സധാരണജനങ്ങളും
മരുന്നുവിലയും
രാജ്യത്തെ മരുന്നുപയോഗത്തിന്റെ വലിയൊരു പങ്ക് കേരളത്തിലാണെന്നാണ് കണക്ക്. ബഹുരാഷ്ട്ര കമ്പനികളും രാജ്യത്തെ വന്‍കിട നിര്‍മാതാക്കളും നിര്‍മിക്കുന്ന മരുന്നുകളും ഇവിടെ ധാരാളം വിറ്റഴിയുന്നുണ്ട്. വിലനിയന്ത്രണ വിജ്ഞാപനം വരും മുന്‍പ് നിര്‍മിച്ച് വില്പനശാലകളിലെത്തിച്ച മരുന്നുകളിന്മേല്‍ പുതുക്കിയ വില കാണിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ചു മാത്രമേ തിങ്കളാഴ്ച മുതല്‍ വില്‍ക്കാന്‍ പാടുള്ളൂ. ചില്ലറ വില്പനശാലകളില്‍ എത്തിയ മരുന്ന് തിരികെ കൊണ്ടുവന്ന് പുതിയ സ്റ്റിക്കര്‍ ഒട്ടിക്കല്‍ അത്ര എളുപ്പമല്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ചില്ലറ വില്‍പനക്കാര്‍ പഴയ വിലയ്ക്കുള്ള മരുന്നുകള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് തിരിച്ചു നല്‍കണം. അവരത് സൂപ്പര്‍ സ്റ്റോക്കിസ്റ്റുകള്‍ക്കെത്തിക്കും. അവിടെ ഇത്തരം മരുന്നുകള്‍ എത്രയുണ്ടെന്ന വിവരം സ്റ്റോക്കിസ്റ്റുകള്‍ കമ്പനികളെ അറിയിക്കും. അതനുസരിച്ച് പുതുക്കിയ വിലയുടെ നിശ്ചിത എണ്ണം സ്റ്റിക്കറുകള്‍ മരുന്നു നിര്‍മാതാക്കള്‍ അവിടെ എത്തിച്ചു നല്‍കുകയും ഒട്ടിക്കുകയുമാണ് ചെയ്യേണ്ടത്. മരുന്നുകളുടെ ചിലതരം പാക്കേജുകള്‍ സ്റ്റിക്കര്‍ ഒട്ടിക്കാനായി പൊട്ടിച്ചാല്‍ വീണ്ടും അതേവിധം പാക്ക് ചെയ്യാന്‍ തിരികെ കമ്പനിയില്‍ത്തന്നെ കൊണ്ടുപോകേണ്ടിവരും. ഇത്തരത്തില്‍ പല പ്രായോഗികപ്രശ്‌നങ്ങളും ഇക്കാര്യത്തിലുണ്ടെന്നാണ് മരുന്ന് നിര്‍മാതാക്കളുടെ പരാതി.
വിജ്ഞാപനം വന്ന് 45 ദിവസത്തിനകവും വിറ്റു തീരാത്ത മരുന്നുകളെ സംബന്ധിച്ചിടത്തോളമാണ് ഈ നടപടികള്‍ ആവശ്യമായി വരുന്നത്. വിജ്ഞാപനം വരും മുന്‍പ് ഉത്പാദിപ്പിച്ച ബാച്ചുകളിലെ മരുന്നുകള്‍ക്ക് വിലനിയന്ത്രണത്തില്‍ ഇളവനുവദിച്ചാല്‍ മാറ്റം സുഗമമാവുമെന്നും മരുന്നുനിര്‍മാതാക്കള്‍ പറയുന്നു. വന്‍കിട മരുന്ന് നിര്‍മാതാക്കളായ സിപ്ലയ്ക്ക് ഇക്കാര്യത്തില്‍ സഹായകരമായ ഇടക്കാല ഉത്തരവ് ഡല്‍ഹി ഹൈക്കോടതി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാല്‍, ഇതിനകം നല്‍കിയ സമയപരിധിക്കകം ഈ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നാണ് അധികൃതരുടെ നിലപാട്. അതെന്തായാലും ദേശീയ മരുന്നുവില അതോറിറ്റിയുടെയും മരുന്ന് നിര്‍മാതാക്കളുടെയും വ്യത്യസ്ത നിലപാടുകള്‍ക്കിടയില്‍പ്പെട്ട് വിപണിയില്‍ മരുന്ന് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാവരുത്. മിതമായ വിലയ്ക്ക് എല്ലായ്‌പ്പോഴും എവിടെയും മരുന്ന് കിട്ടുമെന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഓരോ തരത്തിലുംപെട്ട മരുന്നുകളുടെ വിപണിവിലയുടെ ശരാശരിയാണ് പുതുക്കിയ മാനദണ്ഡമനുസരിച്ച് അതത് മരുന്നിന്റെ പരമാവധി വിലയായി നിശ്ചയിച്ചിട്ടുള്ളത്. അതനുസരിച്ച് പല മരുന്നുകളുടെയും വിലയില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment