സൗരോർജം
ജനങ്ങളുടെ ആശങ്ക അകറ്റണം
പാരമ്പര്യേതര ഊര്‍ജോത്പാദനരംഗത്ത്
പ്രവര്‍ത്തിക്കുന്ന ധാരാളം കമ്പനികൾ നമ്മുടെ നാട്ടിലുണ്ട് .പലതിന്റെയും കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍
ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും
തട്ടിപ്പുകാര്‍ ഭീഷണിയാകുന്നു. കമ്പനികളെ നിരീക്ഷിക്കാനും ഗുണനിലവാരം പാലിച്ചാണ്
പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍
കബളിപ്പിക്കപ്പെടും. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കര്‍ശനമായ
വ്യവസ്ഥകള്‍ കൊണ്ടുവരികയാണ് ഇത് തടയാനുള്ള വഴി. ഇക്കാര്യത്തില്‍ അധികൃതരുടെ
ഭാഗത്തുനിന്ന് കൂടുതല്‍ ശ്രദ്ധ ഉണ്ടായാലേ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍
പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉദ്ദേശിച്ചവിധം സഫലമാകൂ.
കേരളത്തില്‍ 'അനര്‍ട്ടാ'ണ് ഈ രംഗത്തെ വിശ്വസ്തമായ സ്ഥാപനങ്ങളുടെ പാനല്‍
തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രപുനരുപയോഗ ഊര്‍ജമന്ത്രാലയത്തിന്റെ
അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. അക്രഡിറ്റേഷന്‍
പുതുക്കിയില്ലെങ്കില്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ ഈ കമ്പനികള്‍ക്ക് അനുവാദം
കിട്ടില്ല. 25 സ്ഥാപനങ്ങളേ ഇപ്പോള്‍ ഈ പട്ടികയിലുള്ളൂ. മന്ത്രാലയം അംഗീകാരം നല്‍കാത്ത
നൂറിലധികം സ്ഥാപനങ്ങള്‍ പാനലില്‍ ഉള്‍പ്പെടുത്താനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന്
അനര്‍ട്ട് അധികൃതര്‍ പറയുന്നു. വ്യവസ്ഥകളെ മറികടക്കാനാണ് ഇവയുടെ ശ്രമം എന്നു
പറയേണ്ടതില്ല. പരിശോധനകളോ നിയന്ത്രണങ്ങളോ കൂടാതെ ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്
റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വിലയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍
ഉപഭോക്താക്കളില്‍ പലരും കബളിപ്പിക്കപ്പെടുന്നു. അനര്‍ട്ട് നടപ്പാക്കുന്ന
പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡി വേണമെങ്കില്‍ മാത്രം,
പാനലിലുള്ള കമ്പനികളെ സമീപിച്ചാല്‍ മതി. അല്ലാത്തവയ്ക്ക് പ്രവര്‍ത്തിക്കാന്‍
ഇപ്പോള്‍ തടസ്സമില്ല. ഈ രംഗത്തെ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍
കേരളത്തില്‍ മതിയായ സംവിധാനം ഇല്ലാത്തതും തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നു.
ദേശീയ, അന്തര്‍ദേശീയ ഏജന്‍സികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഇവയുടെ ഗുണമേന്മ
നിശ്ചയിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കളില്‍ പലരും അജ്ഞരാണ്.
ഇതും തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
പാരമ്പര്യ സ്രോതസ്സുകളെ മാത്രം ആശ്രയിച്ചിരുന്നാല്‍ കേരളത്തിലെ ഊര്‍ജാവശ്യം മുഴുവന്‍ നിറവേറ്റാനാവില്ല. ഈ സാഹചര്യത്തില്‍, പരിസ്ഥിതിക്ക് ദോഷകരമാകാത്ത ബദല്‍ ഊര്‍ജോത്പാദനമാര്‍ഗങ്ങള്‍ക്ക് പ്രസക്തിയേറുന്നു. സൗരോര്‍ജ ഉത്പാദനത്തിന് വന്‍ സാധ്യതകളാണുള്ളത്. അത് പ്രയോജനപ്പെടുത്തുന്നത് തട്ടിപ്പുകള്‍ക്കും ചൂഷണത്തിനും ഇടകൊടുക്കാതെയാവണം. കേരളത്തില്‍ ഏറ്റവും പ്രായോഗികമായ ബദലും സൗരോര്‍ജം തന്നെയാണ്. അത് ഉപയോഗിക്കാന്‍ ഏറെപ്പേര്‍ മുന്നോട്ടുവരുന്നുമുണ്ട്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെയും കള്ളനാണയങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉപഭോക്താക്കള്‍. സൗരോര്‍ജപാനലിന് ആവശ്യക്കാരേറുമ്പോള്‍, ഗുണനിലവാരമല്ലാത്തവ വിപണിയില്‍ സ്ഥാനം പിടിക്കും. ഇവയെല്ലാം തടയാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം അവ കമ്പനികളും ഏജന്‍സികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികൃതര്‍ക്ക് കഴിയണം. വീടുകളില്‍ സൗരോര്‍ജപാനലുകള്‍ വെക്കാന്‍ ഒട്ടേറെപേര്‍ തത്പരരാണ്. എന്നാല്‍ ഇതിന് ആരെ സമീപിക്കണം, സബ്‌സിഡി കിട്ടണമെങ്കില്‍ എന്തു ചെയ്യണം തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. അവ അകറ്റുന്നതിന് വ്യാപകമായ ബോധവത്കരണ പരിപാടികളും ആവശ്യമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment