ഡെങ്കിപ്പനിപനിക്കാലം--
കൊട്ടാരക്കരയിൽ പപ്പായയ്ക്കും മാതളനാരങ്ങയ്ക്കുംനല്ലകാലം
കൊട്ടാരക്കരയിൽ പപ്പായയ്ക്കും മാതളനാരങ്ങയ്ക്കുംനല്ലകാലം
കൊട്ടാരക്കര പകര്‍ച്ചപ്പനി
ഡെങ്കിപ്പനിയായി പടര്‍ന്നതോടെ മാതളനാരങ്ങയ്ക്കും പപ്പായയ്ക്കും നല്ലകാലം തെളിഞ്ഞു.
ഡെങ്കിപ്പനിയുടെ പ്രധാനദോഷം രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് കുറയുന്നതാണ്.
കൗണ്ട് കൂട്ടാനും രോഗപ്രതിരോധശേഷി ഉയര്‍ത്താനും മരുന്നിനെക്കാള്‍ മെച്ചം
പഴങ്ങളാണത്രെ. മരുന്നിനൊപ്പം പഴങ്ങളും യഥേഷ്ടം കഴിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. മാതളനാരങ്ങയും പപ്പായയുമാണ് കൗണ്ട് ഉയര്‍ത്താന്‍ മികച്ചവ. അതിനാല്‍ ഇവയുടെ വില്പന
നാലിരട്ടിയിലധികം വര്‍ധിച്ചു. പ്രധാന ആസ്പത്രി പരിസരങ്ങളിലെ പഴക്കടകളില്‍
മാതളനാരങ്ങയും പപ്പായയും കിട്ടാനില്ലാത്ത അവസ്ഥയാണ്.
പനിയെത്തുന്നതിനുമുമ്പ് കിലോയ്ക്ക് 110 രൂപയായിരുന്ന മാതളനാരങ്ങയ്ക്ക് ഇപ്പോള്‍ 150 രൂപ വിലയാണ്. കൊളസ്‌ട്രോളും കൊഴുപ്പും ഇല്ല എന്നതും പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്നതുമാണ് ഈ പഴങ്ങളുടെ പ്രത്യേകത. പപ്പായയുടെ വില 25ല്‍നിന്ന് 40 ആയി ഉയര്‍ന്നു. ഇവ രണ്ടും എത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന കാബൂള്‍ ഇനവും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഗണേഷ് എന്ന ഇനവുമാണ് പ്രധാനമായും പഴക്കടകളില്‍ ലഭിക്കുന്ന മാതളനാരങ്ങകള്‍. ഇതില്‍ കാബൂള്‍ ഇനത്തിനാണ് ഗുണനിലവാരം. കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നത് മുന്‍കൂട്ടി കണ്ടിട്ടെന്നവിധമാണ് അടുത്തകാലത്തായി മാതളനാരങ്ങാ കച്ചവടക്കാര്‍ വ്യാപകമായി എത്തിയത്. പ്രധാന റോഡിരികിലെല്ലാം മാതളനാരങ്ങ കൂട്ടിയിട്ട് കച്ചവടം ചെയ്തിരുന്നു. എന്നാല്‍ വില എത്രനല്‍കിയാലും ഗുണനിലവാരമുള്ള മാതളനാരകം കിട്ടുന്നില്ലെന്ന് രോഗികള്‍ പറയുന്നു.
വീടിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്ന പപ്പായ തേടി ആളുകള്‍ നെട്ടോട്ടമാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ഉയര്‍ത്താന്‍ ഇത്രനല്ല ഔഷധം വേറെയില്ലെന്ന് മനസ്സിലാക്കാന്‍ ഡെങ്കിപ്പനി പടരേണ്ടിവന്നു. ഒരു വളവും നല്‍കാതെ അധ്വാനവും കൂടാതെ പറമ്പില്‍ വളര്‍ന്നിരുന്ന പപ്പായമരം മുറിച്ചുകളഞ്ഞിരുന്നവര്‍ വലിയവില നല്‍കി പപ്പായ വാങ്ങുകയാണ്. 40 രൂപയാണ് പപ്പായയുടെ വില. ബാംഗ്ലൂരില്‍നിന്നാണ് പ്രധാനമായും പപ്പായ എത്തുന്നത്. നാട്ടില്‍ ലഭിക്കുന്ന പപ്പായയെക്കാളും തൊലിക്ക് കട്ടിയുള്ളതിനാല്‍ ഇവ കൂടുതല്‍ദിവസം കേടുകൂടാതെ നിലനില്‍ക്കും. ഇടയ്ക്ക് അരിയില്ലാത്ത പപ്പായ രംഗത്തിറങ്ങിയെങ്കിലും ഇപ്പോള്‍ ലഭ്യമല്ല. ഏതായാലും ഡെങ്കിപ്പനി പടര്‍ന്നത് പഴക്കച്ചവടക്കാര്‍ക്ക് ഗുണമായി. ഒപ്പം പപ്പായ വലിച്ചെറിയേണ്ട ഒന്നല്ലെന്ന് മലയാളികളെ ബോധ്യപ്പെടുത്താനും ഡെങ്കിപ്പനിക്ക് കഴിഞ്ഞു. ഇവയെ കൂടാതെ മുസാമ്പിക്കും പ്രിയമേറി. സാധാരണ മഴക്കാലങ്ങള്‍ പഴക്കച്ചവടക്കാര്‍ക്ക് നഷ്ടത്തിന്റെ കാലമാണ്. വില്പന കുറയുന്നതും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ പഴങ്ങള്‍ കേടാകുന്നതുമായിരുന്നു കാരണം. എന്നാല്‍ ഇക്കുറി പഴങ്ങള്‍ക്കും ഡെങ്കി തുണയായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment