Pages

Friday, July 19, 2013

ക്രൂരതാ കാട്ടിയ പിതാവും രണ്ടാനമ്മയും മാപ്പർഹിക്കുന്നില്ല

              ക്രൂരതാ കാട്ടിയ  പിതാവും
       രണ്ടാനമ്മയും  മാപ്പർഹിക്കുന്നില്ല 

ഹൃദയത്തില്‍ മനുഷ്യത്വത്തിന്റെ ഒരു ചെറുകണികയെങ്കിലും ഉള്ളവര്‍ ചെയ്യാത്ത ക്രൂരതയാണ്‌ ഇടുക്കി ജില്ലയിലെ ചെങ്കരയില്‍ ഷെഫീഖ്‌ എന്ന അഞ്ചുവയസുകാരനോട്‌ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്നു ചെയ്‌തത്‌. രണ്ടാം വയസു മുതല്‍ ഷെഫീഖ്‌ എന്ന ബാലനനുഭവിച്ച ക്രൂരതയുടെ കഥ കേള്‍ക്കുമ്പോള്‍ ഏതൊരാളുടെ ഹൃദയവും തേങ്ങിപ്പോകും. ക്രൂരതയുടെ പര്യായങ്ങളായ തടങ്കല്‍ പാളയങ്ങളില്‍ തടവുപുള്ളികളോടു ചെയ്യുന്നതിനേക്കാള്‍ കഷ്‌ടമാണ്‌ എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിനോടു ചെയ്‌തത്‌. പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടും ചെയ്‌തികള്‍ക്കു വിധേയനായ ആ കുരുന്നു ജീവന്‍ മരണത്തോടു മല്ലടിക്കുകയാണ്‌. സ്വന്തം രക്‌തത്തില്‍ പിറന്ന കുഞ്ഞിനോട്‌ ഒരു പിതാവിന്‌ ഇത്രയും ക്രൂരത ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു. രണ്ടാനമ്മയെങ്കിലും ഒരു സ്‌ത്രീക്ക്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ എങ്ങനെ കഴിയുന്നു?

മണല്‍ പഴുപ്പിച്ചിട്ട്‌ കുട്ടിയെ അതില്‍ കിടത്തി പൊള്ളിക്കുക. ഇരുമ്പുകുഴല്‍കൊണ്ട്‌ അവന്റെ കുഞ്ഞിക്കാല്‍ അടിച്ചൊടിക്കുക. മലദ്വാരത്തിലൂടെ ഈര്‍ക്കില്‍ കുത്തിക്കയറ്റുക. ഒടിഞ്ഞ കാലുകൊണ്ടു നടക്കാനാകാതെ വേദനയാല്‍ പുളഞ്ഞ അവനെ നിര്‍ബന്ധിച്ചു നടത്തിക്കുക. നടക്കാനാവാതെ അവശനായി നിലത്തുവീണ അവനെ അതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുക. നടക്കാനാവാതെ വീണു കിടന്ന്‌ മലമൂത്ര വിസര്‍ജനം നടത്തിയതിനു മര്‍ദനം പിന്നെയും. എത്ര പൈശാചികമായ ചെയ്‌തികളാണിതൊക്കെ. ഈ പിതാവിനെയും രണ്ടാനമ്മയെയും ക്രൂരമൃഗങ്ങളോടുപോലും ഉപമിക്കുന്നത്‌ കൊടിയ തെറ്റായിപ്പോകും.
കുട്ടിയുടെ ദേഹത്താകെ നൂറോളം പാടുകളുണ്ടത്രേ. എല്ലാം നുള്ളിപ്പറിച്ചതിന്റെ പാടുകള്‍. നെഞ്ചില്‍ പൊള്ളലേറ്റ പാട്‌. കൂടാതെ നെഞ്ചില്‍ ആഞ്ഞു തൊഴിച്ചിട്ടുമുണ്ട്‌. കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്കുപോലും ക്ഷതമേറ്റിരിക്കുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. തലയ്‌ക്കും താടിക്കും മുഖത്തുമൊക്കെ ഗുരുതരമായ പരുക്കുകള്‍. കുട്ടിയുടെ തല ശക്‌തമായി ഭിത്തിയില്‍ ഇടിപ്പിച്ചതിന്റെ ഫലമായി തലച്ചോറിനു ക്ഷതമേറ്റ്‌ അവന്‍ ബോധരഹിതനായത്രേ. ബോധംകെട്ട്‌ അവശനായി കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഒരുങ്ങിയ പിതാവിനെ രണ്ടാനമ്മ അതിനനുവദിച്ചില്ല. രണ്ടാംദിവസം പിതാവിന്റെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ മൃതപ്രായനായ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌.

ഈ ക്രൂരതയ്‌ക്കെല്ലാം പുറമേ ആശുപത്രിയില്‍ കള്ളംപറയാനും പിതാവും രണ്ടാനമ്മയും തയാറായി. കുട്ടി നിലത്തുവീണു ബോധംകെട്ടതാണെന്നായിരുന്നു അവര്‍ പറഞ്ഞത്‌. കുട്ടിയുടെ തലച്ചോറില്‍ മൂന്നിടത്ത്‌ മര്‍ദനം മൂലം നീര്‍ക്കെട്ടും രക്‌തസ്രാവവുമുണ്ടായിട്ടുണ്ട്‌. അത്രത്തോളം പൈശാചികമായിരുന്നു പീഡനങ്ങള്‍. ശസ്‌ത്രക്രിയപോലും നടത്താനാവാത്ത അവസ്‌ഥയിലായ കുട്ടി ഇപ്പോഴും മരണത്തോടു മല്ലടിക്കുകയാണ്‌.
മുമ്പു വിവാഹിതരായ രണ്ടുപേര്‍ തമ്മില്‍ വിവാഹിതരായതിന്റെ തുടര്‍ക്കഥയാണിത്‌. പിതാവായ ഷെരീഫിന്‌ ആദ്യ വിവാഹത്തില്‍ ഷെഫീഖ്‌ ഉള്‍പ്പെടെ മൂന്നു മക്കള്‍. രണ്ടാനമ്മ അലീഷയ്‌ക്ക് രണ്ടു പെണ്‍മക്കള്‍. ഇപ്പോഴത്തെ ബന്ധത്തില്‍ ഒരു കുട്ടി. നമ്മുടെ സമൂഹത്തിലെ വലിയൊരു പ്രശ്‌നമാണ്‌ ഭാര്യഭര്‍ത്താക്കന്മാരുടെ മുന്‍വിവാഹത്തിലെ കുട്ടികള്‍. അപൂര്‍വമായി ചിലയിടങ്ങളിലൊഴിച്ചാല്‍ ഈ കുട്ടികള്‍ രഹസ്യമായും പരസ്യമായും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു എന്നതാണു സത്യം. പലപ്പോഴും ഇത്തരം പല സംഭവങ്ങളും പുറത്തുവരുന്നില്ല. ഭയത്തിന്റെ പേരില്‍ കുട്ടികള്‍ പുറത്തുപറയാന്‍ മടിക്കുന്നു. ആഹാരക്കാര്യത്തിലും വസ്‌ത്രത്തിന്റെ കാര്യത്തിലും വിവേചനം കാണിച്ചാലും ഒരുപക്ഷേ കുഞ്ഞുമനസുകള്‍ സഹിച്ചേക്കാം. എന്നാല്‍, സ്‌നേഹത്തിന്റെ കാര്യത്തിലുള്ള കടുത്ത വിവേചനം കുഞ്ഞുമനസുകളെയാകെ തകര്‍ക്കും.
ഷെരീഫിന്റെ ആദ്യവിവാഹത്തിലുള്ള മൂന്നു കുട്ടികളെയും അനാഥാലയത്തിലാക്കാന്‍ കൊണ്ടുപോയതാണ്‌. രണ്ടുപേരെ മാത്രം അനാഥാലയാധികൃതര്‍ സ്വീകരിച്ചത്‌ ഷെഫീഖിന്റെ നിര്‍ഭാഗ്യമായി മാറുകയായിരുന്നു. മൂത്ത രണ്ടുപേരെയും അനാഥാലയത്തില്‍ എടുത്തപ്പോള്‍, മര്‍ദനംമൂലം അവശനായ ഷെഫീഖിന്‌ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്‌തിയില്ലാത്തതിന്റെ പേരില്‍ അവനെ തിരസ്‌കരിച്ചു. അതവനെ കൊടുംക്രൂരതയിലേക്ക്‌ തള്ളിവിടുകയായിരുന്നു.

ഷെഫീഖിനെ പിതാവും രണ്ടാനമ്മയും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന്‌ അയല്‍ക്കാരും നാട്ടുകാരും പോലീസിനോടു പരാതി പറഞ്ഞുവത്രേ. ഇക്കാര്യം നേരത്തെതന്നെ അയല്‍ക്കാര്‍ പോലീസിനെയോ അധികൃതരെയോ അറിയിച്ചിരുന്നെങ്കില്‍ ഒരു കുരുന്നു ബാലന്‍ ഇത്രയും വലിയ ക്രൂരത അനുഭവിക്കില്ലായിരുന്നു. ഇപ്പോഴവന്‍ മരണത്തോടു മല്ലടിക്കില്ലായിരുന്നു. എല്ലാം സംഭവിച്ചുകഴിഞ്ഞ്‌ ദുഃഖിച്ചിട്ടെന്തുകാര്യം.കുഞ്ഞുങ്ങള്‍ക്കുനേരേയുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ചോ വിവേചനങ്ങളെക്കുറിച്ചോ പരാതിപ്പെടാന്‍ ഓരോ ജില്ലയിലും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും ശിശുസംരക്ഷണ സമിതികളും പോലീസുമുണ്ട്‌. കുട്ടികള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്‌ അധികൃതരെ അറിയിക്കേണ്ടത്‌ നാമോരോരുത്തരുടെയും കടമയാണെന്ന കാര്യം മറക്കരുത്‌. അതുപോലെതന്നെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെയും ശിശുസംരക്ഷണ സമിതിയെയും കുറിച്ച്‌ പൊതുജനത്തിനു കൂടുതല്‍ അറിവുപകരാന്‍ അധികൃതരും തയാറാവണം. നമ്മുടെ സമൂഹത്തെയാകെ നൊമ്പരപ്പെടുത്തുന്ന ക്രൂരതകള്‍ കുട്ടികളോടു ചെയ്യുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കുകയും വേണം. ഷെഫീഖിന്റെ ജീവനുവേണ്ടി നമുക്കു പ്രാര്‍ഥിക്കാം.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: