Pages

Monday, July 1, 2013

സംസ്ഥാനത്ത് ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതൽ ഉണ്ടാകണം


   സംസ്ഥാനത്ത് ന്യായവില മെഡിക്കല്‍

        സ്റ്റോറുകള്‍ കൂടുതൽ  ഉണ്ടാകണം 

സംസ്ഥാനത്ത് ന്യായവിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍താലുക്ക്  അടിസ്ഥാനത്തിൽ  കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ സർക്കാർ  തയ്യാറാകണം . ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് നാട്ടുകാരിലെത്തിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയിട്ടുള്ളത്. പൊതുവിതരണവകുപ്പിനു കീഴില്‍ നിലവില്‍ ഇത്തരം 90 സ്‌റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനുപുറമേ 27 മരുന്നുവില്പനശാലകളാണ് തുടങ്ങുന്നത്. തികച്ചും നല്ല കാര്യമാണിത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ മരുന്നുകള്‍ക്കുമുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വില്പനയുടെ 10 മുതല്‍ 50 ശതമാനം വരെ വില കുറച്ചാണ് മരുന്ന് സാധാരണക്കാരിലെത്തിക്കുന്നത്. മരുന്നുവില വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംരംഭം വളരെ ഗുണകരമാണ്. സിവില്‍ സപ്ലൈസ് വകുപ്പിനെ  അഭിനന്ദിക്കുന്നു .സ്വകാര്യവില്പനശാലകള്‍ മിക്കപ്പോഴും മരുന്നിന്മേല്‍ രേഖപ്പെടുത്തിയ പരമാവധിവില ഈടാക്കി വന്‍നേട്ടമുണ്ടാക്കുന്നുണ്ട്. മരുന്നിന്റെ കാര്യത്തില്‍ സാധാരണക്കാര്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ മാവേലി സ്റ്റോറുകള്‍ വഴിയും മറ്റുമുള്ള മരുന്നുവില്പന ഒരു പരിധി വരെ സഹായകമായിട്ടുണ്ട്. 
സപ്ലൈകോയുടെ പുതിയ മരുന്നുകടകള്‍ നിലവില്‍ വേണ്ടത്ര ന്യായവിലമരുന്നുകടകളില്ലാത്ത പിന്നാക്ക പ്രദേശങ്ങളിലാവണം. ആദിവാസിമേഖലകളില്‍ സഹായമെത്തിക്കാന്‍ സഞ്ചരിക്കുന്ന മാവേലി മെഡിക്കല്‍ സ്റ്റോറുകളോ സ്ഥിരം വില്പനശാലകളോ തുടങ്ങാവുന്നതാണ്. ആദിവാസികള്‍ക്കിടയില്‍ ചികിത്സ, മരുന്ന് തുടങ്ങിയവയുടെ കാര്യത്തില്‍ കടുത്ത അജ്ഞതയും അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും യഥാസമയം ചികിത്സയും മരുന്നും കിട്ടാത്തതുകൊണ്ട് ആദിവാസിമേഖലയില്‍ ഒട്ടേറെ മരണം സംഭവിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാറിന്റെ ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സാധിച്ചെന്നുവരും. നിലവില്‍ തിരുവനന്തപുരം, എറണാകുളം എന്നീ മേഖലകളില്‍ മുപ്പത് വീതം മാവേലി മരുന്നുകടകള്‍ സപ്ലൈകോയുടെ കീഴിലുണ്ട്. എന്നാല്‍ കോഴിക്കോട്, പാലക്കാട് മേഖലകളില്‍ ഒമ്പതെണ്ണം വീതമേയുള്ളൂ. ഇക്കാര്യം പരിഗണിച്ചാവണം പുതുതായി തുടങ്ങുന്ന 27 സ്റ്റോറുകളില്‍ പത്തെണ്ണം വീതം പാലക്കാട്, കോഴിക്കോട് മേഖലകള്‍ക്കായി നീക്കിവെച്ചിട്ടു ള്ളത്. പിന്നാക്കമേഖലകളിലുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായ രീതിയിലാവണം പുതിയ ന്യായവില സ്‌റ്റോറുകള്‍ തുടങ്ങേണ്ടത്.

സംസ്ഥാനത്ത് മഴക്കാലത്ത് പലവിധ പകര്‍ച്ചപ്പനികള്‍ പതിവുസംഭവമായിട്ടുണ്ട്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകു പെരുകുന്നതും മാലിന്യക്കൂനകളില്‍ എലി വര്‍ധിക്കുന്നതുമൊക്കെയാണ് പകര്‍ച്ചവ്യാധികളെ ഇവിടെ പതിവുകാരാക്കുന്നത്. അതിനാല്‍ പനി പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യവും മരുന്നിന്റെ ലഭ്യതയും ഉറപ്പാക്കുകയാണ് രോഗങ്ങളെ നിയന്ത്രണാധീനമാക്കാനുള്ള അടുത്തപടി. മാവേലി സ്റ്റോറുകള്‍ ഇക്കാര്യത്തില്‍ ഒരു പരിധിവരെ നാട്ടുകാര്‍ക്ക് സഹായകമാവുന്നുണ്ട്. ഇവയിലൂടെ സാധാരണ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രം എത്തിച്ചാല്‍ പോരാ. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ളതുള്‍പ്പെടെ ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കണം. ജീവിതശൈലിയിലെ മാറ്റം കാരണമാവാം കൂടുതല്‍ പേര്‍ ഇത്തരം രോഗങ്ങള്‍ക്കടിപ്പെടുന്നത്. മുമ്പ് പണക്കാരുടെ രോഗമെന്നറിയപ്പെട്ടിരുന്ന പ്രമേഹവും മറ്റും ഇന്ന് എല്ലാവരിലും കണ്ടുവരുന്നുണ്ട്. അതിനുപുറമേ പുതിയ പല രോഗങ്ങളും ഇവിടെ കണ്ടുവരുന്നു. ചികിത്സാച്ചെലവാകട്ടെ കൈയിലൊതുങ്ങാത്തവിധം വര്‍ധിച്ചുവരികയുമാണ്. ചികിത്സാരംഗം വാണിജ്യവത്കരിക്കപ്പെടുന്നുമുണ്ട്. ഈ ഘട്ടത്തില്‍ മാവേലി സ്‌റ്റോറുകളുടെയും കണ്‍സ്യൂമര്‍ഫെഡറേഷന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളുടെയും പ്രവര്‍ത്തനം ജനത്തിന് ഏറെ ഗുണപ്രദമാകേണ്ടതാണ്. സ്വകാര്യമേഖലയുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരനെ രക്ഷിക്കേണ്ടത് സര്‍ക്കാര്‍, സഹകരണ മേഖലകളിലെ ഇത്തരം സംരംഭങ്ങളാണ്.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: