കലിതുള്ളി കാലവർഷം കേരളത്തിൽ
(സംസ്‌ഥാനത്ത് ഏഴ് മരണം)
ശക്‌തമായി തുടരുന്ന മഴയില്‍ സംസ്‌ഥാനത്ത് ഇന്ന് നാലു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴു മരണം. കൊല്ലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചപ്പോള്‍ കാലടിയില്‍ രണ്ടു യുവാക്കളെ പെരിയാറ്റില്‍ കാണാതായി. മൂന്നാറില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു.
കൊല്ലം എസ്‌എന്‍ കോളേജ് വിദ്യാര്‍ത്ഥികളായ മൂന്നു വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ആറംഗ സംഘത്തില്‍ വര്‍ക്കല ജനാര്‍ദ്ദന ക്ഷേത്രത്തില്‍ കുളിയ്‌ക്കാനിറങ്ങിയ അനു ,ടോമി, എബിന്‍ എന്നിവരാണ് മുങ്ങി മരിച്ചത്. രണ്ടുപേര്‍ സ്‌ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു. കാലടിയില്‍ രണ്ടുയുവാക്കളെ പെരിയാറില്‍ കാണാതായി. ഇവര്‍ യാത്ര ചെയ്‌ത വള്ളം ഒഴുക്കില്‍ പെട്ടു പോകുകയായിരുന്നു. ഒക്കല്‍ സ്വദേശികളായ ഹരികൃഷ്‌ണന്‍, അനില്‍ എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഇവരില്‍ ഒരാളുടെ ജഡം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന ശ്രീരാജ് എന്നയാള്‍ നീന്തി രക്ഷപ്പെട്ടു.
മഴ കനത്തതോടെ ഒറ്റപ്പെട്ട നിലയിലായിരിക്കുന്ന മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ അനുലക്ഷ്‌മി മകന്‍ ആകാശ് എന്നിവരാണ് മരണമടഞ്ഞത്. മണ്ണിനടിയില്‍ പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് പഴയ മൂന്നാറിലെ ദേശീയ പാതയിലെ പാലം അപകടത്തിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment