Pages

Saturday, June 15, 2013

PAPAYA LEAF JUICE AND DENGUE FEVER

ഡെങ്കിയും പപ്പായും - ഏറുന്ന ആകാംക്ഷ
- ജോസഫ് ആന്റണി

With the rising number of people catching dengue fever, the demand for papaya leaf juice has soared. The extract of raw papaya leaf helps boost platelets, also known as thrombocytes. 
കമ്മ്യൂണിസ്റ്റ് പച്ചക്ക് കേരളത്തില്‍ ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് ഏതാനും വര്‍ഷംമുമ്പ് ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴാണ്. കൊതുകു പരത്തുന്ന ആ വൈറസ് രോഗം മൂലം സന്ധിവേദന ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റ് പച്ചയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ആശ്വാസമേകും എന്ന വാര്‍ത്ത ആ ചെടിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ചിക്കുന്‍ഗുനിയ കൂടുതല്‍ ദുരിതം വിതച്ചത് തെക്കന്‍ കേരളത്തിലാണ്. 'സയാം വീഡ്' ( Siam Weed ) എന്ന പേരുള്ള കമ്മ്യൂണിസ്റ്റ് പച്ച മലബാര്‍ ഭാഗത്തുനിന്ന് വണ്ടികളില്‍ തെക്കോട്ട് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. കാല്‍ക്കാശിന് വിലയില്ലാതിരുന്ന ആ ചെടി ഒരു ചെറിയ കെട്ടിന് 250 രൂപ വരെ വിലകിട്ടുന്ന സ്ഥിതിയുണ്ടായി! 

ചിക്കുന്‍ഗുനിയ ബാധിതര്‍ക്ക് കമ്മ്യൂണിസ്റ്റ് പച്ച യഥാര്‍ഥത്തില്‍ ആശ്വാസമേകുന്നുണ്ടോ എന്നകാര്യത്തില്‍ ആരോഗ്യവിദഗ്ധര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. എന്നാല്‍, ഉപയോഗിച്ച പലരും ആശ്വാസമുണ്ടെന്ന് പറഞ്ഞതോടെ ആ വര്‍ത്തമാനം കേരളമാകെ പടരുകയും, ഒരു അനൗദ്യോഗിക ചികിത്സയായി കമ്മ്യൂണിസ്റ്റ് പച്ച പരിണമിക്കുകയും ചെയ്തു. ചിക്കുന്‍ഗുനിയയ്ക്ക് ആശ്വാസമേകാന്‍ കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് കഴിയുമോ എന്നകാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല എന്നതാണ് വാസ്തവം. ഏതാണ്ട് സമാനമായ സ്ഥിതിവിശേഷം ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നു. ഇത്തവണ രോഗം പക്ഷേ, ഡെങ്കിപ്പനിയും മരുന്ന് പപ്പായ ഇലയുമാണ്. പപ്പായ ഇല ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാല്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റ് തോത് വര്‍ധിക്കുകയും രോഗം ശമിക്കുകയും ചെയ്യുമെന്നാണ് വ്യാപകമായി പ്രചരിക്കുന്ന സംഗതി.

തിരുവനന്തപുരം പേരൂര്‍ക്കട ഇ.എസ്.ഐ.ആസ്പത്രിയിലെ ഡോ.സി.എച്ച്.എസ്.മണി, 'ഡെങ്കി : ജിവന്‍ രക്ഷിക്കാന്‍ പപ്പായ ഇല' എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പാണ് പപ്പായ ഇലയുടെ ഡെങ്കി ശമനശേഷിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ ആകാംക്ഷയുയര്‍ത്തിയത്. ഡെങ്കിപ്പനി മൂര്‍ച്ഛിച്ച സ്വന്തം മകന് ആസ്പത്രി ജീവനക്കാര്‍ അറിയാതെ പപ്പായ ഇലയുടെ നീര് താന്‍ നല്‍കിയെന്നും, മകന്റെ രോഗം ശമിച്ചെന്നും ഡോ.മണി എഴുതി. മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണലാണ് ഡോ.മണി എന്നത് ഈ വെളിപ്പെടുത്തലിന് പുതിയ മാനം നല്‍കി.

ഒറ്റയടിക്ക് പപ്പായ ഒരു ജീവന്‍രക്ഷാ ഔഷധമായി. ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ വേദികളില്‍ പപ്പായ ആയി താരം. പലര്‍ക്കും പപ്പായ ഇലയുടെ അത്ഭുതശേഷി വിവരിക്കുന്ന ഈമെയിലുകളെത്തി. രോഗികള്‍ പപ്പായ ഇല അന്വേഷിച്ചിറങ്ങി. ഡെങ്കി ബാധിതര്‍ മാത്രമല്ല, സാധാരണ പനിബാധിതര്‍ പോലും പപ്പായ ഇലച്ചാര്‍ കഴിക്കാന്‍ തുടങ്ങി.കാര്യങ്ങള്‍ ഇങ്ങനെ പരിണമിക്കുമ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു. യഥാര്‍ഥത്തില്‍ പപ്പായ നീരിന് ഇത്തരമൊരു അത്ഭുതസിദ്ധിയുണ്ടോ? അതോ 'കഥയറിയാതെ ആട്ടംകാണുന്ന' ഏര്‍പ്പാടാണോ ഈ പപ്പായ ഭ്രമം.
ഡെങ്കിപ്പനിയ്‌ക്കെതിരെ പപ്പായ ഉപയോഗിക്കുന്നത് പുതിയ സംഗതിയല്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ പപ്പായ ഇലയുടെ നീര് നല്‍കുന്നുണ്ടത്രേ. പപ്പായ നീരടങ്ങിയ സിദ്ധ ഔഷധമുപയോഗിച്ച് 'കിങ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍' ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണത്രെ തമിഴ്‌നാടിന്റെ നടപടി.

കോശങ്ങളില്‍ ഡെങ്കി വൈറസ് കടക്കുന്നത് തടയാന്‍ പപ്പായനീരടങ്ങിയ ഔഷധക്കൂട്ടിന് കഴിയുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടതായി, ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഡോ.പി.ഗുണശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍സ്റ്റിട്ട്യൂട്ട് ആ ഔഷധക്കൂട്ടിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല. ആ നിലയ്ക്ക്, ഒരു പ്രാഥമിക പഠനത്തില്‍ ലഭിച്ച സൂചന അനുസരിച്ച് രോഗികള്‍ക്ക് പപ്പായ നീര് നല്‍കുന്നത് എത്രത്തോളം അഭികാമ്യമാണ് എന്ന ചോദ്യം അവശേഷിക്കുന്നു.പപ്പായ നീരിന്റെ ഡെങ്കിനിവാരണ ശേഷി അറിയാന്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പഠനം മലേഷ്യയിലാണ് അരങ്ങേറിയത്. കോലാലംപൂരിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചും, ക്ലാങിലെ 'തെങ്കു അംപുവാന്‍ റെഹിമ ഹോസ്പിറ്റലും' ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ വിവരം കഴിഞ്ഞ മാര്‍ച്ചില്‍ 'എവിഡന്‍സ്-ബേസ്ഡ് കോംപ്ലിമെന്ററി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിനി'ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പപ്പായ ഇലയുടെ നീര് നല്‍കുമ്പോള്‍ ഡെങ്കിപ്പനിയും ഡെങ്കി ഹെമറേജ് ഫീവറും ബാധിച്ച രോഗികളുടെ പ്ലേറ്റ്‌ലെറ്റ് തോത് കാര്യമായി വര്‍ധിക്കുന്നതായി ആ പഠനത്തില്‍ കണ്ടു.

ഡെങ്കി ബാധിച്ച 228 രോഗികളിലായിരുന്നു മലേഷ്യന്‍ ടീമിന്റെ പരീക്ഷണം. അതില്‍ പകുതി രോഗികള്‍ക്ക് 50 ഗ്രാം പപ്പായ നീര് വീതം തുടര്‍ച്ചയായി മൂന്നു ദിവസം നല്‍കി. ബാക്കി രോഗികള്‍ക്ക് പപ്പായ നീര് കൊടുത്തില്ല. പപ്പായ നീര് കഴിച്ച രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കാര്യമായി വര്‍ധിച്ചപ്പോള്‍, നീര് കഴിക്കാത്തവരുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, പ്ലേറ്റ്‌ലെറ്റ് ഉത്പാദനത്തെ സ്വാധീനിക്കുന്ന ALOX 12, PTAFR ജീനുകള്‍ പപ്പായ നീര് കഴിച്ചവരില്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമായതായും ഗവേഷകര്‍ കണ്ടു. അതേസമയം, പപ്പായ നീരില്‍ മനുഷ്യന് കഴിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള എന്തെങ്കിലും വിഷാംശം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനും കഴിഞ്ഞില്ല. അതിനാല്‍ അത് കഴിക്കുന്നത് സുരക്ഷിതമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

മുംബൈയില്‍ കെ.എം.കുണ്ഡനനി കോളേജ് ഓഫ് ഫാര്‍മസി, ചെന്നൈയില്‍ ഓര്‍ക്കിഡ് കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ പപ്പായ ഇലയുടെ സത്ത എലികളില്‍ പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ധിപ്പിക്കുന്നതായി കണ്ടു - ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പപ്പായ നീരിന്റെ ഡെങ്കിനിവാരണശേഷിയുമായി ബന്ധപ്പെട്ട് 'ഏഷ്യന്‍ പെസഫിക് ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ ബയോമെഡിസിന്‍' 2011 ല്‍ ഒരു പഠനറിപ്പോര്‍ട്ട്പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പറയുന്നത് പപ്പായ ഇലയുടെ നീര് നല്‍കുമ്പോള്‍ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം ഏറുന്നു എന്നാണ്. പക്ഷേ, ആ പഠനത്തിന്റെ പ്രശ്‌നം അത് ഒരു രോഗിയില്‍ മാത്രം നടത്തിയ പഠനമായിരുന്നു എന്നതാണ്.

പരിമിതമായ തോതില്‍ നടത്തിയ ഇത്തരം പഠനങ്ങളെ ആധാരമാക്കി പപ്പായ നീരിന്റെ ഡെങ്കിനിവാരണ ശേഷി ആധികാരികമായി ഉറപ്പിക്കാറായിട്ടില്ലെന്ന് പല വിദഗ്ധരും കരുതുന്നു. അതിന് കുറച്ചുകൂടി വ്യാപകവും ശാസ്ത്രീയവുമായ പഠനം കൂടിയേ തീരൂ; അത് നടത്തുകയും വേണം. നമ്മുടെ നാട്ടിലെ ബന്ധപ്പെട്ട ഗവേഷണസ്ഥാപനങ്ങള്‍ അതിന് അടിയന്തരമായി മുന്നോട്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്. അപ്പോഴും ഒരു സംശയം അവശേഷിക്കുന്നു. പനി വന്നു എന്നുകരുതി നമ്മളിങ്ങനെ പപ്പായ തേടി പരക്കംപായേണ്ടതുണ്ടോ!

ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ വെറും ഒരു ശതമാനത്തിന് മാത്രമാണ് രോഗം മാരകമാവുന്നത്. ബഹുഭൂരിപക്ഷം പേരെയും ആസ്പത്രികളില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യം പോലുമില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പതിനായിരത്തോളം പേര്‍ പനി ബാധിച്ചെത്തുമ്പോള്‍ അതില്‍ വെറും അഞ്ചുപേരെ മാത്രമേ കിടത്തി ചികിത്സിക്കാന്‍ പാകത്തില്‍ ഡെങ്കി പിടികൂടിയിട്ടുള്ളൂവെന്ന്, മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം യൂണിറ്റ് തലവന്‍പ്രൊഫ.ഡോ.അശ്വനി കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ച് വീട്ടില്‍ വിശ്രമിച്ചാല്‍ തന്നെ മൂന്നുനാല് ദിവസം കൊണ്ട് രോഗം ശമിക്കുമെന്നിരിക്കേ, 'കേട്ടപാതി കേള്‍ക്കാത്ത പാതി' നമ്മള്‍ എന്തിന്റെയെങ്കിലും പിന്നാലെ പായേണ്ടതുണ്ടോ എന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. 'കാള പെറ്റു എന്ന് കേട്ടയുടന്‍ കയറെടുക്കുന്ന' മലയാളിയുടെ രീതി, ഡെങ്കിയുടെയും പപ്പായയുടെയും കാര്യത്തിലും ശരിയാകുന്നു എന്നുവേണം കരുതാനെന്ന് അവര്‍ പറയുന്നു.

ചിക്കുന്‍ഗുനിയ പോലെ ഡെങ്കിപ്പനിയും കൊതുക് പരത്തുന്ന വൈറസ് രോഗമാണ്. ഈഡിസ് കൊതുകിലൂടെ പകരുന്ന ഈ വൈറല്‍ പനിക്ക്, മറ്റെല്ലാ വൈറല്‍ അസുഖങ്ങളെപ്പോലെതന്നെ ചികിത്സയില്ല. രോഗം കാരണമുള്ള മറ്റ് അനുബന്ധ അവസ്ഥകള്‍ ശമിപ്പിക്കാനാണ് ചികിത്സ. ഡങ്കിപ്പനി പിടികൂടിയാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് തോത് കുത്തനെ കുറയും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തത്തിലെ ഘടകങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍. ഒരു ഘനമില്ലീമീറ്റര്‍ രക്തത്തില്‍ ഒന്നര ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ പ്ലേറ്റ്‌ലെറ്റുകളുണ്ടാകും. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം രക്തത്തില്‍ കുറഞ്ഞാലും, സാധാരണഗതിയില്‍ രണ്ടോമൂന്നോ ദിവസം കഴിയുമ്പോള്‍ പൂര്‍വ്വസ്ഥിതിയിലെത്തും.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പതിനായരിത്തില്‍ താഴെ വരുന്ന ഘട്ടത്തില്‍ രക്തം ശര്‍ദിക്കുക, മൂക്കില്‍നിന്ന് രക്തം വരിക തുടങ്ങിയ അവസ്ഥകളുണ്ടാകും. അതൊഴിവാക്കാന്‍ രോഗികള്‍ക്ക് പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കേണ്ടി വരും. കാര്യങ്ങള്‍ ഇത്തരത്തില്‍ മനസിലാക്കാതെ ചില ആസ്പത്രികള്‍ രോഗികളില്‍ അകാണമായി ഭീതിയുണ്ടാക്കുകയും, പ്ലേറ്റ്‌ലെറ്റ് ബിസിനസിനുള്ള ഒരവസരമാക്കി ഡെങ്കിപ്പനിയെ മാറ്റുകയും ചെയ്യുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ, ഡെങ്കിപ്പനിയെക്കുറിച്ച് ഒരു വശത്ത് അകാരണഭീതി പരത്തുന്ന സാഹചര്യത്തിലാണ്, ആളുകള്‍ മരണഭയത്തോടെ പപ്പായ ഇല തേടി നടക്കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കാര്യങ്ങളെ ആരോഗ്യകരമായി സമീപിക്കാനുള്ള ക്ഷമപോലും ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് നഷ്ടമായിരിക്കുകയാണോ! 

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: