Pages

Wednesday, June 26, 2013

ഡൽഹിയിൽ കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി

       ഡൽഹിയിൽ കോളജ് വിദ്യാര്‍ഥിയെ
                   കുത്തിക്കൊലപ്പെടുത്തി
 ന്യൂഡല്‍ഹിഅംബേദ്കര്‍ നഗറില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി. ശഹീദ് ഭഗത് സിങ് കോളേജിലെ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥി പങ്കജ് കശ്യപ്(22) ആണ് കൊല്ലപ്പെട്ടത്. പങ്കജിന്റെ സുഹൃത്ത് ലേഖ്‌രാജിനും കുത്തേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇരുവര്‍ക്കും കുത്തേറ്റത്. ദിവസങ്ങള്‍ക്കുമുമ്പ് മലയാളി വിദ്യാര്‍ഥി സുബിന്‍ കുത്തേറ്റ് മരിച്ച മദന്‍ഗീറിലാണ് പങ്കജ് കശ്യപിന്റെ വീട്. കുത്തേറ്റ പങ്കജിനെ ആസ്പത്രിയിലെത്തിക്കും മുമ്പ് മരിച്ചു. തുടയില്‍ കുത്തേറ്റ ലേഖ്‌രാജ് ചികിത്സയിലാണ്. പ്രദീപ് എന്നയാളാണ് അക്രമിച്ചതെന്ന് ലേഖ്‌രാജ് പോലീസിനോട് പറഞ്ഞു. പ്രദീപും പ്രായപൂര്‍ത്തിയാവാത്ത നാലുപേരും ചേര്‍ന്നാണ് അക്രമം നടത്തിയത്. ആറ് മാസമായി ഇരുസംഘവും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി(24th June,2013) ഒമ്പതരയോടെ ശിവ്ശക്തി മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് അക്രമമുണ്ടായത്. യജ്വേന്തര്‍ എന്ന സുഹൃത്തും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് ലേഖ്‌രാജ് പറഞ്ഞു. പങ്കജിന്റെ മോട്ടോര്‍ സൈക്കിളില്‍ മൂവരും ലേഖ്‌രാജിന്റെ തുണിക്കടയിലേക്ക് പോവുകയായിരുന്നു. മാര്‍ക്കറ്റിനടുത്ത് കാത്തു നിന്നിരുന്ന എതിര്‍സംഘം മോട്ടോര്‍സൈക്കിള്‍ തടഞ്ഞു നിര്‍ത്തി.
തുടര്‍ന്ന് ഇരുസംഘവും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇതിനിടെ പങ്കജിനെ എതിര്‍സംഘത്തിലെ ഒരാള്‍ പിടിച്ചുവെക്കുകയും മറ്റൊരാള്‍ കുത്തുകയുമായിരുന്നു. ഇതിനിടെ ലേഖ്‌രാജിനെ പ്രദീപ് കീഴ്‌പ്പെടുത്തി ആക്രമിച്ചു.ബഹളം കേട്ട് നിരവധിപ്പേര്‍ സംഭവസ്ഥലത്ത് ഓടിയെത്തി. എന്നാല്‍ അവരെ ഭീഷണിപ്പെടുത്തിയശേഷം ആക്രമികള്‍ രക്ഷപ്പെട്ടു. ലേഖ്‌രാജിന്റെ ബന്ധു ചേത് റാം ആണ് പോലീസിനെ വിവരമറിയിച്ചത്. പ്രദീപിനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 


                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: