Pages

Monday, July 22, 2013

കനത്ത മഴ

ആന്ധ്രയില്‍ കനത്ത മഴ
ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കനത്ത മഴയില്‍ ഡോളേശ്വരം അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ 1,300 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഗോദാവരി നദിയിലെ ജലമൊഴുക്ക് കൂടിയതാണ് അണക്കെട്ട് നിറയാന്‍ കാരണം. ശനിയാഴ്ച സംസ്ഥാനത്ത് വെള്ളപ്പൊക്കം സംബന്ധിച്ച രണ്ടാം മുന്നറിയിപ്പ് നല്‍കിയിരുന്നു.കൊനസീമയില്‍നിന്ന് 700 പേരെയും ദേവീപട്ടണത്തില്‍നിന്ന് 600 പേരെയുമാണ് മാറ്റിത്താമസിപ്പിച്ചത്. ഗോദാവരിയുടെ ഉപനദികളായ ഗൗതമി, വഷിത ഗോദാവരി തുടങ്ങിയവയും നിറഞ്ഞുകവിഞ്ഞു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് രണ്ടായിരം പേരെയാണ് ഒഴിപ്പിച്ചത്. വെള്ളം കയറിയതുമൂലം പല ഗ്രാമങ്ങളിലേക്കുമുള്ള ഗാതാഗതം താറുമാറായി. 90,000 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷിമന്ത്രി കണ്ണ ലക്ഷ്മീനാരായണ അറിയിച്ചു. 765 ഗ്രാമങ്ങളിലെ കൃഷിയെ മഴ ബാധിച്ചതായാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കളക്ടര്‍മാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കം ബാധിച്ച ജില്ലകളില്‍ നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ശനിയാഴ്ച രണ്ടുപേര്‍ കൂടി മരിച്ചതോടെ വെള്ളപ്പൊക്കം ഭീതിവിതച്ച ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 151 ആയി. ഇവിടെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കര്‍ണാടകയില്‍ 39 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. ഏഴ് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്ന് ദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. നദികളുടെ കരയില്‍ താമസിക്കുന്നവരോട് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പ്രളയം കനത്തനാശമുണ്ടാക്കിയ ഉത്തരാഖണ്ഡില്‍ കേദാര്‍നാഥിലെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള പദ്ധതി തയ്യാറായി. ദുരന്തമുണ്ടായി ഒരു മാസത്തിനുശേഷമാണ് ഇതുസംബന്ധിച്ച രൂപരേഖയാകുന്നത്. എന്‍ജിനീയറിങ് പ്രോജക്ട്‌സ് (ഇന്ത്യ) ലിമിറ്റഡാണ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത്. കാലാവസ്ഥയും ഉപകരണങ്ങളുടെ അഭാവവുംമൂലം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടതോടെ വരുംദിവസങ്ങളില്‍ കേരളത്തിൽ മഴ കനക്കും. ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നുമാണ് പ്രവചനം. ഇതുവരെ ലഭിച്ച മഴയുടെ തോതനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടുതലാണ് ഇക്കുറി ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രതിഫലനമാണ് കഴിഞ്ഞദിവസങ്ങളില്‍ പെയ്തമഴ. എന്നാല്‍ ഒറീസ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ കഴിഞ്ഞദിവസം വീണ്ടുമൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഒറീസ തീരത്തേക്ക് കടന്നതിനാല്‍ വീണ്ടും സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ഈ മാസം 26 വരെ മഴയുണ്ടാകും.അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരത്ത് 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പരക്കെ മഴയുണ്ടായി. മൂന്നാര്‍, ഇരിക്കൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ ഏഴ് സെന്‍റിമീറ്ററും വൈക്കം, വടകര, വൈത്തിരി എന്നിവിടങ്ങളില്‍ ആറ് സെന്‍റിമീറ്ററും കരിപ്പൂര്‍, മഞ്ചേരി, വെള്ളാനിക്കര, കുടിലൂര്‍, അമ്പലവയല്‍, കുരുടാമണ്ണില്‍ എന്നിവിടങ്ങളില്‍ അഞ്ച് സെന്‍റിമീറ്ററും മഴ പെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ഇക്കുറി 42 ശതമാനം മഴ അധികം ലഭിച്ചതായാണ് കണക്ക്. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 21 വരെ മാത്രം 164.9 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 





No comments: