ചിത്രയ്ക്ക് ജന്മദിനാശംസകള്
അന്പതിന്റെ ചിറകിലേറി വാനമ്പാടി പറക്കുമ്പോള്‍.
ശില്പ്പ
ആയിരം കര്‍ണങ്ങളുമായി മലയാളി കാത്തിരിക്കുന്ന സ്വന്തം ഗായിക കെ.എസ്. ചിത്ര അന്‍പതിന്റെ നിറവില്‍. ആസ്വാദകമനസിലേയ്ക്ക് മഞ്ഞള്‍പ്രസാദം ചാര്‍ത്തിനല്‍കിയ ചിത്രയുടെ സ്വരത്തില്‍ മലയാളി സ്വന്തം ഈണം തിരിച്ചറിയുകയായിരുന്നു. പ്രശസ്തിയുടെ ഭാരം കൂടുന്തോറും വിനീതയാകുന്ന സൗമ്യജീവിതം. കാലം നല്‍കിയ കനല്‍ച്ചൂളകളെ ആത്മവിശ്വാസത്തിന്റെ നറുപുഞ്ചിരിയാല്‍ കെടുത്തിക്കളഞ്ഞ് നിത്യസുഗന്ധിയായി സംഗീതപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഈ നാദധാര ഒഴുകിയെത്തുന്നു.ചിത്രയുടെ പാട്ടിന്റെ വഴികളെക്കുറിച്ച്...
പാട്ടില്‍ അലിഞ്ഞ ജീവിതത്തെക്കുറിച്ച്..
സംഗീതസാന്ദ്രമായ കുടുംബത്തില്‍ അധ്യാപകദമ്പതികളായ കരമന കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് ജനനം.
ചിത്രയിലെ സംഗീത താല്പര്യം കണ്ടെത്തിയതും വളര്‍ത്തിയതും സംഗീതജ്ഞന്‍കൂടിയായ പിതാവ് കൃഷ്ണന്‍ നായര്‍ ആയിരുന്നു. സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛന്‍ തന്നെയായിരുന്നു. ചേച്ചി ബീനയും നന്നായി പാടുമായിരുന്നു. ചേച്ചിയെ മാവേലിക്കര പ്രഭാകരവര്‍മ്മയും ഹരിഹരനുമൊക്കെ വീട്ടില്‍വന്ന് സംഗീതം പഠിപ്പിക്കുമ്പോള്‍ കേട്ട് പഠിച്ചാണ് കൊച്ചുചിത്ര സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ കള്‍ച്ചറല്‍ നാഷനല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ച ചിത്രയ്ക്ക് അടിസ്ഥാന അക്കാദമിക് യോഗ്യത ഇല്ലാതിരുന്നിട്ടും സംഗീതവാസനയുടെ പിന്‍ബലത്തില്‍ 1978 മുതല്‍ 1984 വരെ ഏഴുവര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷ് ലഭിച്ചു. പഠനം ഇഷ്ടഗുരു ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്‍. അന്തരിച്ച സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ സഹോദരി കൂടിയായ ഓമനക്കുട്ടി ചിത്രയ്ക്ക് ഗുരു മാത്രമായിരുന്നില്ല, സ്വന്തം മകള്‍ക്കെന്നപോലെ സ്‌നേഹവും വാത്സല്യവും കരുതലും ഒപ്പം സംഗീതവും പകര്‍ന്നു നല്‍കിയ വഴികാട്ടികൂടിയായിരുന്നു. കര്‍ണാടക സംഗീതത്തിലെ മഹാമനീഷികളുടെ നിധികുംഭങ്ങള്‍ രാഗകീര്‍ത്തന പാഠങ്ങളായി ചിത്രയ്ക്കു ഗുരു പകര്‍ന്നു തുടങ്ങി. ഇതിനിടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിന് ഒന്നാം സമ്മാനം. എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ''ഓടക്കുഴലേ... ഓടക്കുഴലേ..'' എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് ചിത്ര ആലപിച്ചത്. സംഗീതലോകം ചിത്രയെ ശ്രദ്ധിച്ചുതുടങ്ങി. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് സിനിമാ ഗാനരംഗത്തേയ്ക്കുള്ള ചിത്രയുടെ ആദ്യചുവടുവയ്പ്പ്. ഓ.വി.ആര്‍. എന്ന സംഗീതസംവിധയകനായിരുന്നു ജ്യോതിസേ.. എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത്. പക്ഷേ വൈദ്യുതി തകരാര്‍ ആ റെക്കോഡിന് തടസമായി.
ഇന്നത്തെപ്പോലെ സാങ്കേതിക സൗകര്യങ്ങള്‍ അന്ന് വളര്‍ന്നിട്ടില്ല. ചിത്രയെ അവതരിപ്പിച്ച സംഗീതസംവിധായകന്‍ എന്ന തൂവല്‍ അങ്ങനെ എം.ജി. രാധാകൃഷ്ണനു സ്വന്തമായി.
കെ. എസ് ചിത്രയിലെ ഗായികയെ വളര്‍ത്തിയതില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പിന്തുണയുമുണ്ടായിരുന്നു. ആറുവയസ്സുള്ളപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ യേശുദാസിന്റെ കച്ചേരികേള്‍ക്കാന്‍ വാശിപിടിച്ച് കരഞ്ഞ ചിത്ര അന്ന് കച്ചേരികഴിഞ്ഞ് ഇറങ്ങിയ യേശുദാസിനെ പരിചയപ്പെട്ടത് അച്ഛന്റെ തോളത്തിരുന്നാണ്. ഒരിക്കല്‍ യേശുദാസിനൊപ്പം ഗാനമേളയ്ക്ക് പാടാനെത്തിയ സുജാതയെ ആരോഗ്യസ്ഥിതി പാടാന്‍ അനുവദിക്കാതിരുന്നപ്പോള്‍ പരിപാടി കേള്‍ക്കാനെത്തിയ ചിത്രയെ വേദിയിലേയ്ക്ക് ക്ഷണിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സംഗീത വഴികളില്‍ ചിത്രയേയും ഒപ്പംകൂട്ടി.
സിനിമാ സംഗീത ലോകത്തേയ്ക്ക് ചിത്രയെന്ന ഗായികയെ വീണ്ടും അവതരിപ്പിച്ചത് എം.ജി. രാധാകൃഷ്ണന്‍തന്നെ ആയിരുന്നു. 1979 ല്‍ 'അട്ടഹാസം'മെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം അദ്ദേഹത്തിനുവേണ്ടി പാടി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തിയത്. ഇതിനിടെ പത്മരാജന്‍ സംവിധാനം ചെയ്ത 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തില്‍ രാധാകൃഷ്ണന്റെ തന്നെ സംഗീതത്തില്‍ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്ന ഈ ഗാനം പാടി. പിന്നണി ഗായിക എന്ന നിലയില്‍ ചിത്ര പാടി പുറത്തിറങ്ങിയ ആദ്യം ചലച്ചിത്രഗാനമായിരുന്നു അത്. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലെ രജനീ... പറയൂ....., പ്രണയ വസന്തം തളിരണിയുമ്പോള്‍.. എന്നീ ഗാനങ്ങള്‍ എം.ജി.ആറിന്റെതന്നെ ഈണത്തില്‍ ആലപിച്ചപ്പോള്‍ അന്ന് മലയാളചലച്ചിത്രഗാനങ്ങള്‍ പാടിയിരുന്ന അന്യഭാഷാ ഗായികമാരുടേതില്‍നിന്ന് വ്യത്യസ്തമായ ഈ ലളിതസുന്ദരശബ്ദം മലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിറയുകയായിരുന്നു. പിന്നീട് ധാരാളം ചിത്രങ്ങള്‍, സംഗീത സംവിധായകര്‍, ലത്തീന്‍ ഉള്‍പ്പെടെ വിവിധ ഭാഷകള്‍.. ചിത്രയുടെ സംഗീതധാര ശാന്തമായി മുന്നോട്ട് ഒഴുകി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്നക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. 1986ല്‍ 'സിന്ധുഭൈരവി'യിലെ പാടറിയേന്‍ പടിപ്പറിയേന്‍ എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയഅവാര്‍ഡ് നേടിക്കൊടുത്തു. ചിത്രയുടെ ശബ്ദമാധുരി ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് പറന്നുതുടങ്ങി. സംഗീതം മുഖ്യവിഷയമായി ബിരുദാന്തരബിരുദം നേടിയ ചിത്രയ്ക്ക് സത്യഭാമ യൂണിവേഴ്‌സിറ്റി ഓണറെറി ഡോക്ടറേറ്റും സമ്മാനിച്ചു.
മലയാളം, തമിഴ്, തെലുങ്ക്,കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും പലതവണ ചിത്രയെ തേടിയെത്തി. 2005 ല്‍ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.
തികഞ്ഞ കൃഷ്ണഭക്തയാണ് ചിത്ര. 2002 ല്‍ പുറത്തിറങ്ങിയ 'നന്ദനം' എന്ന രഞ്ജിത്ത് ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികത്തുമ്പില്‍ പിറന്ന ''കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍... '' എന്നു തുടങ്ങുന്ന വരികളെ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന്‍ ചിത്രയെന്ന ഗായികയ്ക്ക് നല്‍കിയതും നിമിത്തമായിരിക്കാം. ചന്ദന സുഗന്ധമുള്ള ആ വരികള്‍ക്ക് ചിത്ര ജീവന്‍ നല്‍കി. പാട്ടിന്റെ അവസാന ഭാഗത്തുള്ള കൃഷ്ണാ... എന്ന വിളിയിലെ വേദന ഭഗവാന്‍ തൊട്ടറിഞ്ഞുവോ? നീണ്ടകാത്തിരിപ്പിനവസാനമായി ചിത്രയ്ക്ക് മകളായി നന്ദനയെ സമ്മാനിച്ചു.
നന്ദന ഒപ്പമുണ്ടായിരുന്ന
2002-2011 കാലത്ത് ചിത്രയെ തേടിയെത്തിയ അംഗീകാരങ്ങളും ഏറെ. ഒരുപക്ഷേ കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയേറെ സന്തോഷിച്ച ആരുംതന്നെ ഉണ്ടാവില്ല. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടി സംഗീതലോകത്ത് ആരാധകരെ സൃഷ്ടിച്ചകാലം. സന്തോഷക്കടലിലേയ്ക്ക് ദുരന്തം ഏതൊക്കെ രൂപത്തിലാവും കടന്നു വരിക? 2011 ലെ വിഷുദിനത്തില്‍ ദുബായിലെ എമിറേറ്റ് ഹില്‍സിലുള്ള വസതിയിലെ നീന്തല്‍ക്കുളത്തില്‍ നന്ദന ജലസമാധിയായി. ആറ്റുനോറ്റിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ടപ്പോള്‍ അത് ചിത്രയെന്ന ഗായികയുടെ പതനമാകരുതേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അനേകായിരങ്ങള്‍ കാത്തിരുന്നു. ആ പ്രാര്‍ത്ഥനകള്‍ സഫലമാക്കിക്കൊണ്ട് ചിത്രവീണ്ടും പാട്ടിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തി. തന്റെ ജന്മം സംഗീതത്തിന് സമര്‍പ്പിക്കപ്പെട്ടതാണെന്ന തിരിച്ചറിവോടെ നെഞ്ചിലെ നെരിപ്പോടുകള്‍ കെടുത്തി തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി ചിത്ര വീണ്ടും പാടി. എം.ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിലൂടെയായിരുന്നു രണ്ടാം വരവ്. 'സ്‌നേഹം ഇഷ്ടം=അമ്മ' എന്ന ആ ചിത്രത്തിന്റെ പേരും ചിത്രയുടെ രണ്ടാം വരവ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നോ?
ഭര്‍ത്താവ് വിജയ്ശങ്കനോടൊപ്പം ചെന്നൈയിലാണ് താമസം. ഗൂഗിളില്‍ കെ.എസ് ചിത്ര എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ തെളിയുന്ന ഓരോ ചിത്രങ്ങളിലൂടെയും കണ്ണോടിക്കുമ്പോള്‍ നാം തന്നെ അറിയാതെ പുഞ്ചിരിച്ചുപോകും. എങ്ങും പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രം. അന്‍പതാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോഴും ആ മുഖത്ത് വിരിയുന്നത് കുട്ടിത്തംകൈവിടാത്ത കുസൃതിച്ചരി. അത് നമ്മെ എന്നും വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കട്ടെ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment