ആറന്മുള വള്ളസദ്യജൂലൈ 31ന്
തുടങ്ങും
ജൂലായ് 31ന് ആരംഭിക്കുന്ന വള്ളസദ്യകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍മാരായ പി.കെ.കുമാരന്‍, സുഭാഷ്‌വാസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 11ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനക്കൊട്ടിലിലെത്തി ഭദ്രദീപം തെളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ആദ്യദിവസം 15 പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് നടത്തുന്നത്.
ചെറുകോല്‍, പുന്നംതോട്ടം, ഇടശ്ശേരിമല കിഴക്ക്, കോയിപ്രം, പൂവത്തൂര്‍ പടിഞ്ഞാറ്, വെണ്‍പാല, ഉമയാറ്റുകര, വരയന്നൂര്‍, തോട്ടപ്പുഴശ്ശേരി, മാരാമണ്‍, തെക്കേമുറി, തൈമറവുങ്കര, തെക്കേമുറി കിഴക്ക്, ളാക, ഇടയാറന്മുള പള്ളിയോടങ്ങള്‍ക്കാണ് ആദ്യദിനം വള്ളസദ്യ നടക്കുക.തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മയുടെ വഴിപാട് ചെറുകോല്‍ പള്ളിയോടത്തിനും കേരള ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. സുഭാഷ്ചന്ദിന്റെ വഴിപാട് തോട്ടപ്പുഴശ്ശേരി പള്ളിയോടത്തിനുംഒന്നാംദിവസമുണ്ട്.കഴിഞ്ഞവര്‍ഷം 438 വള്ളസദ്യ വഴിപാടുകളാണ് നടന്നത്. ഈ വര്‍ഷം ഇതിനോടകം 348 വള്ളസദ്യ വഴിപാട് ബുക്കിങ് നടന്നുകഴിഞ്ഞു. ഇത് സര്‍വകാല റെക്കോഡാണ്. വള്ളസദ്യ നടക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം പള്ളിയോടസേവാസംഘം നേരിട്ട് നീക്കംചെയ്യാനും നടപടിയായി.
ആഗസ്ത് 28ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ 51 കരകളില്‍നിന്ന് എത്തുന്ന കരനാഥന്മാര്‍ക്കും ക്ഷേത്രത്തില്‍ എത്തുന്ന മറ്റ് ഭക്തര്‍ക്കും സദ്യ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. 501 പറ അരിയുടെ അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പിന് ഭക്തരുടെ മൂന്നും ദേവസ്വം ബോര്‍ഡ്, പള്ളിയോട സേവാസംഘം എന്നിവയുടെ രണ്ടും പ്രതിനിധികള്‍ മേല്‍നോട്ടം വഹിക്കും.
അഷ്ടമിരോഹിണി സദ്യയുടെ സുഗമമായ നടത്തിപ്പിന് മൂന്ന് അംഗീകൃത കരാറുകാര്‍ക്കാണ് വഴിപാട് സദ്യ നടത്താന്‍ അനുമതി.
ഈ വര്‍ഷത്തെ ആറന്മുള ഉത്രട്ടാതി ജലമേള സപ്തംബര്‍ 20ന് നടക്കും. തിരുവോണം ചിങ്ങം 31ന് ആയതിനാല്‍ ഈ വര്‍ഷത്തെ ജലമേള കന്നിമാസത്തിലാണ് നടക്കുന്നത്.
തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തിലെ തിരുവോണസദ്യയ്ക്ക് കാട്ടൂര്‍ ക്ഷേത്രത്തില്‍നിന്ന് ഉത്രാടനാളില്‍ പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനാണ് പമ്പയുടെ കരകളിലെ കരക്കാര്‍ പള്ളിയോടങ്ങള്‍ നിര്‍മിച്ചതെന്നാണ് ഐതിഹ്യം. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഉത്രട്ടാതി ജലമേള ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ വര്‍ഷം ചിങ്ങമാസത്തിലെ ഉത്രട്ടാതി തിരുവോണത്തിന് മുമ്പായതിനാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ക്ഷേത്രക്കടവില്‍ പ്രത്യേകമായി നടത്തും.
സപ്തംബര്‍ 20ന് നടക്കുന്ന ഉത്രട്ടാതി ജലമേള കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. മത്സരവള്ളംകളി കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി ഉദ്ഘാടനം ചെയ്യും.
പകല്‍ ഒന്നിന് ജലഘോഷയാത്രയും തുടര്‍ന്ന് മത്സര വള്ളംകളിയും നടത്തി, 4.30ന് വിജയികള്‍ക്ക് സമ്മാനവും നല്‍കി ജലമേള സമാപിക്കുമെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍.മോഹന്‍, ട്രഷറര്‍ പി. മോഹനചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.ജി.ശങ്കരനാരായണപിള്ള, ജോയിന്റ് സെക്രട്ടറി ജി.സുരേഷ് വെണ്‍പാല എന്നിവര്‍ അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment