നിരോധിത ലഹരിവസ്തുക്കളുടെവരവ് കേരളത്തിൽതടയണം
വായിലിട്ട് ചവച്ചുപയോഗിക്കുന്നതും പുകയിലയും നിക്കോട്ടിനും അടങ്ങിയതുമായ പാന്‍മസാല, ഹാന്‍സ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ കേരളം നിയമം മൂലം നിരോധിച്ചെങ്കിലും മറ്റുസംസ്‌ഥാനങ്ങളില്‍ നിന്ന് കള്ളക്കടത്തായി വിപണികളില്‍ എത്തുന്നത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നു. ഫുഡ് ആന്‍ഡ് സേഫ്‌റ്റി ആക്‌ട് പ്രകാരം 2012 മേയ് 22-നാണ് ഇവ വില്‍ക്കുന്നതും ഉത്‌പാദിപ്പിക്കുന്നതും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പക്ഷേ, കേരളത്തില്‍ മിക്കവാറും പ്രദേശങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഈ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ട്രെയിന്‍ മാര്‍ഗവും ടൂറിസ്‌റ്റ് ബസുകള്‍ വഴിയും ചരക്കുവാഹനങ്ങള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ വഴിയുമൊക്കെ അന്യ സംസ്‌ഥാനത്തുനിന്ന് അതിര്‍ത്തി കടന്ന് ഇവയെത്തുന്നുണ്ട്. ഇതിനായി വന്‍ സംഘങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇടയ്‌ക്കിടെ പോലീസും എക്‌സൈസും പിടികൂടുന്നുണ്ടെങ്കിലും കള്ളക്കടത്തിനു നേതൃത്വം നല്‍കുന്ന മാഫിയ സംഘങ്ങള്‍ കൂടുതല്‍ സജീവമാകുകയാണു ചെയ്യുന്നത്.
കര്‍ണാടകത്തില്‍ നിന്നാണു കേരളത്തിലേക്ക് ഈ ഉല്‍പന്നങ്ങള്‍ അനധികൃതമായെത്തുന്നത്. കേരളാതിര്‍ത്തിക്കടുത്ത് കര്‍ണാടകത്തിന്റെ പ്രദേശത്ത് ഇവ വില്‍ക്കുന്ന ധാരാളം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധനം നടപ്പില്‍ വന്ന സമയത്ത് പത്തിരട്ടി വരെ വില കൂട്ടിയാണ് ഇവ വിറ്റത്. 12 ഗ്രാമുള്ള ഹാന്‍സിന് മൂന്നു രൂപയാണ് യഥാര്‍ഥ വിലയെങ്കില്‍ കള്ളക്കടത്തായെത്തുമ്പോള്‍ മുപ്പതു രൂപയ്‌ക്കാണു വിറ്റിരുന്നത്. ഇത്തരം ലക്ഷക്കണക്കിനു പായ്‌ക്കറ്റുകള്‍ വില്‌ക്കുമ്പോള്‍ കോടിക്കണക്കിനു രൂപയാണു കള്ളക്കടത്ത്-മാഫിയകളുടെ പോക്കറ്റില്‍ വീഴുന്നത്. എന്തു വില കൊടുത്തും ഇതു വാങ്ങാന്‍ ആളുണ്ട് എന്നത് കേരളത്തില്‍ ഇതിനടിമപ്പെട്ടവരുടെ എണ്ണം അത്രത്തോളമുണ്ടെന്നാണു സൂചിപ്പിക്കുന്നത്. ഇപ്പോഴും മൂന്നു രൂപയുടെ പായ്‌ക്കറ്റിന് 15 മുതല്‍ 20 രൂപ വരെ നല്‍കിയാണ് ആളുകള്‍ വാങ്ങുന്നത്. കഴിഞ്ഞദിവസം കോട്ടയത്ത് ട്രെയിനില്‍ എത്തിച്ച ഒരുലക്ഷം പായ്‌ക്കറ്റ് ഹാന്‍സാണ് പോലീസ് പിടിച്ചെടുത്തത്. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ എത്തുന്നതില്‍ വിരലിലെണ്ണാവുന്നതു മാത്രമാണു പിടിക്കപ്പെടുന്നതെന്നതാണു സത്യം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ലക്ഷക്കണക്കിനാളുകള്‍ക്കു നിരോധിക്കപ്പെട്ടിട്ടും ഇവ ലഭിക്കുന്നുണ്ട്.
വായിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന കണക്കുകളെ തുടര്‍ന്നാണ് കേരളമുള്‍പ്പെടെ മിക്ക സംസ്‌ഥാനങ്ങളും ഇത്തരം പുകയില ഉത്‌പന്നങ്ങള്‍ നിരോധിക്കാന്‍ തയാറായത്. ഇന്ത്യയില്‍ അഞ്ചു മില്യണ്‍ കുട്ടികളെങ്കിലും ഇതിന് അടിമപ്പെട്ടിരിക്കുന്നുവെന്ന കണക്കുകള്‍ യഥാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. മാരകമായ കാന്‍സര്‍ രോഗത്തിലേക്കുള്ള വഴിയാണ് ഇവ സ്‌ഥിരമായി ഉപയോഗിക്കുന്നതിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്. പ്രതിദിനം 5000 കുട്ടികള്‍ പുതുതായി ഇവ ഉപയോഗിച്ചു തുടങ്ങുന്നുവെന്ന കണക്കും ഭീതിയുളവാക്കുന്നതു തന്നെയാണ്. വര്‍ണ പായ്‌ക്കറ്റുകളിലാക്കി കടകളില്‍ തോരണം പോലെ തൂക്കിയിട്ട് ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ച് വിറ്റിരുന്ന ഇവ 20000 കോടിയുടെ വ്യവസായമായി വളര്‍ന്നിരുന്നു. ഇതു വാങ്ങി തിരുമ്മി ചുണ്ടുകള്‍ക്കടിയിലും കവിളുകള്‍ക്കുള്ളിലുമൊക്കെ വച്ച് ലഹരി നുണഞ്ഞവര്‍ വന്‍തോതില്‍ കാന്‍സറിന്റെ പിടിയിലമരുന്നതു കണ്ടപ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് ഇതു നിരോധിക്കണമെന്ന ബോധം ഉദിച്ചത്.
നിരോധിക്കപ്പെട്ടതും മാരകമായതുമായ ഇവ ഒരു യുവതലമുറയെ തന്നെ നശിപ്പിക്കാനായി വീണ്ടും വിപണികളില്‍ ലഭ്യമാകുന്നുവെന്നത് കടുത്ത നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണെന്നേ പറയാനാവൂ. നിരോധനം കടലാസില്‍ പോരാ. പ്രായോഗികമായിത്തന്നെ വേണം. ഇത്തരം ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവരാന്‍ സൗകര്യമൊരുക്കുന്ന ടൂറിസ്‌റ്റ് ബസുടമകള്‍ക്കെതിരേ ശക്‌തമായ നടപടി കൈക്കൊള്ളണം. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെതിരേ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണം.മധ്യപ്രദേശാണ് ആദ്യമായി ഇത്തരം ഉല്‍പന്നങ്ങള്‍ നിരോധിച്ചത്. രണ്ടാമതു കേരളം. പിന്നാലെ ബംഗാളും മഹാരാഷ്‌ട്രയുമുള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങള്‍. നിരോധനത്തിനെതിരേ ഇവയുടെ ഉല്‍പാദകര്‍ പല സംസ്‌ഥാനത്തും കോടതികളെ സമീപിച്ചെങ്കിലും കോടതികള്‍ അതു തള്ളിക്കളഞ്ഞത് ആശ്വാസകരമായ കാര്യമാണ്. കുട്ടികളടക്കം വളര്‍ന്നുവരുന്ന ഒരു തലമുറയെ മാരകമായ രോഗത്തിനടിമകളാക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാണ്. എന്തു വില കൊടുത്തും ഇതു തടയണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം (ref: Mangalam)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment