Pages

Tuesday, July 30, 2013

ആദിവാസികള്‍ക്കായി നമുക്ക്‌ മുതലക്കണ്ണീര്‍ വീഴ്‌ത്താം

1351165612_km_roy.jpgആദിവാസികള്ക്കായി
നമുക്ക്മുതലക്കണ്ണീര്വീഴ്ത്താം
                                 മനഃസാക്ഷിയുടേയും മനുഷ്യത്വത്തിന്റേയും നേരെ മുഖം തിരിച്ചു നിന്നുകൊണ്ട്‌ കേരളത്തിലുള്ളവര്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന്‌ വയനാട്ടിലേയും അട്ടപ്പാടിയിലേയും നിന്ദിതരും പീഡിതരും ചൂഷിതരുമായ ആദിവാസികളെച്ചൊല്ലി കുറേനേരം മുതലക്കണ്ണീര്‍ പൊഴിക്കാം.അതിന്റെ മുന്നില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും നേതാക്കന്മാരേയും മാധ്യമപ്രവര്‍ത്തകരേയും സാമൂഹിക പ്രവര്‍ത്തകരേയും പോലീസ്‌ ഉദ്യോഗസ്‌ഥന്മാരേയും നമുക്കു നിര്‍ത്താം. അവരുമെല്ലാം ചേര്‍ന്നുള്ള മുതലക്കണ്ണീര്‍ പ്രവാഹം ഹതഭാഗ്യരായ ആദിവാസികള്‍ക്ക്‌ അല്‍പമെങ്കിലും ആശ്വാസമാകുമെങ്കില്‍ ആയിക്കൊള്ളട്ടെ.
ഇനിയും മനുഷ്യരായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഭാഗികമായെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ നാട്ടിലെ രാഷ്‌ട്രീയ നേതാക്കള്‍ ഇപ്പോഴും ചെയ്‌തുകൊണ്ടിരിക്കുന്നത്‌ ആദിവാസികളുടെ പേരില്‍ പ്രസ്‌താവനകളിറക്കുകയും അതേച്ചൊല്ലി വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ മാധ്യമങ്ങളില്‍ അവരുടെ മുഖങ്ങള്‍ തെളിയിച്ചു നിര്‍ത്തുകയുമാണ്‌. കാരണം ആദിവാസികള്‍ക്ക്‌ അതിനൊക്കെ മാത്രമേ അര്‍ഹതയുള്ളൂ എന്നു കരുതുന്നവരാണീ നേതാക്കള്‍.
അച്ചടി മാധ്യമങ്ങളില്‍ ലേഖനപരമ്പരയെഴുതുന്നതുകൊണ്ടും ദൃശ്യമാധ്യമങ്ങളില്‍ ചാനല്‍ ചര്‍ച്ച നടത്തുന്നതുകൊണ്ടും മാത്രം ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയില്ല. സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടനുസരിച്ച്‌ 1956-ല്‍ കേരളം രൂപീകരിച്ചതിനു ശേഷം ആദിവാസി ക്ഷേമത്തിനുവേണ്ടി ഇന്നേവരെ വിവിധ പദ്ധതികളനുസരിച്ച്‌ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്‌ .

mangalam malayalam online newspaperരണ്ടായിരത്തിത്തൊള്ളായിരത്തില്‍പരം കോടി രൂപയാണ്‌. ഞാന്‍ ഈ പംക്‌തിയില്‍ നേരത്തെ എഴുതിയിട്ടുള്ളതുപോലെ 2900 കോടി രൂപ ആദിവാസി ക്ഷേമത്തിനുവേണ്ടി യഥാര്‍ഥത്തില്‍ വിനിയോഗിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന്‌ വയനാട്ടിലെ ആദിവാസികള്‍ എല്ലാ ദിവസവും ഹെലിക്കോപ്‌ടറില്‍ കോഴിക്കോട്ടു ചെന്ന്‌ ഷോപ്പിംഗ്‌ നടത്തി തിരിച്ചു പോവുമായിരുന്നു. അവര്‍ക്കു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ നാം കവര്‍ന്നെടുത്ത ചൂഷണത്തിന്റെ കഥ നമുക്കു മാറ്റിവയ്‌ക്കാം. കാരണം ഇത്രയും കോടി രൂപയുടെ ഗണ്യമായ ഭാഗം വിഴുങ്ങിയത്‌ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്‌ഥ മേധാവികളും സാമൂഹിക പ്രവര്‍ത്തകരും എന്തിന്‌ അതിനു കൂട്ടുനിന്ന മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ്‌.
യഥാര്‍ഥത്തില്‍ ആദിവാസികളുടെ പ്രത്യേകിച്ച്‌ വയനാട്‌, അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ പ്രശ്‌നമെന്താണ്‌? അത്‌ അവരുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്‌. ഒരു പിച്ചക്കാരനാണെങ്കിലും അവനും പട്ടിണിയേക്കാള്‍ വലുതായി ഒരു അഭിമാനമുണ്ടെന്ന്‌ സമ്മതിച്ചുകൊടുക്കാന്‍ നാം തായാറാകണം. അതിനു നാം തയാറാകുമെങ്കില്‍ അവിവാഹിതരായ അമ്മമാരാണ്‌ ആദിവാസി സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. വയനാട്‌, അട്ടപ്പാടി മേഖലയില്‍ മാത്രം ഒടുവിലത്തെ കണക്കുകളനുസരിച്ച്‌ 935 അവിവാഹിതകളായ അമ്മമാരാണുള്ളത്‌. സമൂഹം അവമതിപ്പോടെ കാണുന്ന ആ ഹതഭാഗ്യകള്‍ക്കുവേണ്ടി ഏതു പാര്‍ട്ടിയുടെ ഏതു നേതാവാണ്‌ ഏതു മാധ്യമപ്രവര്‍ത്തകനാണ്‌ ഇന്നേവരെ ശബ്‌ദമുയര്‍ത്തിയിട്ടുള്ളത്‌?
അവിവാഹിതകളായ അമ്മമാരുടെ പ്രശ്‌നമെന്നത്‌ ജനാധിപത്യ രാജ്യത്ത്‌ ഇന്നൊരു പ്രശ്‌നമേയല്ല. താന്‍ ഗര്‍ഭം ധരിച്ച കുഞ്ഞിന്റെ പിതാവ്‌ ഇന്നയാളാണെന്ന്‌ ഒരു സ്‌ത്രീ പറഞ്ഞാല്‍ ആ കുഞ്ഞിന്റേയും ആ മനുഷ്യന്റേയും രക്‌തം ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കു വിധേയമാക്കാം. ഡി.എന്‍.എ. പരിശോധനയില്‍ പിതൃത്വം സംശയരഹിതമായി തെളിയിക്കപ്പെടുകയും ചെയ്യാം.പക്ഷേ, അതു ചെയ്യാന്‍ ധൈര്യമുള്ളവര്‍ കേരളത്തിലെ ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലും ഇതേവരെ ഉണ്ടായിട്ടില്ല, ഒരു മന്ത്രിസഭയും ഇവിടെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്തുനിന്നു വന്ന ചില സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥന്മാര്‍ പറഞ്ഞ മറുപടി ആദിവാസി പെണ്ണുങ്ങളുടെ ആരോപണമനുസരിച്ച്‌ പുരുഷന്മാര്‍ ഇങ്ങനെ ഡി.എന്‍.എ. പരിശോധനയ്‌ക്കു വിധേയരാകാന്‍ സമ്മതിക്കുന്നില്ല എന്നാണ്‌. ഇങ്ങനെ വിസമ്മതിക്കുന്ന പുരുഷന്മാരെ ഇന്ത്യയിലെ ക്രിമിനല്‍ പ്ര?സീജിയര്‍ കോഡ്‌ 53-ാം വകുപ്പനുസരിച്ച്‌ അറസ്‌റ്റ് ചെയ്‌ത് അയാളില്‍ നിന്ന്‌ ബലമായി രക്‌തമെടുത്ത്‌ പരിശോധന നടത്താന്‍ വ്യവസ്‌ഥയുണ്ട്‌. നമ്മുടെ രാഷ്‌ട്രീയ ഭരണാധികാരികള്‍ അവരുടെ നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ കാരണം അതിനു തയാറാകുന്നില്ല എന്നതാണ്‌ ക്രൂരമായ സത്യം.
സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി കേരളത്തില്‍ രൂപീകരിക്കപ്പെട്ടതാണ്‌ വനിതാ കമ്മിഷനുകള്‍. ഒരു കോടതിയുടേതുപോലെ വിപുലമായ അധികാരമുള്ളതാണ്‌ വനിതാ കമ്മിഷനുകള്‍. വനിതകളുടെ മാത്രമല്ല പുല്‍ക്കൊടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോലും നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന കവയത്രി സുഗതകുമാരി മുതല്‍ സംസ്‌ഥാനത്തെ പരമോന്നത നീതിപീഠത്തില്‍ വിരാജിച്ച ജസ്‌റ്റീസ്‌ ഡി. ശ്രീദേവി വരെ വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍മാരായിട്ടുള്ള സംസ്‌ഥാനമാണു കേരളം. പക്ഷേ, ആദിവാസി പെണ്ണുങ്ങളുടെ പ്രശ്‌നം വന്നപ്പോള്‍ അവരെല്ലാം മുഖം തിരിച്ചു കളയുന്നതു കേരളം കണ്ടു.
വയനാട്ടില്‍ ഏറ്റവും ഹതഭാഗ്യയായ ഒരു ആദിവാസി സ്‌ത്രീയുണ്ടായിരുന്നു. പേരു ജാനു. നാം അറിയുന്ന നേതാവ്‌ ജാനുവല്ല. ഹതഭാഗ്യയായ പാവപ്പെട്ട ജാനു മാനന്തവാടി പട്ടണത്തിലെ തെരുവില്‍ ശരീരം വിറ്റു നടന്ന നിര്‍ഭാഗ്യവതിയാണ്‌. നാട്ടിലെ പ്രമാണിമാരുടെ ബംഗ്ലാവില്‍ വീട്ടുജോലിക്കു നിന്ന ആദിവാസിയായിരുന്നു ജാനു. രണ്ടു ബംഗ്ലാവില്‍നിന്നും ജാനുവിനു കിട്ടിയത്‌ ഗര്‍ഭമായിരുന്നു.

അവിഹിത ഗര്‍ഭം പേറി രണ്ടുതവണ പ്രസവിച്ച ജാനുവിന്‌ സമൂഹം ഊരുവിലക്കു കല്‌പിച്ചപ്പോള്‍ മാനന്തവാടി ടൗണില്‍ നടന്ന്‌ ആ ആദിവാസി സ്‌ത്രീ ശരീരം വിറ്റ്‌ ജീവിക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ സംസ്‌ഥാന വനിതാ കമ്മിഷനു പരാതി കൊടുത്ത്‌ ഡി.എന്‍.എ. ടെസ്‌റ്റിലൂടെ കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാന്‍ കഴിയുമെന്ന കാര്യം മനുഷ്യത്വമുള്ള സാമൂഹിക പ്രവര്‍ത്തകന്‍, ജാനുവിനെ അറിയിച്ചത്‌. അതുകൊണ്ട്‌ തന്റെ കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാന്‍ രക്‌തപരിശോധന നടത്തണമെന്നപേക്ഷിച്ചുകൊണ്ട്‌ ജാനു വനിതാ കമ്മിഷന്‌ അപേക്ഷ സമര്‍പ്പിച്ചു.
അതിന്റെ ഫലം അതിക്രൂരമായിരുന്നു. മൂന്നുനാലു ദിവസത്തിനുള്ളില്‍ ജാനുവിന്റെ മൃതദേഹം മാനന്തവാടി പുഴയില്‍ പൊങ്ങി. എന്നെപ്പോലെ രണ്ടോ മൂന്നോ പത്രപ്രവര്‍ത്തകര്‍ ഈ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചെഴുതി. പക്ഷേ, ഒരു ചുക്കും സംഭവിച്ചില്ല. അതാണ്‌ കേരളം. ഈ ക്രൂരതയ്‌ക്കും അതിക്രൂരമായ ആദിവാസി ചൂഷണത്തിനും എന്നെങ്കിലും അറുതിയുണ്ടാകുമോ?

നാടു കൈവരിച്ച നേട്ടങ്ങളുടെ സല്‍ഫലങ്ങളെല്ലാം അനുഭവിച്ചുകൊണ്ടു ജീവിക്കുന്ന കേരളത്തിലെ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും മറ്റും ആവശ്യം തങ്ങള്‍ക്ക്‌ ഇടയ്‌ക്കിടെ കാണാനായി കാഴ്‌ചബംഗ്ലാവിലെ മൃഗങ്ങളെപ്പോലെ മലയിടുക്കുകളില്‍ എല്ലാ ചൂഷണങ്ങള്‍ക്കും എല്ലാ ദുശീലങ്ങള്‍ക്കും അടിമപ്പെട്ട്‌ രോഗാവസ്‌ഥയില്‍ ജീവിക്കുന്ന ആദിവാസിക്കൂട്ടങ്ങളെയാണ്‌. ഈ ആദിവാസികളെ നാട്ടിലേക്കു കൊണ്ടുവന്ന്‌ പരിഷ്‌കൃത മനുഷ്യരാക്കി മാറ്റുന്നതില്‍ നമുക്കൊന്നും താല്‌പര്യമില്ല. അതാണു നാം ചെയ്യേണ്ടത്‌. ആദിവാസികളുടെ സ്വത്വം നിലനിര്‍ത്താന്‍ അവരെ മലയിടുക്കുകളിലും കാടുകളിലും തന്നെ താമസിപ്പിക്കണമെന്ന്‌ നാം വാശി പിടിക്കുന്നത്‌ അതുകൊണ്ടാണ്‌. നമ്മുടേയും നമ്മുടെ ഭരണാധികാരികളുടേയും ഈ മനോഭാവം മാറാതെ കേരളത്തിലെ ആദിവാസികള്‍ക്കൊരിക്കലും മോചനമുണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.അതുകൊണ്ട്‌ അനാവശ്യ വിവാദങ്ങളുണ്ടാക്കി ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന്‌ നാടിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ആദിവാസികളായ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും മദ്യപാനശീലം ഒരു പ്രശ്‌നമാണെന്ന്‌ ഈയിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി. ജോസഫും അഭിപ്രായപ്പെട്ടത്‌ ആദിവാസികളുടെ അഭിമാനത്തെ ചോദ്യം ചെയ്‌ത കാര്യമായി പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.

സി.പി.എമ്മിന്റെ വക്‌താവായി രംഗത്തു വന്നത്‌ ഡോ. ബി. ഇക്‌ബാലാണ്‌. മുഖ്യമന്ത്രിയും സഹമന്ത്രിയും ആദിവാസികളെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട്‌ ഡോ. ഇക്‌ബാല്‍ പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ തന്നെ അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു ആദിവാസി ഗര്‍ഭിണികള്‍ വരെ മദ്യത്തിന്‌ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ എന്ന്‌. എങ്കിലും മുഖ്യമന്ത്രിക്കും മറ്റും അത്‌ തുറന്നു പറഞ്ഞ്‌ ആദിവാസികളെ അപമാനിക്കണമായിരുന്നോ എന്നാണ്‌ ഹൃദയവ്യഥയോടെ ഡോക്‌ടര്‍ ചോദിച്ചത്‌.രാഷ്‌ട്രീയ തിമിരം മൂലം നടത്തുന്ന ആത്മവഞ്ചനകളില്‍ നിന്ന്‌ എന്നാണോ കേരളം മോചനം നേടുന്നത്‌?

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: