എം.സി. റോഡിന്റെ സ്ഥിതി
അതീവ ദയനീയം
കേരളത്തിലെ എം.സി. റോഡിന്റെ അവസ്‌ഥ വിവരിക്കാനാവാത്തവിധംപരിതാപകരമായ സ്‌ഥിതിയിലായിട്ട് ദിവസങ്ങളേറെയായി. തിരുവനന്തപുരത്ത് കേശവദാസപുരത്തുനിന്നു തുടങ്ങി എറണാകുളത്ത് അങ്കമാലിയില്‍ അവസാനിക്കുന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് ഇടമുറിയാത്ത വാഹനനിരകളാല്‍ കേരളത്തെ സദാ ചലനാത്മകമാക്കുന്ന പാതകൂടിയാണ്. ഈ റോഡിലൂടെയിപ്പോള്‍ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങേണ്ട അവസ്‌ഥയിലാണ്. റോഡ് എന്നു വിശേഷിപ്പിക്കാനാവാത്തവിധം എം.സി. റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന് തോടിനു തുല്യമായിരിക്കുന്നു. മഴയുള്ള ദിവസങ്ങളില്‍ അപകടക്കെണികളായും വെയിലുള്ള ദിവസങ്ങള്‍ അപകടകരമാംവിധം പൊടിപറത്തിയും കുഴിയില്‍ ചാടിയും എം.സി. റോഡ് വാഹനയാത്രയെ ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുകയാണ്.
കാലവര്‍ഷാരംഭത്തോടെതന്നെ എം.സി. റോഡിന്റെ ദുരവസ്‌ഥയ്‌ക്കും തുടക്കംകുറിച്ചിരുന്നു. ചെറിയ കുഴികളിലാരംഭിച്ച് ടാര്‍ പൊട്ടിപ്പൊളിഞ്ഞ് വ്യാപകമായി താറുമാറായ അവസ്‌ഥയിലേക്കു നീങ്ങാന്‍ അധികദിവസം വേണ്ടിവന്നില്ല. എല്ലാവര്‍ഷവും വര്‍ഷകാലത്ത് തകരാറുകള്‍ സംഭവിക്കുന്ന അതേ ഭാഗത്തുതന്നെയാണ് വീണ്ടും വീണ്ടും കൂടുതല്‍ ദുരവസ്‌ഥയുണ്ടാകുന്നത്. ഇക്കാര്യം വര്‍ഷങ്ങളായി അനുഭവിച്ചറിയുന്നതാണെങ്കിലും ആ ഭാഗത്ത് ശാശ്വതമായ പരിഹാര നടപടികള്‍ ചെയ്യാന്‍ നമ്മുടെ അധികൃതര്‍ക്കു കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദയനീയാവസ്‌ഥ. വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന ഭാഗത്താണ് റോഡ് കൂടുതലായി തകരുന്നത്. ആ ഭാഗത്ത് കൂടുതല്‍ ഉറപ്പും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമായ രീതിയില്‍, വെള്ളം കെട്ടിനിന്നാലും റോഡു തകരാത്തരീതിയില്‍ ഉള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണം. ഇപ്പോഴും റോഡു തകര്‍ന്നാലുടന്‍ ജാംബവാന്റെ കാലത്തെ പരിഹാരകര്‍മമാണ് നടത്തുന്നത്. ചെളിമണ്ണും മെറ്റലും കുഴിയിലിടുക അല്ലെങ്കില്‍ കുറച്ചു ടാറും മെറ്റലും കൂട്ടിക്കലര്‍ത്തി വെള്ളമുള്ള കുഴിയിലിടുക തുടങ്ങിയ 'കുറുക്കുവഴി'കള്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും വഴിമുട്ടിക്കാനേ ഉപകരിക്കുന്നുള്ളൂ. ഇത്തരം പൊടിക്കൈകള്‍ ചെയ്‌ത് അടുത്ത നിമിഷംതന്നെ ഇതത്രയും ഇളകിപ്പോകുന്നതാണു കണ്ടുവരുന്നത്.
കുറച്ചുവെള്ളം കെട്ടിനിന്നാലുടന്‍ തകര്‍ന്നടിയുന്ന ടാറിംഗ് സംവിധാനമാണ് കേരളീയ റോഡുകളുടെ ഏറ്റവും വലിയ മറ്റൊരു ശാപം. ടാറിംഗ് നടത്തി ഒരാഴ്‌ചയ്‌ക്കകം മഴ പെയ്‌താല്‍പോലും റോഡുകള്‍ തകരുന്നു എന്നത് ടാറിംഗിന്റെ ഗുണമേന്മ എത്രയെന്നു മനസിലാകും. നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും വിഹിതവും കരാറുകാരന്റെ തട്ടിപ്പും കഴിഞ്ഞ്, യഥാര്‍ഥ തുകയുടെ ചെറിയൊരു ഭാഗം മാത്രമേ റോഡില്‍ ചെലവഴിക്കപ്പെടുന്നുള്ളൂ എന്ന ആക്ഷേപം അരക്കിട്ടുറപ്പിക്കുന്നതുതന്നെയാണ് റോഡുകളുടെ ഈ 'അകാലനിര്യാണത്തി'ലൂടെ മനസിലാകുന്നത്. ഈ മഴക്കാലത്ത് റോഡുകളുടെ തകര്‍ച്ചമൂലം 300 കോടിയുടെ നഷ്‌ടമാണുണ്ടായിരിക്കുന്നതെന്നു മന്ത്രിതന്നെ അടുത്തദിവസം വെളിപ്പെടുത്തിയിരുന്നു. ഈ കോടികളുടെ നഷ്‌ടത്തിന് കാലവര്‍ഷത്തെയോ മഴയെയോ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആശാരിയുടെ കുറ്റവും തടിയുടെ വളവും എന്നതുപോലെ റോഡുപണിയിലെ പാളിച്ചകളും ഇതിനു കാരണമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment