Pages

Tuesday, July 9, 2013

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന ബോധഗയ അശാന്തിയുടെ കേന്ദ്രമാക്കി മാറ്റരുത്

ശാന്തിയുടെയും സമാധാനത്തിന്റെയും  സന്ദേശം പകരുന്ന  ബോധഗയ അശാന്തിയുടെ  കേന്ദ്രമാക്കി  മാറ്റരുത് 
ശാന്തിയുടെയും സമാധാനത്തിന്റെയും  സന്ദേശം പകരുന്ന  ബോധഗയ അശാന്തിയുടെ  കേന്ദ്രമാക്കി  മാറ്റരുത് . ശ്രീബുദ്ധന് ബോധോദയം ലഭിച്ച  ബോധഗയയിലും അശാന്തിയുടെ ശബ്ദമുയര്‍ത്തി ബോംബ് സ്ഫോടനങ്ങള്‍ നടന്നിരിക്കുന്നു. ഒന്നല്ല, ഒമ്പത്. നിര്‍വീര്യമാക്കപ്പെട്ടതാകട്ടെ നാലെണ്ണവും. ബോധഗയയിലുണ്ടായ ആക്രമണത്തിന് വന്‍ ലോകശ്രദ്ധയാണ് ലഭിച്ചത്. ശ്രീലങ്കയിലും തായ്ലന്‍ഡിലും ചൈനയിലും മ്യാന്‍മറിലും മറ്റും അതിന്റെ അനുരണനങ്ങളുണ്ടായി.അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ താലിബാന്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിനുശേഷം ഒരു ബുദ്ധമതകേന്ദ്രത്തിനു നേരേയുണ്ടായ ആക്രമണമാണ് ബോധഗയയിലേത്. ബുദ്ധമതക്കാരെ സംബന്ധിച്ച് നാല് പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണിത്. ബുദ്ധന്‍ ജനിച്ച നേപ്പാളിലെ ലുംബിനിയും മഹാപരിനിര്‍വാണംചെയ്ത ഉത്തര്‍പ്രദേശിലെ കുശിനഗരവും ആദ്യപ്രഭാഷണം നടത്തിയ സാരനാഥും പോലെ പ്രസിദ്ധമാണ് ബോധഗയയും. രാജ്യത്ത് ഒരു ബുദ്ധമതകേന്ദ്രത്തിനു നേരേ നടക്കുന്ന ആദ്യ ആക്രമണംകൂടിയാണിത്. അതുകൊണ്ടുതന്നെ ഈ ആക്രമണത്തെ ഗൗരവത്തില്‍ കണക്കിലെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതുണ്ട്. 

ബുദ്ധമതകേന്ദ്രത്തിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും വാദങ്ങളുയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഇപ്പോഴും വിജയിച്ചിട്ടില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണംകൂടിയാണ് ബോധഗയയിലെ സംഭവം. പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സയ്യദ് മഖ്ബൂല്‍, മഹാബോധി ക്ഷേത്രവും ആക്രമിക്കാന്‍ പദ്ധതിയിട്ടതായി അറിയിച്ചിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. മഹാബോധി ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയുണ്ടായതായി മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മെന്‍ ഹെഡ്ലിയും അറിയിച്ചിരുന്നു. ലഷ്കര്‍ ഇ തോയ്ബ ഇതിനായി മഹാബോധി ക്ഷേത്രത്തിന്റെ ചിത്രങ്ങളും മറ്റും എടുത്തിരുന്നുവെന്നും ഹെഡ്ലി വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തല്‍ ശരിയാണെങ്കിലും ഇല്ലെങ്കിലും സുരക്ഷ ശക്തമാക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ബുദ്ധമതകേന്ദ്രമെന്ന നിലയില്‍ പ്രത്യേകിച്ചും. എന്നാല്‍, അതനുസരിച്ചുള്ള സുരക്ഷാസംവിധാനമൊന്നും ബോധഗയയിലില്ലെന്ന് അവിടം സന്ദര്‍ശിച്ച ആര്‍ക്കും ബോധ്യമാകും. ബുദ്ധന്റെ പ്രതിമയുള്ള സ്ഥലത്തേക്ക് കയറുന്നിടത്തുമാത്രമാണ് പൊലീസ് കാവലുള്ളത്. ബുദ്ധന് ബോധോദയം ലഭിച്ചുവെന്നു വിശ്വസിക്കുന്ന വൃക്ഷച്ചുവട്ടിലും മറ്റും ആര്‍ക്കും എന്ത് സാധനവുമായും പ്രവേശിക്കാം. ക്ഷേത്രമാനേജ്മെന്റും ബിഹാര്‍ പൊലീസും സംയുക്തമായാണ് സുരക്ഷാച്ചുമതല വഹിച്ചിരുന്നത്. ഏതായാലും സ്ഫോടന പരമ്പരയെത്തുടര്‍ന്ന് സുരക്ഷാച്ചുമതല പൂര്‍ണമായും ബിഹാര്‍ പൊലീസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. 

ആക്രമണത്തിനു പിന്നിലാരാണെന്ന് ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ല. എല്ലാ ഭീകരാക്രമണത്തിനു പിന്നിലും മുസ്ലിങ്ങളാണെന്ന പതിവു പല്ലവി ആവര്‍ത്തിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെങ്കിലും ഭീകരവാദാക്രമണമാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആരാണ് ഈ ഭീകരവാദികള്‍ എന്നതിന് ഒരു സൂചനയും നല്‍കിയിട്ടില്ല. എങ്കിലും രണ്ട് സംശയങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. മ്യാന്‍മറില്‍ ബുദ്ധമതക്കാരും റൊഹിംഗ്യ മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ് ബോധഗയയിലും കണ്ടതെന്നാണ് ഒരു പക്ഷം. മ്യാന്‍മറില്‍ ബുദ്ധമതക്കാരെ നേരിടാന്‍ കഴിയാത്ത റൊഹിംഗ്യകള്‍ ഇന്ത്യയിലെ ഇസ്ലാം തീവ്രവാദികളെ ഉപയോഗിച്ച് ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്നാണ് വാദം. ഇന്ത്യന്‍ മുജാഹിദീനും ലഷ്കറും മറ്റും ഉള്‍പ്പെടെ പല സംഘടനകളുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ബുദ്ധമത കേന്ദ്രത്തിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഹിന്ദുത്വതീവ്രവാദികളുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ്സിങ്ങാണ് ഈ സംശയം ഉന്നയിച്ചത്. മലേഗാവിലും അജ്മീരിലും മറ്റുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഹിന്ദുതീവ്രവാദികളായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ബിഹാര്‍ രാഷ്ട്രീയത്തില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് ദിഗ്വിജയ്സിങ്ങിനെ നിര്‍ബന്ധിപ്പിച്ചതെന്നു വേണം സംശയിക്കാന്‍ .

രണ്ട് ദശാബ്ദമായി തുടര്‍ന്ന ബിജെപിയുമായുള്ള സഖ്യത്തില്‍നിന്ന് കഴിഞ്ഞമാസമാണ് നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പുറത്തുവന്നത്. ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ ബിജെപി ദേശീയപ്രചാരണസമിതിയുടെ തലവനായി നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നിതീഷ് എന്‍ഡിഎ വിട്ടത്. തങ്ങളെ വഞ്ചിച്ച നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് നരേന്ദ്രമോഡി പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോധഗയയില്‍ സ്ഫോടനപരമ്പരയുണ്ടായത്.ശ്രീലങ്കയില്‍ യാഥാസ്ഥിതിക ബുദ്ധമതക്കാരും തമിഴരും തമ്മിലുള്ള സംഘര്‍ഷവും ഈ സംഭവത്തില്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. ബിഹാറില്‍ നടന്ന ആദ്യ ഭീകരാക്രമണത്തെ ഗൗരവത്തില്‍ കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ബിഹാറിലും യുപിയിലും മധ്യപ്രദേശിലുമുള്ള ബുദ്ധമതകേന്ദ്രങ്ങള്‍ക്കും സുരക്ഷാസംവിധാനം ശക്തമാക്കണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഈ ഏട് സൂക്ഷിക്കാനും സംരക്ഷിച്ചു നിര്‍ത്താനും നടപടികള്‍ ഉണ്ടാകണം. യഥാർത്ഥ  കുറ്റവാളികളെ  കണ്ടെത്തി നിയത്തിനു  മുന്നിൽ  കൊണ്ടുവരണം.

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: