Pages

Sunday, July 7, 2013

നൈജീരിയ:-അശാന്തിയുടെ താഴ്‌വര

നൈജീരിയ: അശാന്തിയുടെ താഴ്‌വര
സാമുദായിക-വംശീയ സ്പര്‍ധകള്‍, സൈനിക ഇടപെടലുകള്‍, ഭീകരാക്രമണങ്ങള്‍... നൈജീരിയയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്. ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ വംശീയ-സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. 2002-ല്‍ തുടക്കം കുറിച്ച ബോകോ ഹറം എന്ന തീവ്രവാദി സംഘടനയുടെ നേതൃത്വത്തിലുള്ള നിരന്തര ആക്രമണങ്ങളും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി. അല്‍ഖ്വയ്ദയുമായി സഖ്യത്തിലുള്ള സംഘടനയാണിത്. അവരുടെ അരുംകൊലയുടെ ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച യോബെയില്‍ കണ്ടത്.1960-ല്‍ സ്വാതന്ത്ര്യം നേടി ഏറെത്താമസിയാതെ തന്നെ ആഭ്യന്തരയുദ്ധം നൈജീരിയയില്‍ നാശം വിതച്ചു തുടങ്ങി. എഴുപതുകളുടെ തുടക്കത്തില്‍ ബയാഫ്ര എന്ന പ്രദേശം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് അതിന് ആക്കം കൂട്ടി. ഇതിനിടെ പലതവണ രാജ്യം പട്ടാള അട്ടിമറിക്ക് വേദിയാവുകയും സൈനിക നിയന്ത്രണത്തിന് കീഴിലാവുകയും ചെയ്തു. മുപ്പതു മാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധകാലത്ത് 30 ലക്ഷം ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. തെക്കന്‍, മധ്യ പ്രവിശ്യകളിലായി ക്രിസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ളപ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ മുസ്‌ലിങ്ങളുടെ നിയന്ത്രണത്തിലാണ്. 250-ലധികം വംശീയ സംഘടനകളും രാജ്യത്തുണ്ട്. ഇതില്‍ പ്രമുഖരായ 'ഹോസ' വടക്കും 'ഇഗ്‌ബോ' കിഴക്കും 'യൊറൂബ' പടിഞ്ഞാറും ഭാഗങ്ങളിലായി ശക്തിപ്പെട്ടു നില്‍ക്കുന്നു. വംശീയ-സാമുദായിക ചേരിതിരിവുകളാണ് പലപ്പോഴും നൈജീരിയയെ സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്.എഴുപതുകളോടെ നൈജീരിയ എണ്ണയുത്പാദനത്തില്‍ മുന്‍പന്തിയിലെത്തി. എന്നാല്‍, വരുമാനവര്‍ധനയൊന്നും സാധാരണക്കാരന്റെ ജീവിതനിലവാരത്തെ മുന്നോട്ടു നയിച്ചില്ല. വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും നേട്ടങ്ങളെയെല്ലാം പിന്നോട്ടടിപ്പിക്കുകയും ചെയ്തു. എണ്ണ സബ്‌സിഡി അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ 40 ലക്ഷം കോടി രൂപയുടെ കുംഭകോണം രാജ്യത്ത് അടുത്തിടെ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് രാജ്യത്ത് നടമാടുന്നത്.
സൈന്യത്തിനും സിവിലിയന്‍ സര്‍ക്കാറിനുമിടയില്‍ അധികാരം മാറിമറിഞ്ഞപ്പോള്‍ സാധാരണക്കാരന്റെ ജീവിതം ഇവിടെ തീര്‍ത്തും ദുരിതപൂര്‍ണമായി. യുവാക്കളില്‍ 54 ശതമാനത്തിനും തൊഴിലില്ല. അധികം പേര്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ അപ്രാപ്യമാണ്. 1999-ലാണ് രാജ്യം സൈനിക ഭരണകൂടത്തില്‍നിന്ന് മോചിതമാവുന്നത്. 2010-ലാണ് നിലവിലെ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജോനാഥന്‍ അധികാരത്തിലെത്തുന്നത്. അമേരിക്കന്‍ മോഡലില്‍ പ്രസിഡന്‍റില്‍ അധികാരം നിക്ഷിപ്തമായ ഭരണകൂടമാണ് നൈജീരിയയുടേത്.  നിയമവ്യവസ്ഥകള്‍ പലപ്പോഴും നോക്കുകുത്തിയായ ഇവിടത്തെ പല പ്രദേശങ്ങളിലും മയക്കുമരുന്ന് കള്ളക്കടത്തും കൊലപാതകങ്ങളും നിത്യസംഭവങ്ങളാണ്. 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: