Pages

Saturday, June 22, 2013

കൊട്ടാരക്കരയിൽ റോഡപകടങ്ങളുടെപെരുമഴക്കാലം

                  കൊട്ടാരക്കരയിൽ
        റോഡപകടങ്ങളുടെപെരുമഴക്കാലം
 മഴക്കാലമായതോടെ  കൊട്ടാരക്കര എം.സി. റോഡും ദേശീയപാതയും അപകടക്കളങ്ങളായി മാറി. മരണങ്ങള്‍ സംഭവിക്കാത്തതിനാല്‍ എല്ലാ അപകടങ്ങളും വാര്‍ത്തകളിലെത്തുന്നില്ലെന്നുമാത്രം. ചെറുതുംവലുതുമായി എണ്ണമറ്റ അപകടങ്ങളാണ് റോഡുകളിലുണ്ടാകുന്നത്. ലോക നിലവാരത്തില്‍ നിര്‍മിച്ച എം.സി. റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ പായുന്നത്. മഴവെള്ളത്താല്‍ തെന്നുന്ന റോഡില്‍ ബ്രേക്കിട്ടാല്‍ വാഹനങ്ങള്‍ നില്‍ക്കാനും പ്രയാസം. നിയന്ത്രണംവിട്ട് വാഹനങ്ങള്‍ റോഡരികിലെ വൈദ്യുതതൂണുകളിലേക്കും കടകളിലേക്കും ഇടിച്ചുകയറിയും ഓടയില്‍ വീണ് മറിഞ്ഞുമാണ് കൂടുതല്‍ അപകടങ്ങളും. 

കാറുകളും വലിയ വാഹനങ്ങളുമാണ് അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. ഡ്രൈവിങ്ങിലെ അശ്രദ്ധയാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണമെന്ന് പോലീസ് പറയുന്നു. റോഡിന്റെ അവസ്ഥ മുന്‍കൂട്ടി അറിഞ്ഞ് വേഗത കുറച്ചു പോകണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. ഓടകള്‍ മണ്ണുംമാലിന്യവും നിറഞ്ഞതിനാല്‍ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. മഴപെയ്താല്‍ പലയിടത്തും റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് ജലമൊഴുകുന്നത്. ഇത് റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നു. പതിനഞ്ച് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി വേണ്ടിവരില്ലെന്ന് പ്രഖ്യാപിച്ച എം.സി. റോഡിന്റെ പലഭാഗങ്ങളും ഇതിനകം തകര്‍ന്നുകഴിഞ്ഞു. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇടിച്ചും മറിഞ്ഞും കിടക്കുന്ന വാഹനങ്ങള്‍ കാണാത്ത ഒരു ദിവസവുമില്ല. അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ ആളുകള്‍ മടിക്കുന്നത് യഥാസമയം ചികിത്സലഭിക്കാന്‍ തടസ്സമാകുന്നു. കഴിഞ്ഞദിവസം കലയപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീകള്‍ നിലവിളിക്കുമ്പോള്‍ ആദ്യമെത്തിയ പലരും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. അതുവഴി ഓട്ടം പോകാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറും മറ്റുചിലരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിക്കേല്‍ക്കുന്നവരെ താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചാല്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് യാത്രക്കാരെയും രക്ഷാപ്രവര്‍ത്തകരെയും വലയ്ക്കുന്നു. 

താലൂക്ക് ആസ്​പത്രിയില്‍ത്തന്നെ ചികിത്സനല്‍കാവുന്ന പരിക്കുകളാണെങ്കില്‍ക്കൂടിയും റഫര്‍ ചെയ്യാനാണ് ഡോക്ടര്‍മാര്‍ക്ക് താത്പര്യം. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്ള ആസ്​പത്രികളില്‍നിന്ന് അതീവഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ മറ്റ് ആസ്​പത്രികളിലേക്ക് റഫര്‍ ചെയ്യാവൂ എന്ന നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്. മഴക്കാലം കണ്ണീര്‍ക്കാലമാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമുള്ള ഡ്രൈവിങ് മാത്രമാണ് ഏകമാര്‍ഗമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: