ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍
ചൈന
കിരീടമുറപ്പിച്ചു.
ഏഷ്യന്‍
കിരീടം തുടര്‍ച്ചയായി 16-ാം തവണയും ഉറപ്പിച്ച് പുണെയില്‍ ട്രാക്കിലും ഫീല്‍ഡിലും
ചൈനീസ് അധീശത്വം. ശനിയാഴ്ച പുണെയിലെ ബലേവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ചൈനീസ്
ദേശീയഗാനം മുഴങ്ങിയത് നാലുതവണ. ആശ്വാസത്തിന് ഒരു വെങ്കലം പോലുമില്ലാതെ ഇന്ത്യ
നിരാശപ്പെട്ട ദിവസം നാല് സ്വര്‍ണം ചൈനയിലെത്തി. 12 സ്വര്‍ണവും നാല് വെള്ളിയും
അഞ്ച് വെങ്കലവുമാണ് ചൈനീസ് പട്ടികയിലുള്ളത്. 12 ഫൈനലുകള്‍ കൂടി ശേഷിക്കെ, ബഹുദൂരം
മുന്നിലാണ് ഏഷ്യന്‍ കരുത്തര്‍. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച്
വെങ്കലവുമായി ഇന്ത്യ
ആറാമത് നില്ക്കുന്നു. ട്രാക്കിലും ഫീല്‍ഡിലും പതുങ്ങിയിരിക്കുകയായിരുന്നു
ഇന്ത്യ ശനിയാഴ്ച. മെഡല്‍ ശേഖരത്തിലേക്ക് ഒരു ആശ്വാസ വെങ്കലം പോലുമെത്താതെ,
നിരാശയുടെ സായാഹ്നം. എന്നാല്‍, മീറ്റിലെ ഏറ്റവും സുവര്‍ണദിനമായി ഞായറാഴ്ച
മാറുമെന്ന പ്രതീക്ഷയിലാണ് ടീം ക്യാമ്പ്. മീറ്റിന്റെ അവസാന ദിവസം ഇന്ത്യക്ക്
പ്രതീക്ഷകള്‍ വാനോളമാണ്. 800 മീറ്ററില്‍ ടിന്റു ലൂക്കയും ട്രിപ്പിള്‍ ജമ്പില്‍
രഞ്ജിത് മഹേശ്വരിയും 5,000 മീറ്ററില്‍ കവിത റാവത്ത്, പ്രീജ ശ്രീധരന്‍ എന്നിവരും
മത്സരിക്കുന്നു. 4-400 മീ റിലേകളില്‍നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
മൂന്ന് സ്വര്‍ണമെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
രണ്ട് മീറ്റ് റെക്കോഡുകളടക്കമാണ് ചൈന ശനിയാഴ്ച നാല് സ്വര്‍ണം നേടിയത്.
വനിതകളുടെ പോള്‍വാള്‍ട്ടിലും ജാവലിന്‍ത്രോയിലുമായിരുന്നു ചൈനീസ് താരങ്ങള്‍ പുതിയ
റെക്കോഡ് സ്ഥാപിച്ചത്. പോള്‍വോള്‍ട്ടില്‍ ചൈനീസ് താരം ഗാവോ ഷിയുങ്ങിന്റെ പേരിലെ
ചാമ്പ്യന്‍ഷിപ്പ് റെക്കോഡ് (4.53 മീ) തിരുത്തിക്കൊണ്ടാണ് നാട്ടുകാരിയായ ലിങ് ലി
(4.54) പുതിയ ചരിത്രം കുറിച്ചത്. ഏഷ്യന്‍ റെക്കോഡിനുടമയായ ഗാവോ ഷിയൂങ് 2005-ല്‍
സ്ഥാപിച്ച റെക്കോഡാണ് ലി തിരുത്തിയത്. ചൈനയുടെതന്നെ റെന്‍ മിങ്ക്വിയാന്‍ (4.40)
വെള്ളിയും തായ്‌ലന്‍ഡിന്റെ സുകന്യ ചോംചുവെന്‍ഡി (4.15) വെങ്കലവും നേടി. ഇന്ത്യന്‍താരങ്ങളായ
ഖ്യാത്തി വകാരിയ (3.90) എട്ടാം സ്ഥാനത്തും ദേശീയ റെക്കോഡുകാരി വി.എസ്. സുരേഖ
(3.80) ഒമ്പതാം സ്ഥാനത്തുമാണ് എത്തിയത്. ജാവലിന്‍ ത്രോയില്‍ തായ്‌ലന്‍ഡിന്റെ
ബുവോമാങ് ഫമാങ്ങിന്റെ (58.35 മീ) റെക്കോഡ് 60.65 മീറ്ററായി ചൈനീസ് താരം ലി ലിങ്‌വെയ്
തിരുത്തി. ഫൈനല്‍ റൗണ്ടിലെ മൂന്നവസരങ്ങളിലും ലീ റെക്കോഡിനെ മറികടക്കുന്ന
പ്രകടനമാണ് നടത്തിയത്. രണ്ടാമതെത്തിയ ശ്രീലങ്കന്‍ താരം നദീക്ക ലക്മലി (60.16)യും
നിലവിലെ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തി. ജപ്പാന്റെ റിയാ മിസാഷിറ്റ
(55.30) വെങ്കലം കരസ്ഥമാക്കി. വനിതകളുടെ സ്പ്രിന്റ് റിലേയില്‍ 2002-നുശേഷം ആദ്യമായാണ് ചൈന സ്വര്‍ണം
നേടുന്നത്. കഴിഞ്ഞ രണ്ട് തവണയും ജേതാക്കളായ ജപ്പാനെ പിന്തള്ളി 44.01 സെക്കന്‍ഡില്‍
ചൈന ഫിനിഷ് ചെയ്തു. ജപ്പാന്‍ (44.38) വെള്ളി നേടിയപ്പോള്‍, തായ്‌ലന്‍ഡ്
(44.44) ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനക്കാരായി. പുരുഷ വിഭാഗത്തില്‍ ജപ്പാനെ
അട്ടിമറിച്ച് ഹോങ്കോങ് (38.94 സെ) സ്വര്‍ണം നേടി. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ
ഏറ്റവും വേഗമേറിയ സമയമാണിത്. നിലവിലെ ജേതാക്കളായിരുന്ന ജപ്പാന്‍ (39.11)
രണ്ടാമതെത്തിയപ്പോള്‍, ചൈന (39.17) മൂന്നാമതെത്തി.
വനിതകളുടെ ഷോട്ട്പുട്ടില്‍ ചൈനയ്ക്കാണ് സ്വര്‍ണവും വെങ്കലവും. ലിയു സിയാന്‍ഗ്രോങ്
(18.67 മീ) സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, ഇറാന്റെ ലെയ്‌ല രജാബി (18.18) വെള്ളിയും
ചൈനയുടെ ഗാവോ യാങ് (17.76) വെങ്കലവും നേടി. പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍
നിലവിലെ ലോകചാമ്പ്യന്‍കൂടിയായ ജപ്പാന്റെ കോജി മുറോഫുഷിയുടെ അഭാവത്തില്‍, 2009-ലെ
ചാമ്പ്യന്‍ താജിക്കിസ്താന്റെ ദില്‍ഷോദ് നസറോവ് (78.32മീ) സ്വര്‍ണം നേടി.
കുവൈത്തിന്റെ അലി സെനാക്ക (74.70) വെള്ളിയും ചൈനയുടെ ഒയി ദക്കായി (74.19)
വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ആഷ
റോയ്, ദ്യുതി ചന്ദ്, ശ്രാബണി നന്ദ എന്നിവര്‍ ഫൈനലില്‍ കടന്നു. പുരുഷ വിഭാഗം 800
മീറ്ററില്‍ മഞ്ജിത് സിങ് ഫൈനലിലെത്തിയപ്പോള്‍, മലയാളി താരം സജീഷ് ജോസഫ് ഹീറ്റ്‌സില്‍
പുറത്തായി. രണ്ട് ദിവസമായി നടന്ന ഹെപ്റ്റാത്തലണില്‍ തായ്‌ലന്‍ഡിന്റെ വസാന
വിനാത്തോ സ്വര്‍ണം നേടി. തുടരെ രണ്ടാം തവണയാണ് വനാത്തോ (5818 പോയന്റ്) സ്വര്‍ണം
നേടുന്നത്. ജപ്പാന്റെ ചി കിറിയാമ, ഉസ്‌ബെക്ക്‌സ്താന്റെ യെക്കാത്തറീന വൊറോണിന
എന്നിവര്‍ക്കാണ്‌വെള്ളി, വെങ്കലമെഡലുകള്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment