Pages

Tuesday, June 11, 2013

കൊട്ടാരക്കരയിൽ പനി മരണം അജേന്ദ്രന്റെ മരണം-ജനകീയ മാർച്ച്

                         കൊട്ടാരക്കരയിൽ  പനി  മരണം .
                    അജേന്ദ്രന്റെ മരണം-ജനകീയ മാർച്ച് 



 കൊട്ടാരക്കര പുത്തൂര്‍ പെരുങ്കുളം അജയഭവനില്‍ അജേന്ദ്ര (19)ന്റെ മരണം ചികിത്സപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുത്തൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.  2013   ജൂണ്‍  പത്ത് ,തിങ്കളാഴ്ച 11 മണിയോടെയാണ് പുത്തൂര്‍ എം.ജി.എം. ആസ്​പത്രിയിലേക്ക് മാര്‍ച്ച് നടന്നത്. ബഥനി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആലയ്ക്കല്‍ ജങ്ഷന്‍ ചുറ്റി മണ്ഡപം ജങ്ഷന്‍വഴി ആസ്​പത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പോലീസ് വടംകെട്ടി തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മൈലംഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.സന്തോഷ്ബാബു അധ്യക്ഷനായി. ഡി.സി.സി. അംഗം പെരുങ്കുളം രാജേന്ദ്രന്‍, വാര്‍ഡംഗം ജി.സുരേഷ്‌കുമാര്‍, സി.രാധാകൃഷ്ണപിള്ള, സന്തോഷ് കോട്ടാത്തല, പെരുങ്കുളം ദിലീപ്, ഹരി മൈലംകുളം, പുത്തൂര്‍ രാജേഷ്, ബൈജു ചെറുപൊയ്ക എന്നിവര്‍ സംസാരിച്ചു.

അജേന്ദ്രന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആസ്​പത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര സി.ഐ. ജി.ഡി.വിജയകുമാര്‍, എഴുകോണ്‍ സി.ഐ. സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം മൂന്നിനാണ് അജേന്ദ്രനെ പനിബാധയെ തുടര്‍ന്ന് ആസ്​പത്രിയിലെത്തിച്ചത്. എന്നാല്‍ വേണ്ടത്ര പരിശോധന നടത്താതെ ഡോക്ടര്‍ ഡ്രിപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് അജേന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചു. വൈകിട്ടോടെ ക്ഷീണിതനായ അജേന്ദ്രനെ ശാസ്താംകോട്ടയ്ക്കു സമീപമുള്ള ഒരു സ്വകാര്യാസ്​പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പ് മരിച്ചു.

അജേന്ദ്രന്റെ മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് ആസ്​പത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍, നിജസ്ഥിതി മനസ്സിലാക്കാതെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. പനിബാധിച്ചെത്തിയ യുവാവിന് നല്‍കേണ്ട അടിസ്ഥാനപരമായ ചികിത്സകളാണ് നല്‍കിയത്. വൈകിട്ടോടെ രോഗിയുടെ സ്ഥിതി വഷളായപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആസ്​പത്രിയിലേക്ക് മാറ്റുന്നതിനാണ് ശാസ്താംകോട്ടയ്ക്ക് സമീപമുള്ള സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ആസ്​പത്രിയുടെ ആംബുലന്‍സും ജീവനക്കാരെയും ഇവരോടൊപ്പം അയയ്ക്കുകയും ചെയ്തിരുന്നതായും അധികൃതര്‍ പറയുന്നു. 


                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: