Pages

Saturday, July 27, 2013

കേരളത്തിൽ മിക്ക റോഡുകളും തകർന്നു തരിപ്പണമായി

            കേരളത്തിൽ മിക്ക റോഡുകളും

                 തകർന്നു തരിപ്പണമായി


കേരളത്തില്‍ മിക്ക റോഡുകളും തകര്‍ന്ന് യാത്ര ദുസ്സഹമായിട്ടും അധികൃതര്‍ അനങ്ങാത്ത മട്ടാണ്. റോഡുകള്‍ നന്നാക്കാന്‍ എന്തുചെയ്തുവെന്ന് സര്‍ക്കാറിനോട് ചോദിക്കാന്‍ ഹൈക്കോടതി നിര്‍ബദ്ധമായതിനുള്ള കാരണവും മറ്റൊന്നല്ല. നീതിപീഠത്തിന്റെ ചോദ്യത്തില്‍ പ്രതിഫലിക്കുന്നത് യാത്രാക്ലേശമനുഭവിക്കുന്ന ജനങ്ങളുടെ വികാരം തന്നെ. അവരുടെ കഷ്ടപ്പാട് മുന്‍നിര്‍ത്തി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് എന്തു ചെയ്തുവെന്നു കാണിച്ച് സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് നന്നാക്കാന്‍ പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കാന്‍ കോടതി പ്രത്യേക സമിതിയെ നിയോഗിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹനനികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന തുകയില്‍ നിന്ന് നല്ലൊരു വിഹിതം റോഡ് അറ്റകുറ്റപ്പണിക്ക് നീക്കിവെക്കണമെന്ന് നിര്‍ദേശിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്നും കോടതി ചോദിക്കുകയുണ്ടായി. മഴയില്‍ തകര്‍ന്ന റോഡുകള്‍ എത്രയും വേഗം നന്നാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സംബന്ധിച്ചുള്ള ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. മഴയില്‍ റോഡ് തകര്‍ന്നതോടെ വാഹനാപകടങ്ങളും മരണവും പതിവാകുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിനു പുറമെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ ജനറലുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

കേരളത്തി
ലെ റോഡുകളുടെ സ്ഥിതി മഴക്കാലമാകുന്നതോടെ കൂടുതല്‍ അപകടകരമാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. മഴക്കാലത്തിനുമുന്‍പേ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കും എന്ന അധികൃതരുടെ വാഗ്ദാനം കടലാസില്‍ ഒതുങ്ങി. അറ്റകുറ്റപ്പണികള്‍ ചെയ്ത റോഡുകളില്‍ പലതും മഴക്കാലം തുടങ്ങിയപ്പോഴേ തകര്‍ന്നു. ദേശീയപാതകളില്‍ത്തന്നെ പലേടത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. പല പ്രധാന പാലങ്ങളിലും ഉപരിതലം തകരാറിലായി. കനത്ത മഴയും ഇത്തരം തടസ്സങ്ങളും യാത്ര ദുസ്സഹമാക്കുമ്പോള്‍, ഹൈക്കോടതി ചോദിച്ച ചോദ്യം ജനങ്ങളും പലവട്ടം സര്‍ക്കാറിനോടു ചോദിച്ചുപോകും. കേരളത്തിലെ സാഹചര്യങ്ങളും കാലാവസ്ഥയുടെ സവിശേഷതകളും അധികൃതര്‍ക്ക് അറിഞ്ഞുകൂടാത്തതല്ല. എന്നിട്ടും രണ്ടും കണക്കിലെടുത്തു കൊണ്ടുള്ള ആസൂത്രണവും നിര്‍വഹണവും റോഡു നിര്‍മാണത്തിന്റെയും അറ്റകുറ്റപ്പണിയുടെയും കാര്യത്തില്‍ ഉണ്ടാകുന്നില്ല. ഗുണനിലവാരം ഉറപ്പാക്കി നിര്‍മിച്ച പല റോഡുകളും കാലാവസ്ഥാ വ്യതിയാനങ്ങളെയും ഗതാഗതവര്‍ധനയെയും അതിജീവിച്ചു നിലകൊള്ളുന്നുണ്ട്. ആ നിലയ്ക്ക്, നിര്‍മാണത്തിലെ അപാകങ്ങളാണ് റോഡുകള്‍ ഇത്രവേഗം തകരുന്നതിനു കാരണമെന്നു വ്യക്തമാണ്. ഈ രംഗത്ത് അരുതാത്തതു പലതും നടക്കുന്നുണ്ടെന്ന ആരോപണം പണ്ടു മുതലേയുണ്ട്. അത് അടിസ്ഥാനരഹിതമല്ലെന്നാണ് നമ്മുടെ റോഡുകളുടെ പൊതുസ്ഥിതി തെളിയിക്കുന്നത്.

തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് ഒരു സമയബദ്ധമായ പദ്ധതി തന്നെ ഉടന്‍ തുടങ്ങേണ്ടിയിരിക്കുന്നു. അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയവ പരിഗണിക്കുമ്പോള്‍, റോഡുകളുടെ ദുരവസ്ഥ വരുത്തിവെക്കുന്ന നഷ്ടം അളവില്ലാത്തതാണെന്നു കാണാം. അനുഭവങ്ങള്‍ പാഠമാക്കി, ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍, അടുത്ത മഴക്കാലത്ത് ഇപ്പോഴത്തെ സ്ഥിതി ആവര്‍ത്തിക്കാതെ നോക്കാം. ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള റോഡുകള്‍ ജനങ്ങളുടെ അവകാശമാണ്. ആ അവകാശത്തെ മാനിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. റോഡു കേടായതുമൂലം അപകടങ്ങളിലും മറ്റുമായി സാധാരണക്കാര്‍ക്കു വന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് കോടതിമുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത്തരം നഷ്ടപരിഹാരം അനുവദിക്കേണ്ടതു തന്നെയാണ്. തകര്‍ന്ന റോഡുകള്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നകറ്റും. വിനോദസഞ്ചാരമേഖലയെയും അത് തളര്‍ത്തും. ഇങ്ങനെ നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തെയെന്നപോലെ യശസ്സിനെയും ബാധിക്കുന്ന ഈ ദുരവസ്ഥ എത്രയും വേഗം ഒഴിവാക്കിയേ മതിയാകൂ


                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: