Pages

Sunday, June 16, 2013

OCHIRA KALI FESTIVAL-2013

യുദ്ധസ്മരണയുണര്‍ത്തി ഓച്ചിറക്കളി
16-06-2013
ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ജീവന്‍ പണയംവച്ച് പോരാടിയ യുദ്ധവീരന്മാരുടെ ഓര്‍മ്മകള്‍ക്ക് പുതിയ നിറം നല്‍കി ഓച്ചിറക്കളിക്ക് സമാപനം. പ്രായഭേദമെന്യേ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന രണ്ടായിരത്തില്‍പ്പരം യോദ്ധാക്കള്‍ കളിക്കണ്ടത്തിലറങ്ങിയപ്പോള്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പിതാമഹന്മാരുടെ കാല്‍ക്കല്‍ ആയിരം സ്മരണാഞ്ജലികള്‍ അര്‍പ്പിക്കപ്പെടുകയായിരുന്നു.ഓണാട്ടുകരക്കാരുടെ കായിക മാമാങ്കത്തിന്റെ രണ്ടാംദിവസവും വന്‍ പുരുഷാരമാണ് കനത്ത മഴയെ വകവയ്ക്കാതെ പോരാളികള്‍ക്ക് ആവേശം പകരാന്‍ പടനിലത്ത് എത്തിയത്.

ഒന്നാംദിവസത്തെപ്പോലെതന്നെ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കരഘോഷയാത്രയോടെയാണ് കളിസംഘങ്ങള്‍ എട്ടുകണ്ടത്തിന്റെ കരകളില്‍ അണിനിരന്നത്. പരിശീലനത്തിലൂടെ കൈവന്ന മെയ്‌വഴക്കം പ്രദര്‍ശിപ്പിക്കുമാറ് നടന്ന കരക്കളി കാണികളെ ആവേശത്തിലാഴ്ത്തി. കരക്കളിക്കുശേഷം ആദ്യം ദേവസ്വം ഭരണാധികാരികളും തുടര്‍ന്ന് കരനാഥന്മാരും പ്രത്യേക വേഷവിധാനങ്ങള്‍ ധരിച്ച പടത്തലവന്മാരും പടക്കളത്തിലിറങ്ങി പരസ്​പരം ഹസ്തദാനം നടത്തി കരപറഞ്ഞപ്പോള്‍ രണ്ടാംദിവസത്തെ ഓച്ചിറക്കളിക്ക് ആരംഭമായി. ഏറെനേരം എട്ടുകണ്ടത്തില്‍ നടന്ന പോരാട്ടങ്ങള്‍ക്കുശേഷം തകിടി കണ്ടത്തിലേക്ക് കളിസംഘങ്ങള്‍ നീങ്ങി. വര്‍ദ്ധിതവീര്യത്തോടെ തകിടി കണ്ടത്തില്‍ നടന്ന പോരാട്ടം അവസാനിപ്പിച്ച് പരബ്രഹ്മത്തെ വണങ്ങി ആല്‍ത്തറകളുടെ മുന്നില്‍ കളരിയാശാന്മാരുമായി പടവെട്ടി ഒഴിഞ്ഞ് സ്‌നാനം കഴിഞ്ഞ് മടക്കമായി.

തിങ്കളാഴ്ച കന്നുകാലി പ്രദര്‍ശനത്തോടും കാലിക്കച്ചവടത്തോടും കൂടി സമാപനമാവും. ഓച്ചിറക്കളിയുടെ സമാപനത്തോടെ ഒരുവര്‍ഷത്തെ ഓണാട്ടുകരയുടെ ഉത്സവാഘോഷങ്ങള്‍ക്കാണ് തിരശ്ശീല വീഴുക. കന്നിമാസത്തിലെ തിരുവോണം നാളില്‍ നടക്കുന്ന ഇരുപത്തിയെട്ടാം ഓണാഘോഷത്തോടെ ഓച്ചിറ പരബ്രഹ്മത്തിന്റെ മുന്നില്‍ ഓണാട്ടുകരയുടെ ഉത്സവാഘോഷങ്ങള്‍ തുടങ്ങുകയും മിഥുനമാസത്തിന്റെ ആദ്യദിനങ്ങളില്‍ നടക്കുന്ന ഓച്ചിറക്കളിയോടെ ആഘോഷാദികള്‍ അവസാനിക്കുകയും ചെയ്യും. ഇരുപത്തിയെട്ടാം ഓണാഘോഷത്തില്‍ കാണാം എന്ന ഉറപ്പോടെ പുരുഷാരവും അടുത്ത കളിക്ക് കാണാം എന്ന ഉറപ്പോടെ പടയാളികളും ഓച്ചിറയില്‍നിന്ന് പിരിയും.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: