ചാണ് ഈ പാറമട പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 20 മീറ്റര്‍ താഴ്ചയിലേ പാറ പൊട്ടിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും അവിടത്തെ പാറമടയ്ക്ക് 300 മീറ്ററിലധികം താഴ്ചയുണ്ട്. ദൂരപരിധി നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കനത്ത മഴയില്‍ മുകളിലെ മണ്ണ് കുതിര്‍ന്നതാവാം പാറക്കെട്ട് അടര്‍ന്നുവീഴാന്‍ കാരണമായതെന്ന് കരുതുന്നു. ദുരന്തനിവാരണത്തിനോ ദുരന്തമുണ്ടായാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ വേണ്ടത്ര സംവിധാനങ്ങള്‍ പാറമടയിലില്ല. മട പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ വേണ്ടത്ര സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. അപകടമുണ്ടായി ഏറെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പാറക്കല്ലുകള്‍ അവിടെനിന്ന് മാറ്റാന്‍ കഴിഞ്ഞില്ല.

പെരുമ്പാവൂര്‍ ഉള്‍ക്കൊള്ളുന്ന കുന്നത്തുനാട് താലൂക്കില്‍ ഏതാണ്ട് 200 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതിനും ലൈസന്‍സില്ല. അപകടം സംഭവിച്ച പാറമടയ്ക്ക് ലൈസന്‍സുണ്ടെങ്കിലും അവിടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള പല വ്യവസ്ഥകളും പാലിക്കപ്പെട്ടിരുന്നില്ല. കനത്ത മഴയില്‍ മണ്ണിളകി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. ക്വാറി ഉടമകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അത് റദ്ദാക്കി. മഴക്കാലത്ത് ക്വാറികളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. അപകടമുന്നറിയിപ്പുപോലും ഈ മേഖലയില്‍ പാടേ അവഗണിക്കപ്പെടുന്നുവെന്നാണ് ഈ ദുരന്തം വ്യക്തമാക്കുന്നത്. കേരളത്തിലെ പല പാറമടകളിലും അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ നഷ്ടപരിഹാരമോ പലേടത്തും കിട്ടാറില്ല. തൊഴിലാളികളുടെ എണ്ണം, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍പോലും പല ക്വാറികളിലും ഇല്ല. ഉയര്‍ന്ന കൂലിയാണ് തൊഴിലാളികളെ, അപകടകരമായ സാഹചര്യമാണെങ്കിലും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ക്വാറി ഉടമകളുടെ സ്വാധീനത്തിനും സമ്മര്‍ദത്തിനും അധികൃതരില്‍ പലരും വഴങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

തൊഴിലാളികള്‍ക്ക് മാത്രമല്ല, പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും പരിസ്ഥിതിക്കുമെല്ലാം പാറമടകള്‍ ഭീഷണിയാകുന്നു. വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലുകള്‍ക്കുള്ള കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനമാണെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കോടതിവിധികളും ഈ മേഖലയില്‍ വേണ്ടവിധം നടപ്പാക്കുന്നില്ല. ഓരോ ക്വാറിയും പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പ് മൈന്‍ സേഫ്റ്റി വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും കേരളത്തിലെ ക്വാറി ഉടമകളില്‍ പലരും അത് പാലിക്കാന്‍ മടിക്കുന്നു. വെങ്ങോലയിലെ പാറമടയുടെ പ്രവര്‍ത്തനം നിരോധിച്ചതായും ഉടമയ്‌ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടാകുമ്പോള്‍ മാത്രം ചില നടപടികള്‍ എടുക്കുകയും ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം പഴയപടിയാകുകയും ചെയ്യുന്നതാണ് കേരളത്തില്‍ പല രംഗങ്ങളിലും കണ്ടുവരുന്നത്. പാറമടകള്‍ നിബന്ധനകള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കേണ്ടവര്‍ അവരുടെ ചുമതലകള്‍ നിറവേറ്റിയാല്‍ ഇത്തരം അപകടങ്ങള്‍, വലിയൊരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയും. വെങ്ങോല സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാകണം. അനധികൃതമായ പാറപൊട്ടിക്കല്‍, മണല്‍കടത്തല്‍, തുടങ്ങിയവ പലേടത്തും ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെയാണ് നടത്തുന്നത്. പ്രതിഷേധിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും അവര്‍ മടിക്കാറില്ല. ഇവയെല്ലാം ഒഴിവാക്കിയേ മതിയാകൂ. അതിനുതകുന്ന ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഈ മേഖലയിലാകെ ഉണ്ടാകണം.അമിതമായ പ്രകൃതി ചൂഷണം തടയുന്നത് പ്രകൃതി സംരക്ഷണം തന്നെയാണ് എന്ന കാര്യം ഓർക്കണം.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: