Pages

Monday, July 29, 2013

തട്ടിപ്പിന് തല വച്ചുകൊടുക്കുന്ന മലയാളി

  തട്ടിപ്പിന്  തല വച്ചുകൊടുക്കുന്ന  മലയാളി 

തട്ടിപ്പിന്  തല  വച്ചുകൊടുക്കുന്ന മലയാളി മിക്കപ്പോഴും  ആപത്തിൽ  ചാടുകയാണ് . അതിബുദ്ധിയുള്ള വരാല്‌ വരമ്പത്തേ മുട്ടയിടൂ എന്നൊരു ചൊല്ലുണ്ട്‌. അതുപോലെയാണ്‌അതിബുദ്ധിയുള്ള മലയാളി ആപത്തില്‍ ചാടുന്നത്‌. അതിമോഹം ആപത്താണെന്നറിയാമെങ്കിലും ആ ആപത്തില്‍ ചെന്നു പെട്ടാലേ ചില മലയാളികള്‍ക്ക്‌ 'സ്വസ്‌ഥത'യുണ്ടാകൂ. കുറുക്കു വഴിയിലൂടെ പണം  ഉണ്ടാക്കാനുള്ള   അത്യാര്‍ത്തിയാണ്‌ പലരേയും ഈ കെണിയില്‍ കുടുക്കുന്നത്‌. ഈ ഇലക്‌ട്രോണിക്‌സ് യുഗത്തില്‍ റിംഗ്‌ടോണ്‍ മുഴക്കി തട്ടിപ്പിന്റെ വിളിയൊച്ച നമ്മുടെ കാതുകളില്‍ എത്തുന്നു. ഭാഗ്യവാന്മാര്‍ ആ വിളി അവഗണിക്കുമ്പോള്‍ നിര്‍ഭാഗ്യവാന്മാരും അമിത മോഹികളുമായവര്‍ ആ മണിയടിയില്‍ മയങ്ങി വീഴുന്നു. ഒടുവില്‍ കുടുക്കില്‍പെട്ട്‌ കിടപ്പാടം വരെ നഷ്‌ടപ്പെടാനോ അഴിയെണ്ണാനോ ഉള്ള സാഹചര്യമൊരുങ്ങുന്നു. ഇ-മെയിലിന്റെയും എസ്‌.എം.എസ്‌. സന്ദേശങ്ങളുടെയുമൊക്കെ തുടക്കത്തോടെ തന്നെ 'ഓണ്‍ ലൈന്‍ തട്ടിപ്പു'കളും ആരംഭിച്ചതാണ്‌.
ഒരു മെയില്‍ ഐ.ഡി. സ്വന്തമായുള്ള ഭൂരിപക്ഷം പേരുടെയും ഇന്‍ ബോക്‌സില്‍ ഇത്തരം തട്ടിപ്പുമെയില്‍ വന്നു വീണിട്ടുണ്ടാവും. ഇപ്പോഴും വീഴുന്നുണ്ടാവും. വ്യക്‌തികളുടെ മെയില്‍ ഐ.ഡി. കണ്ടെത്തി വളരെ ആകര്‍ഷകവും വിശ്വസനീയവുമായ ഭാഷയിലുള്ള കത്തയയ്‌ക്കലാണ്‌ ആദ്യപടി. 'താന്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ ഡയറക്‌ടറാണെന്നും ഈ ബാങ്കില്‍ 50 മില്ല്യണ്‍ ഡോളര്‍ അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്നും ഈ പണം അനാഥമായി പോകാതെ അര്‍ഹമായ കൈകളിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളെപ്പോലൊരാള്‍ തീര്‍ച്ചയായും ഇതില്‍ ഒരു വിഹിതം ലഭിക്കാന്‍ അര്‍ഹനാണെന്നു മനസിലാക്കിയതുകൊണ്ടാണ്‌ വിവരമറിയിക്കുന്നതെന്നും താല്‌പര്യമെങ്കില്‍ താങ്കളുടെ വ്യക്‌തമായ വിലാസവും ലാന്‍ഡ്‌ ഫോണ്‍-മൊബൈല്‍ നമ്പരുകളും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉടന്‍ അയച്ചുതരിക' എന്നാവും കത്ത്‌. ഇതുപോലെ വിവിധ രൂപത്തിലും സാഹചര്യത്തിലും ഉള്ള കത്താവും ഓരോരുത്തര്‍ക്കും ലഭിക്കുക. നല്ലൊരു ശതമാനവും ഇതിനെ അവഗണിക്കും. പക്ഷേ, ചിലര്‍ ഡോളറിന്റെ തിളക്കം മനസില്‍ കണ്ട്‌ ആവശ്യപ്പെട്ട രേഖകളെല്ലാം അയച്ചുകൊടുക്കും. അടുത്ത മെയില്‍ ഉടന്‍ വരും. 'പണം താങ്കളുടെ പേരിലേക്ക്‌ ആക്കാനുള്ള നടപടിയാരംഭിച്ചു.
അതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി കുറച്ചു പണം ആവശ്യമുണ്ട്‌. എത്രയും വേഗം അയയ്‌ക്കുക'. അക്കൗണ്ട്‌ നമ്പരും കാണും. പണക്കാരനാകാന്‍ പോകുന്നതിന്റെ തത്രപ്പാടില്‍ കടം മേടിച്ചോ പണയം വച്ചോ തുക അക്കൗണ്ടിലേക്കിട്ടുകൊടുക്കും. ഇര ചൂണ്ടയില്‍ കൊത്തിയെന്നറിഞ്ഞാല്‍ പിന്നെ 'ആഫ്രിക്കന്‍ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ മാനേജര്‍' സംഗതികള്‍ വേഗത്തിലാക്കും. പ്രലോഭനങ്ങളുടെ പെരുമഴ. അതിനൊപ്പം പുതിയ പുതിയ ആവശ്യങ്ങളും. അങ്ങനെ ലക്ഷങ്ങള്‍ അപ്പുറത്തെത്തുമ്പോഴാണ്‌ ഇപ്പുറത്ത്‌ പണക്കൊതി മൂത്ത്‌ പാപ്പരായതിന്റെ വെളിവുണ്ടാകുന്നത്‌.
ഇതുപോലെ തന്നെയാണ്‌ മൊബൈല്‍ സന്ദേശങ്ങളുടെ രൂപത്തിലും തട്ടിപ്പെത്തുന്നത്‌. ലോകത്തിലെ ഏതെങ്കിലും വലിയ കമ്പനികളുടെ പേരു പറഞ്ഞ്‌, അവര്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കളുടെ മൊബൈല്‍ നമ്പരിന്‌ 50000 ഡോളര്‍ സമ്മാനം ലഭിച്ചിരിക്കുന്നു എന്നാവും സന്ദേശം. ഇവിടെയും രേഖകളാവും ആദ്യം ആവശ്യപ്പെടുക. ഇതിലും വീഴുംകുറച്ചുപേര്‍. അവരുടെ അനുഭവം മേല്‍പറഞ്ഞതുതന്നെ. കാശും കൊണ്ട്‌ ബുദ്ധിയുള്ളവന്‍ പോകും.
അടുത്തിടെ നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തിയ കണക്കുകളില്‍ പറയുന്നത്‌ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത്‌ നാലാമതാണെന്നാണ്‌. അതായത്‌ രാജ്യത്തു നടന്ന ആകെ തട്ടിപ്പുകളുടെ എണ്ണത്തില്‍ കേരളത്തിനു നാലാം സ്‌ഥാനം. കഴിഞ്ഞവര്‍ഷം 10 കോടിക്കും 25 കോടിക്കും മധ്യേയുള്ള രണ്ടു തട്ടിപ്പുകേസുകള്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഒരുകോടിക്കും പത്തുകോടിക്കും മധ്യേയുള്ളതാകട്ടെ 34 കേസുകള്‍. ഇതുകൂടാതെ 10 കോടിക്കു താഴെയുള്ള ഏഴു വഞ്ചനാക്കേസുകളും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കേസന്വേഷണത്തിന്റെ പുരോഗതിയിലും കുറ്റപത്രം നല്‍കുന്ന കാര്യത്തിലും കേരളം ഏറെ പിന്നിലാണെന്ന സത്യം വേറെ. ഇതുവരെ 14.6 ശതമാനം കേസുകളില്‍ മാത്രമാണ്‌ കുറ്റപത്രം നല്‍കിയിട്ടുള്ളത്‌. രണ്ടു പതിറ്റാണ്ടു മുമ്പു നടന്ന ആട്‌-തേക്ക്‌, മാഞ്ചിയം കേസുകളില്‍ പോലും ഭൂരിപക്ഷം കേസുകളും ഇനിയും പൂര്‍ത്തിയാകാന്‍ കിടക്കുന്നതേയുള്ളൂ. ഇതില്‍ നിന്ന്‌ ഒരു കാര്യം മനസിലാക്കുന്നതു നന്ന്‌. സ്വന്തം കൈയേ സ്വന്തം തലയ്‌ക്കല്‍ കാണൂ. ആരെങ്കിലും അയയ്‌ക്കുന്ന മെയിലിലോ മെസേജിലോ കുടുങ്ങി കൈയിലുള്ളതുകൂടി വല്ലവര്‍ക്കും കൊടുക്കരുതെന്ന പാഠം സ്വയം പഠിക്കുക; ഓരോരുത്തരും. അതിമോഹം ആപത്തു തന്നെയാണ്‌. തട്ടിപ്പിന്  വിധയരാകുന്നവരിൽ  സമൂഹത്തിലെ  ഉന്നതരും  വിദ്യാ സമ്പന്നരും  ഉൾപെടുന്നു  എന്നതാണ്  ഏറെ  പരിതാപകരം .

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: