Pages

Saturday, July 6, 2013

കേരളം ലക്ഷ്വറി കാറുകളുടെ പറുദീസ

കേരളം ലക്ഷ്വറി കാറുകളുടെ പറുദീസ 
ആര്‍ റോഷന്‍ 
ഏതാനും വര്‍ഷം മുമ്പ് മെഴ്‌സിഡസ് ബെന്‍സായിരുന്നു കേരളനിരത്തുകളില്‍ ആഡംബരത്തിന്റെ അവസാനവാക്ക്. എന്നാല്‍, 2008 ഓടെ കൂടുതല്‍ ആഡംബര കാര്‍ കമ്പനികള്‍ എത്തി. ബിഎംഡബ്ല്യുവും ഔഡിയും ജാഗ്വര്‍ ലാന്‍ഡ് റോവറും വോള്‍വോയുമെല്ലാം കൊച്ചിയില്‍ ഷോറൂം തുറന്നു. ഇതോടെ കേരള നിരത്തുകള്‍ ലക്ഷ്വറി കാറുകളുടെ പറുദീസയായി മാറി. ഇതിന് പിന്നാലെ പോര്‍ഷെയും ഉടന്‍ ഷോറൂം ആരംഭിക്കും. 2008ന് മുമ്പ് പ്രതിവര്‍ഷം 150ല്‍ താഴെ ആഡംബരക്കാറുകള്‍ വിറ്റിരുന്ന കേരളത്തില്‍ 2012 ആയപ്പോഴേക്കും വില്‍പന 1,500നടുത്ത് എത്തിനില്‍ക്കുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് 10 മടങ്ങ് വര്‍ധന. സാമ്പത്തിക മാന്ദ്യവും പെട്രോള്‍, ഡീസല്‍ വില വര്‍ധനവുമൊന്നും കേരളത്തിലെ ആഡംബര കാര്‍ വിപണിയെ തളര്‍ത്തിയില്ലെന്ന് വിപണി സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ മറ്റു പല പ്രമുഖ നഗരങ്ങളിലെക്കാള്‍ ഉയര്‍ന്ന വില്‍പനയാണ് പല കമ്പനികളും കേരളത്തില്‍ നേടുന്നത്. 

ആഡംബര ബ്രാന്‍ഡുകളെക്കുറിച്ച് മലയാളിക്ക് അവബോധം ഉയര്‍ന്നതാണ് വില്‍പന കൂടാന്‍ മുഖ്യകാരണം. ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണം കൂടിയതും ഡിമാന്‍ഡ് ഉയര്‍ത്തി. വിദേശനാണ്യ വിപണിയില്‍ രൂപയ്‌ക്കെതിരെ ഡോളറിന്റെയും ഗള്‍ഫ് കറന്‍സികളുടെയും മൂല്യം വര്‍ധിച്ചതും വില്‍പനയില്‍ പ്രതിഫലിക്കുന്നുണ്ട്. രൂപയുടെ വിലത്തകര്‍ച്ച പ്രയോജനപ്പെടുത്താനായി വിദേശമലയാളികള്‍ വന്‍തോതില്‍ നാട്ടിലേക്ക് പണമൊഴുക്കുകയാണ്. മറ്റു ബ്രാന്‍ഡുകള്‍ പലതും വന്നെങ്കിലും മെഴ്‌സിഡസ് ബെന്‍സിന്റെ വില്‍പന അഞ്ചു വര്‍ഷം കൊണ്ട് കുതിച്ചുയരുകയാണ് ഉണ്ടായത്. കേരളം തങ്ങളുടെ സുപ്രധാന വിപണികളിലൊന്നാണെന്ന് മെഴ്‌സിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ എബര്‍ഹാര്‍ഡ് കേണ്‍ പറഞ്ഞു. ഇ-ക്ലാസ് സീരീസിലുള്ള കാറുകളാണ് ബെന്‍സ് കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്നത്. പെട്രോള്‍ മോഡലിനൊപ്പം ഡീസല്‍ മോഡലും ലഭ്യമാണ്. ഉടന്‍ തന്നെ ഡി-സീരീസിലുള്ള ഡീസല്‍ കാറുകള്‍ അവതരിപ്പിക്കും. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വിഭാഗത്തില്‍ ജിഎല്‍-ക്ലാസ്സിന്റെ പുതിയ മോഡല്‍ വരാനുണ്ട്. പുതിയ മോഡലുകള്‍ എത്തുന്നതോടെ വില്‍പന ഇനിയും ഉയരുമെന്നാണ് കേരളത്തിലെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരുന്നു ഷോറൂമുണ്ടായിരുന്നത്. ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടി സാന്നിധ്യമുണ്ട്. 

ടെക്‌
സ്റ്റൈല്‍, ജ്വല്ലറി വിഭാഗങ്ങളിലുള്ള ബിസിനസ്സുകാര്‍, കയറ്റുമതിക്കാര്‍ , വിദേശമലയാളികള്‍ എന്നിവരാണ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും. പ്രൊഫഷണലുകളും മെഴ്‌സിഡസ്സിനോട് താത്പര്യം കാണിക്കുന്നുണ്ട്. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് 30 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള മോഡലുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. എ ക്ലാസ്, ബി ക്ലാസ് മോഡലുകളാണ് ഈ വിഭാഗത്തിലുള്ളത്.2008ലാണ് ബി.എം.ഡബ്ല്യു കേരള വിപണിയിലെത്തുന്നത്. ആദ്യ വര്‍ഷം 100 കാറുകളുടെ വില്‍പനയായിരുന്നു ലക്ഷ്യം. എന്നാല്‍, 2008ല്‍ 143 കാറുകള്‍ വിറ്റഴിക്കാന്‍ ബി.എം.ഡബ്ല്യുവിന് സാധിച്ചുവെന്ന് കമ്പനിയുടെ കേരളത്തിലെ വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിന്റെ വൈസ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ഇന്ന് കേരളത്തിലെ ആഡംബര കാര്‍ വിപണിയുടെ 48 ശതമാനം ബിഎംഡബ്ല്യുവാണ് കൈവശം വെയ്ക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് കേരളത്തില്‍ 1,000 ആഡംബര കാറുകള്‍ വിറ്റ കമ്പനിയാണ് ബിഎംഡബ്ല്യു. ആദ്യ മൂന്നു വര്‍ഷംകൊണ്ടാണ് ബിഎംഡബ്ല്യു ഈ നേട്ടം കൈവരിച്ചത്. 2012 ഡിസംബര്‍ മാസത്തില്‍ 105 കാറുകള്‍ വിറ്റ് റെക്കോഡിടാനും സാധിച്ചു ബിഎംഡബ്ല്യുവിന്. കഴിഞ്ഞ മാസങ്ങളില്‍ ഏതാണ്ട് 30-35 കാറുകളാണ് പ്രതിമാസം വിറ്റഴിച്ചത്.35നും 40നുമിടയില്‍ പ്രായമുള്ളവരാണ് ബിഎംഡബ്ല്യുവിന്റെ ഉപഭോക്താക്കളില്‍ ഏറെയും. ഇതില്‍ തന്നെ ബിസിനസ്സുകാര്‍, സെലിബ്രിറ്റികള്‍, ഡോക്ടര്‍മാര്‍, അഡ്വക്കേറ്റുമാര്‍ എന്നീ വിഭാഗക്കാര്‍ പെടുന്നു. വില്‍പനയില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവയാണ് തൊട്ടു പിന്നില്‍. കേരളത്തില്‍ കൊച്ചിയിലായിരുന്നു ആദ്യ ഷോറൂം. രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട്ടും തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്തും ഷോറൂം തുടങ്ങുന്നുണ്ട്. 

25 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വിലയുള്ള മോഡലുകള്‍ ലഭ്യമാണ്. എങ്കിലും 3സീരീസ്, 5 സീരീസ് വിഭാഗങ്ങളിലുള്ള മോഡലുകള്‍ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 1 സീരീസ് കാറുകളും വിപണിയിലെത്തും. ഇതിന് 25 ലക്ഷം രൂപയ്ക്കും താഴെയായിരിക്കും വിലയെന്നാണ് സൂചന. അതുകൂടി എത്തുന്നതോടെ വില്‍പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കേരളത്തിലെ വില്‍പന ഔഡിയെയും ഞെട്ടിച്ചിരിക്കുകയാണ്. 2008 അവസാനത്തോടെ കേരള വിപണിയിലെത്തിയ ഔഡി നാലു വര്‍ഷം കൊണ്ട് വില്‍പനയില്‍ 10 മടങ്ങ് വളര്‍ച്ചയാണ് കേരളത്തില്‍ കൈവരിച്ചിരിക്കുന്നത്. കെ.പി.കാര്‍സാണ് കേരളത്തിലെ വിതരണക്കാര്‍. സംസ്ഥാനത്തു നിലവില്‍ കൊച്ചിയില്‍ മാത്രമാണ് ഷോറൂമും സര്‍വീസ് സെന്ററുമുള്ളത്. ഈ വര്‍ഷം അവസാനത്തോടെ കോഴിക്കോട്ടും അടുത്ത വര്‍ഷം തിരുവനന്തപുരത്തും ഷോറൂം തുടങ്ങാനാണ് ആലോചന. ആഡംബരത്തിനൊപ്പം സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നവരാണ് ഔഡി തിരഞ്ഞെടുക്കുന്നത്. ഡിസൈന്‍, ഡ്രൈവിങ് കംഫര്‍ട്ട് എന്നിവയിലും ഔഡി മുന്നില്‍. 27 ലക്ഷം രൂപ മുതല്‍ 1.50 കോടി രൂപ വരെയുള്ള മോഡലുകള്‍ ലഭ്യമാണ്. 30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളാണ് വില്‍പനയില്‍ മുന്നില്‍. ഇതില്‍ ഔഡി എ4, എ6, ക്യു3, ക്യു7 എന്നിവ പെടുന്നു. 45 ലക്ഷം രൂപ വിലയുള്ള ക്യു5, 1.35 കോടി രൂപ വിലയുള്ള ആര്‍8 എന്നീ മോഡലുകള്‍ കൂടി എത്തിയിട്ടുണ്ട്. ആര്‍എസ്5ന്റെ പരിഷ്‌കരിച്ച മോഡലുമുണ്ട്. ഇതിനൊക്കെ പുറമെ എസ്6 എന്ന മോഡല്‍ കൂടി വരുന്നുണ്ട്. 

സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ശേഷിയുള്ളവരാണ് തങ്ങളുടെ ഉപഭോക്താക്കളെന്ന് വിതരണക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ തന്നെ ബിസിനസ്സുകാര്‍, ഡോക്ടര്‍മാര്‍, വിദേശമലയാളികള്‍ എന്നിവര്‍ പെടും. എക്‌സ്‌ക്ലൂസീവ് ഐഡന്റിറ്റി മോഹിക്കുന്നവരാണ് ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ കാറുകളുടെ ഉടമകള്‍. 2010 അവസാനത്തോടെയാണ് കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുടങ്ങിയത്. ജാഗ്വര്‍, ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍ എന്നീ സീരീസിലുള്ള മോഡലുകളാണ് ജെഎല്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ജാഗ്വറിന് 62 ലക്ഷം രൂപ മുതല്‍ 2.05 കോടി രൂപ വരെയും ലാന്‍ഡ് റോവറിന് 56 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയുമാണ് വില. റേഞ്ച് റോവറിനാകട്ടെ, 2.80 കോടി രൂപ വരെ വിലയുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ജെഎല്‍ആറിന്റെ കേരളത്തിലെ വിതരണക്കാര്‍. കൊച്ചിയിലെ ഷോറൂമിന് പുറമെ ഈ വര്‍ഷം അവസാനത്തോടെ കോഴിക്കോട് കൂടി ഷോറൂം തുറക്കുകയാണ്. സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയെല്ലാമടങ്ങുന്ന സമ്പൂര്‍ണ ഷോറൂമായിരിക്കും ഇതും. 45നും 60നുമിടയില്‍ പ്രായമുള്ളവരാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഉപഭോക്താക്കളിലധികവുമെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഓട്ടോ ഡിവിഷന്‍ ബിസിനസ് ഹെഡ് വി.ഷാജി പറഞ്ഞു. വരുമാനം ചെലവഴിക്കാന്‍ മലയാളി ആഗ്രഹിക്കുന്നതിനാലാണ് കേരളത്തില്‍ ആഡംബര കാര്‍ വില്‍പന വന്‍തോതില്‍ ഉയരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വില്‍പനയില്‍ ഏതാണ്ട് 45 ശതമാനവും മധ്യ കേരളത്തിലാണ്. 30 ശതമാനം വടക്കന്‍ കേരളത്തിലും. ശേഷിച്ച 15 ശതമാനം മാത്രമാണ് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളത്. വോള്‍വോയാണ് കേരളവിപണിയില്‍ സാന്നിധ്യമറിയിച്ച മറ്റൊരു ലക്ഷ്വറി കാര്‍ ബ്രാന്‍ഡ്. 2009ലാണ് വോള്‍വോയുടെ കാര്‍ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചത്. ആഡംബര ബസ്സുകള്‍ക്ക് പേരു കേട്ട വോള്‍വോ, കാറുകളിലും ശക്തമായ സാന്നിധ്യമാകുന്നെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ വില്‍പന തെളിയിക്കുന്നത്. ഇതിനോടകം 130 ഓളം കാറുകളാണ് വോള്‍വോ കേരളത്തില്‍ വിറ്റതെന്ന് കേരളത്തിലെ വിതരണക്കാരായ ഒമേഗാ മോട്ടോഴ്‌സിന്റെ (എംജിഎഫ് വോള്‍വോ) ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ തോമസ് പ്രമോദ് പറഞ്ഞു. 

27 ലക്ഷം രൂപ മുതല്‍ 59 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകള്‍ ലഭ്യമാണ്. 27 ലക്ഷം രൂപ വിലയുള്ള വോള്‍വോ എസ്60 എന്ന മോഡലിനാണ് ഏറ്റവുമധികം വില്‍പന. 29 ലക്ഷം രൂപ വിലയുള്ള വി40 ക്രോസ് കണ്‍ട്രി എന്ന മോഡലും എത്തിയിട്ടുണ്ട്. ഇതിന് ഇപ്പോള്‍ തന്നെ ഒട്ടേറെ അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് തോമസ് പ്രമോദ് വ്യക്തമാക്കി. എസ്80, എക്‌സ്.സി60, എക്‌സ്.സി90 എന്നിവയാണ് മറ്റു മോഡലുകള്‍. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് വോള്‍വോ ഉപഭോക്താക്കളിലേറെയും. ഇതില്‍ തന്നെ ബിസിനസ്സുകാര്‍ , ഡോക്ടര്‍മാര്‍, വിദേശ മലയാളികള്‍ എന്നിവര്‍ ഉള്‍പ്പെടും. 
 ആഡംബരത്തിലെ എന്‍ട്രി ലെവലില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കായി ഈ വര്‍ഷം തന്നെ പോര്‍ഷെയും കേരള വിപണിയിലെത്തും ഇ.വി.എം.മോട്ടോഴ്‌സാണ് കേരളത്തിലെ വിതരണക്കാര്‍. ആഗസ്‌തോടെ കേരള വിപണിയില്‍ പോര്‍ഷെ കാറുകള്‍ ലഭ്യമാക്കുമെന്ന് ഇ.വി.എം.മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു. 2014 സപ്തംബറോടെ പൂര്‍ണതോതിലുള്ള ഷോറൂം തുറക്കും.ഏതാണ്ട് 70 ലക്ഷം രൂപ മുതല്‍ രണ്ടര കോടി രൂപ വരെ വിലയുള്ള മോഡലുകളാണ് പോര്‍ഷെയ്ക്കുള്ളത്. പോര്‍ഷെ പനമേര, ക്യാന്‍, കേമാന്‍, ബോക്‌സ്റ്റര്‍, പോര്‍ഷെ 911 എന്നിവയാണ് മോഡലുകള്‍. ആദ്യം വര്‍ഷം തന്നെ 70 ഓളം പോര്‍ഷെ കാറുകള്‍ വില്‍ക്കാനാണ് വിതരണക്കാര്‍ ലക്ഷ്യമിടുന്നത്. ആഡംബരത്തിന്റെ കൊടുമുടി താണ്ടാന്‍ കഴിയുന്നവര്‍ക്കായി റോള്‍സ് റോയ്‌സ്, ഫെരാരി, ബെന്റ്‌ലി, മസരാറ്റി എന്നിവയൊക്കെയുണ്ട്. ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ഈ കാറുകളും കേരളത്തിലെ നിരത്തുകള്‍ക്ക് ഇന്ന് അന്യമല്ല. റോള്‍സ് റോയ്‌സിന്റെ മോഡലുകള്‍ക്ക് ഏതാണ്ട് 2.75 കോടി രൂപ മുതല്‍ 4.50 കോടി രൂപ വരെയാണ് വില. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: