Pages

Monday, July 8, 2013

25TH ANNIVERSARY OF PERUMON TRAIN MISHAP

കണ്ണീര്യാത്രയുടെ കാല്നൂറ്റാണ്ട്.
പെരുമെൻനാടിന്റെ ദുരന്ത സ്മരണക്ക് 25 വർഷം 
ഉണ്ണി വി.ജെ.നായര്‍

mangalam malayalam online newspaper ഐലന്റ് എക്സ് പ്രസ് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്കു പതിച്ച് 105 പേരുടെ ജീവന്‍ പൊലിഞ്ഞിട്ട് ഇന്ന്,2013ജൂലൈ8 ,കാല്‍നൂറ്റാണ്ട് തികയുന്നു.
1988 ജൂലൈ എട്ടിലെ മണ്‍സൂണ്‍ കാലത്താണ് കൊല്ലം പെരുമണില്‍ ആ മഹാദുരന്തമുണ്ടായത്. ചാറ്റല്‍മഴയുള്ള ഉച്ചനേരത്ത് ബാംഗ്ലൂരില്‍നിന്നും തിരുവനന്തപുരത്തേക്കുപോയ ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍പാലത്തില്‍നിന്നും അഷ്ടമുടിക്കായലിന്റെ അഗാധതയിലേക്കു പതിച്ചു. 105 ജീവന്‍ ക്ഷണനേരത്തില്‍ പൊലിഞ്ഞു. പരുക്കുകളോടെ നൂറുകണക്കിനാളുകള്‍ രക്ഷപ്പെട്ടു. സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി ജീവന്‍ വെടിഞ്ഞവരും നാട്ടുകാരുടേയും രക്ഷാപ്രവര്‍ത്തകരുടേയും കാരുണ്യഹസ്തത്താല്‍ രക്ഷപ്പെട്ടവരും ദുരന്തത്തിന്റെ ബാക്കിപത്രമായി. ദുരന്തത്തിന്റെ കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍ മരണപ്പെട്ടവരുടെ ആശ്രിതരുടേയും രക്ഷപ്പെട്ടവരുടേയും വിലാപത്തിന് അറുതിയില്ല.
അവരുടെ കൂട്ടത്തില്‍ ഇന്നും ദുരന്തഭൂമിയില്‍ ഓര്‍മയുടെ ചെപ്പുമായി മുടങ്ങാതെയെത്തുന്ന ഒരമ്മയുണ്ട്. കൊല്ലം ഉളിയക്കോവില്‍ മുരളീഭവനത്തില്‍ ശാന്തമ്മ ഉറ്റമകന്‍ മുരളീധരന്‍പിള്ളയുടെ വേര്‍പാടിന്റെ നൊമ്പരവുമായി എല്ലാ ജൂലൈ എട്ടിനും പെരുമണ്‍ ദുരന്തസ്മാരകത്തിലെത്തും. പാലവും അഷ്ടമുടിക്കായലും കുതിച്ചുപായുന്ന ട്രെയിനും ആ അമ്മയുടെ ഓര്‍മകളില്‍ ഇന്നും ഞെട്ടലുണ്ടാക്കും. ഐലന്‍ഡ് എക്‌സ്പ്രസില്‍ ചായക്കച്ചവടമായിരുന്നു മകന് തൊഴില്‍. കാലിചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം എന്നും ഉച്ചയ്ക്ക് കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന അമ്മയെ ഏല്‍പ്പിച്ചിട്ട് വീണ്ടും കച്ചവടത്തിനു പോകുന്നതാണ് ചിട്ട. ആ വരുമാനം ഒന്നുകൊണ്ടുമാത്രമാണ് വീട്ടില്‍ തീ പുകയുന്നത്. ഭാര്യയും മകനും മകളും കൂടി ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. മകന്‍ കൊണ്ടുവരുന്ന ചില്ലിക്കാശില്‍ ജീവിതം തള്ളിനീക്കുന്ന ആ കുടുംബത്തിന്റെ എല്ലാ ആശ്രയവും തട്ടിത്തെറിപ്പിച്ചാണ് ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്കു പതിച്ചത്. മകന്‍ സ്‌റ്റേഷനിലെത്തുന്നതുനോക്കി പ്രതീക്ഷയോടെയിരുന്ന ആ അമ്മയ്ക്ക് മകന്റെ മരണവിവരമാണ് അറിയാന്‍ കഴിഞ്ഞത്. മരിക്കുമ്പോള്‍ മകന് 29 വയസായിരുന്നു. മുരളീധരന്‍പിള്ളയുടെ മകന് അഞ്ചുവയസും മകള്‍ക്ക് രണ്ടു വയസും. മകന്റെ പറക്കമുറ്റാത്ത കുട്ടികളെകൂടി മറോടുചേര്‍ത്താണ് ആ അമ്മയും മരുമകളും പിന്നീടുള്ള ജീവിതം തള്ളിനീക്കിയത്. മുരളീധരന്‍പിള്ളയുടെ മകന് ഇപ്പോള്‍ 30 വയസായി. മകളെ കെട്ടിച്ചയച്ചു. അവകാശികള്‍ക്ക് ജോലിനല്‍കുമെന്ന ഉറപ്പ് പാലിക്കാത്തതിനാല്‍ മുരളീധരന്‍പിള്ളയുടെ മകനിപ്പോഴും തൊഴില്‍തേടി അലയുന്നു. കുടുംബത്തിന്റെ സകല പ്രതീക്ഷയുമായിരുന്ന മകന്റെ മരണം ഒരമ്മയുടെ ജീവിതത്തില്‍ വേദനയുടെ നെരിപ്പോടു കത്തിച്ചു. ആ ഓര്‍മയുടെ ശ്രാദ്ധദിവസമാണ് 77-ാം വയസിലും പെരുമണിന്റെ ദുരന്തഭൂമിയില്‍ ആ അമ്മയെ എത്തിക്കുന്നത്. കുറേ നൊമ്പരപുഷ്പങ്ങളും ദുഃഖത്തീയില്‍ കൊളുത്തിയ ഒരുപിടി ചന്ദനത്തിരിയും സമര്‍പ്പിച്ച് ഇന്നും ആ അമ്മ മടങ്ങും; മകന്റെ സ്മരണമാത്രം അവശേഷിക്കുന്ന മനസുമായി. ഇന്നത്തെ ദിവസം കഴിഞ്ഞാല്‍ ഇനി പെരുമണില്‍ പോകില്ലെന്നും പ്രായാധിക്യത്താല്‍ തളര്‍ന്ന ശാന്തമ്മ പറഞ്ഞു.
ഇതുപോലെ മകനേയും മകളേയും മറ്റു ബന്ധുക്കളേയും നഷ്ടപ്പെട്ടവരുടെ നിരവധി കഥകള്‍ വേറേയുണ്ട്. അവരില്‍ രക്ഷകനായി എത്തി മകന്റെ മൃതദേഹം കാണേണ്ടിവന്ന പിതാവുമുണ്ട്. അഞ്ചാലുംമൂട് സ്വദേശി ചെല്ലപ്പനാണ് ആ ഹതഭാഗ്യന്‍.
രക്ഷപ്പെട്ടവരുടെ കഥകളും ദുരന്തസ്മരണയുടെ ബാക്കിപത്രമാണ്. അവരുടെ കൂട്ടത്തില്‍ എം.എ. ബേബി എം.എല്‍.എയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയും മകന്‍ അപ്പുവുമുണ്ട്. നാലുവയസുകാരനായ അപ്പുവുമൊത്ത് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും കൊല്ലത്തേക്കു ഐലന്‍ഡ് എക്‌സ്പ്രസില്‍ തിരിച്ചതാണവര്‍. കൂടെ ഭര്‍ത്താവ് എം.എ. ബേബിയും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ എം.എ. ബേബി തലേന്ന് യാത്രമാറ്റിവച്ചു. ഭാര്യയോടും മകനോടും കൊല്ലത്തേക്കു പോകാന്‍ പറഞ്ഞു. സ്ലീപ്പര്‍ക്ളാസിലെ യാത്രക്കാരായിരുന്നു ഇവര്‍. മകനെ മടിയിലുറക്കി വാരിക വായിച്ചിരിക്കേയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടില്‍നിന്നും അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. പിടിവിട്ടുപോയ മകനും ഒടുവില്‍ ദൈവകാരുണ്യത്താല്‍ രക്ഷപ്പെട്ടു. ഇന്നും ഞെട്ടലുണ്ടാക്കുന്നതാണ് ആ ദുരന്തം.
ഉറ്റവരും ഉടയവനും നഷ്ടപ്പെട്ടവരും അപകടത്തില്‍ രക്ഷപ്പെട്ട് കഴിയുന്നവരും ഒരുപോലെ ദുരന്തസ്മരണ പേറുമ്പോഴും ഇന്നും അജ്ഞാതമാണ് ട്രെയിന്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം. ദുരന്തത്തില്‍ മരിച്ചവരുടെ ആത്മാവിനെപ്പോലും നോവിക്കുന്നതായിരുന്നു റെയില്‍വേയുടെ നടപടി.വിവിധ അന്വേഷണകമ്മിഷനുകളെ നിയമിച്ച് ദുരന്തകാരണം 'ടെര്‍ണാഡോ'യാണെന്ന് സമര്‍ഥിച്ചു. റെയില്‍വേ സേഫ്റ്റികമ്മിഷണര്‍ സൂര്യനാരായണയുടെ പ്രാഥമിക അന്വേഷണത്തില്‍ അപകടകാരണം റെയില്‍വേയുടെ അനാസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്തിമറിപ്പോര്‍ട്ടില്‍ അത് 'ടൊര്‍ണാഡോ'യുടെ 'കുറ്റ'മായി. പെരുണ്‍ പാലത്തില്‍ പൊടുന്നനെ അനുഭവപ്പെട്ട ചുഴലിക്കൊടുങ്കാറ്റ് ട്രെയിനിനെ കായലിലേക്ക് എടുത്തെറിഞ്ഞുവെന്നായിരുന്നു ആ കണ്ടെത്തല്‍. സംഭവദിവസം ചെറിയൊരു കാറ്റുപോലും വീശാത്ത പെരുമണില്‍ അതിന്റെ സാക്ഷ്യവുമായി മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ജനരോഷം ഉയര്‍ന്നപ്പോള്‍ റിട്ട. എയര്‍മാര്‍ഷല്‍ സി.എസ്. നായിക്കിനെ പുനരന്വേഷണത്തിന് നിയമിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ടും തഥൈവ. അവിടേയും കുറ്റം 'ടൊര്‍ണാഡോ'യില്‍ ചുമത്തി.യഥാര്‍ഥകാരണം കണ്ടെത്താതെ ജനങ്ങളെ പറ്റിച്ച റെയില്‍വേ ഇന്നും പെരുമണ്‍ ദുരന്തത്തില്‍പ്പെട്ടവരേയും രക്ഷാപ്രവര്‍ത്തനം നടത്തിയവരേയും കൊഞ്ഞനം കാട്ടുന്നതാണ് അവസ്ഥ. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പാരിതോഷികം നല്‍കിയെങ്കിലും ജോലിവാഗ്ദാനം ചെയ്ത് റെയില്‍വേ പറ്റിച്ചു. പെരുമണ്‍ ദുരിതാശ്വാസനിധിയില്‍നിന്നും ചെലവാക്കിപ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച റിലീഫ്‌കേന്ദ്രം ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ഓരോ ദുരന്തമുണ്ടാകുമ്പോഴും പ്രഖ്യാപിക്കപ്പെടുന്നവാഗ്ദാനങ്ങളും മറ്റും തരംപോലെ മറന്നതാണ് റെയില്‍വേയും സംസ്ഥാനസര്‍ക്കാരും ദുരന്തബാധിതരോട് കാട്ടിയ ക്രൂരത.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: