Pages

Sunday, July 21, 2013

മറുനാട്ടില്‍ ലഹരിക്ക്‌ അടിമപ്പെടുന്ന മലയാളി വിദ്യാര്‍ഥികള്‍

മറുനാട്ടില്ലഹരിക്ക്അടിമപ്പെടുന്ന
 മലയാളി വിദ്യാര്ഥികള്

മറുനാട്ടിൽ  ഉന്നത  വിദ്യാഭ്യാസം  നടത്തുന്ന  പല  വിദ്യാർത്ഥികളും  ലഹരിമരുന്നുകള്‍ക്ക്‌ അടിമയാണെന്ന്‌ അനുമാനിക്കുന്നതായുമാണ്‌ പോലീസ്‌ സംഘം പുറത്തുവിട്ട വിവരം. ബംഗളുരു കേന്ദ്രീകരിച്ച്‌ നടത്തിയ രഹസ്യാന്വേഷണത്തിലാണ്‌ അന്വേഷണസംഘം ഈ വിവരം കണ്ടെത്തിയത്‌. കോളജുകളും അനുബന്ധ സ്‌ഥാപനങ്ങളും കോട്ടേജുകളുമടക്കം മിക്കവാറും കേന്ദ്രങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണത്രേ.
ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികളാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബംഗളുരുവില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കാനെത്തുന്നതെന്നതിനാല്‍ അന്വേഷണസംഘം പുറത്തുവിട്ട വിവരം കേരളത്തിലെ രക്ഷിതാക്കളില്‍ കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്‌. 

അടുത്തകാലത്ത്‌ ബംഗളുരുവിലും സേലത്തും മംഗലാപുരത്തുമൊക്കെ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ ആശങ്കയ്‌ക്ക്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ബംഗളുരുവില്‍ ബസ്‌ കാത്തുനിന്ന മലയാളിയായ നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയെ കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയ സംഭവം ഏറെ വിവാദമായിരുന്നു. പിടിക്കപ്പെട്ട മൂന്നു യുവാക്കളില്‍ രണ്ടുപേരും മലയാളികള്‍ തന്നെയായിരുന്നു. ബംഗളുരുവില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയായിരുന്ന കണ്ണൂര്‍ സ്വദേശി അജ്‌മലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിരന്തരമായി റാഗിംഗിനു വിധേയനാക്കി. ഒടുവില്‍ ബാത്ത്‌റൂമില്‍ വച്ചു പൊള്ളലേറ്റ വിദ്യാര്‍ഥി നാട്ടിലെ ആശുപത്രിയില്‍ മരണപ്പെട്ടു. ഇത്‌ കൊലപാതകമാണെന്ന അനുമാനത്തിലാണ്‌ ചെന്നെത്തിയത്‌. നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ച്‌ മലയാളി വിദ്യാര്‍ഥിയെ ബ്ലേഡ്‌ കൊണ്ടു മുഖമടക്കം വരഞ്ഞുകീറിയ സംഭവമുണ്ടായി. അതും സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നാണുണ്ടായത്‌. ഉഡുപ്പിയില്‍ മണിപ്പാല്‍ മെഡിക്കല്‍ കോളജിലുണ്ടായ സംഭവവും ഞെട്ടിക്കുന്നതായിരുന്നു. രാത്രി െവെകി െലെബ്രറിയില്‍ നിന്നു പഠനം കഴിഞ്ഞ്‌ ഹോസ്‌റ്റലിലേക്കു പോകുംവഴി മലയാളിയായ എം.ബി.ബി.എസ്‌. വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം ഓട്ടോറിക്ഷയില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ കാട്ടിക്കൂട്ടുന്നവരെ അതിനു പ്രേരിപ്പിക്കുന്നത്‌ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റുമാണ്‌. മയക്കുമരുന്നിന്‌ അടിമയായി അതു വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ഥികളോടു പണം ആവശ്യപ്പെടുകയും നല്‍കാത്ത വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുന്നുണ്ട്‌. അന്യനാട്ടില്‍ ചോദിക്കാനും പറയാനും ആളില്ലാത്തത്‌ ഇതിനു വളമേകുന്നു. ബംഗളുരുവിലെ മിക്ക കലാലയങ്ങളിലും കഞ്ചാവും ചരസും ബ്രൗണ്‍ ഷുഗറും വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തിയത്‌. ഇതിനുപുറമെ ലഹരിക്കായി കുത്തിവയ്‌ക്കുന്ന ആമ്പ്യൂളുകള്‍, മാനസികരോഗത്തിനുള്ള ഗുളികകള്‍, കാന്‍സറിനുള്ള മരുന്നുകള്‍ എന്നിവയും ലഹരിക്കായി ഉപയോഗിക്കുന്നുണ്ടത്രേ.
വാഹന മോഷണക്കേസില്‍ പിടികൂടിയ മലയാളി ഇവിടെ മയക്കുമരുന്നു വിതരണ റാക്കറ്റിലെ പ്രധാന കണ്ണിയാണത്രേ. ദിവസം അഞ്ചു കിലോഗ്രാം കഞ്ചാവു വരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‌പന നടത്തുന്നതായാണ്‌ ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയത്‌. നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസ്‌ കേന്ദ്രീകരിച്ചാണത്രേ വില്‍പന. വിദേശികളും മലയാളികളുള്‍പ്പെടെ അന്യസംസ്‌ഥാനക്കാരും പഠിക്കുന്ന ഇവിടെ 90 ശതമാനം പേരും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരാണെന്നു പറഞ്ഞാല്‍ ലഹരിമരുന്നു മാഫിയയുടെ വ്യാപ്‌തി എത്രയെന്നു മനസിലാകും. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ മയക്കുമരുന്നിന്‌ അടിമപ്പെട്ടിട്ടുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. മയക്കുമരുന്ന്‌ ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നവരെ ഒറ്റപ്പെടുത്തുമത്രേ. മാഫിയകളുടെ കാരിയര്‍മാരായും ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്‌. മലയാളി വിദ്യാര്‍ഥികള്‍ സജീവമായി രംഗത്തുണ്ടത്രേ. ഗോവയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ്‌ ഇവിടെ മയക്കുമരുന്ന്‌ എത്തുന്നത്‌.വന്‍ തുക കോഴപ്പണവും ഫീസും വാങ്ങി വിദ്യാര്‍ഥികളെ ചേര്‍ത്തു കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ്‌ ഇവിടത്തെ കോളജ്‌ അധികൃതരില്‍ പലര്‍ക്കും. കാമ്പസില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പോലീസോ പുറംലോകമോ അറിയാതിരിക്കാനാണ്‌ ഇവരുടെ ശ്രമം. മോശം പേരുണ്ടായാല്‍ തങ്ങള്‍ക്കു വിദ്യാര്‍ഥികളെ കിട്ടില്ല എന്ന ചിന്ത ഇവരെ എല്ലാം മൂടിവയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതു നല്ല വിദ്യാര്‍ഥികളുടെ ഭാവിയാണു തകര്‍ക്കുന്നത്‌. ചോദിക്കുന്നത്ര പണം എങ്ങനെയും ഉണ്ടാക്കി അന്യനാട്ടില്‍ പഠിക്കുന്ന മക്കള്‍ക്കയച്ചുകൊടുത്തു കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നെന്ന ചിന്ത രക്ഷിതാക്കള്‍ക്കും ഉണ്ട്‌. ഇത്‌ അപകടകരമായ സ്‌ഥിതിയാണു വരുത്തിവയ്‌ക്കുക. തങ്ങളുടെ മക്കളെക്കുറിച്ച്‌ ഇടയ്‌ക്കിടെ വിശദമായ അന്വേഷണം നടത്തേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കുണ്ട്‌. സീനിയര്‍ വിദ്യാര്‍ഥികളെ ഭയന്ന്‌ മാതാപിതാക്കളോട്‌ എല്ലാം മറച്ചുവച്ച്‌ പീഡനം സഹിക്കുന്ന വിദ്യാര്‍ഥികളും നിരവധിയാണ്‌.

അന്യ സംസ്‌ഥാനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ കോളജുകളെക്കുറിച്ച്‌ മാതാപിതാക്കള്‍ വിശദമായ അന്വേഷണം നടത്തണം. മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷയും ശരിയായ പഠനവും അന്യസംസ്‌ഥാനങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ഉള്ളതെല്ലാം വിറ്റുപെറുക്കി കോഴയും ഫീസും നല്‍കി പഠിപ്പിക്കാനയയ്‌ക്കുന്ന വിദ്യാര്‍ഥികള്‍ മയക്കുമരുന്നിനടിമയായോ, കടുത്ത റാഗിംഗിനു വിധേയനായി മാനസികനില തെറ്റിയോ തിരികെ വരുന്ന അവസ്‌ഥ ഉണ്ടാകാന്‍ പാടില്ല.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: