പര്‍വതം തിരിച്ചടിക്കുന്നു
ഭൂമികുലുക്കവും വെള്ളപ്പൊക്കവും ഹിമാലയത്തില്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. കേദാര്‍നാഥിലേയും ബദരീനാഥിലേയും ക്ഷേത്രങ്ങള്‍ പലപ്പോഴായി തകര്‍ച്ച നേരിട്ടിട്ടുണ്ട്. 1803-ലെ വന്‍ ഭൂമികുലുക്കത്തില്‍ ഇവയൊക്കെ തകര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശങ്കരാചാര്യര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പെത്തിയപ്പോഴും അവിടെ ആരാധനാലയങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ബൗദ്ധ ബിംബങ്ങള്‍ ആയിരുന്നു ആരാധനാമൂര്‍ത്തികള്‍. കേദാര്‍നാഥിലെ ബിംബത്തെ ഒന്നു സൂക്ഷിച്ചുനോക്കൂ. പ്രകൃതിക്ഷോഭങ്ങള്‍, ടിബറ്റില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ എല്ലാം കാരണം ഈ ക്ഷേത്രങ്ങളെല്ലാം പുനര്‍നിര്‍മാണങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുണ്ട്. മാറ്റമില്ലാതെ നില്‍ക്കുന്ന ഒന്നുംതന്നെ ഹിമാലയത്തിലില്ല. മാറ്റം െദെവത്തിനും മനുഷ്യനും അതീതമായി നില്‍ക്കുന്ന പ്രതിഭാസമാണ്. ഒരു ഭൗമശാസ്‌ത്ര ഗവേഷകനെന്ന നിലയില്‍ പലപ്പോഴായി എനിക്ക് അവിടെയൊക്കെ പോകേണ്ടി വന്നിട്ടുണ്ട്. ഹിമാലയന്‍ പ്രകൃതിയുടെ അഭൗമത എനിക്ക് അവാച്യമായ അനുഭൂതി പ്രദാനം ചെയ്യുകയും മതേതരമായ ആത്മീയത ഞാന്‍ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടിയെ തഴുകി നടത്തിയ പാരാ ഗ്ലൈഡ് എന്റെ ഓര്‍മകളെ ത്രസിപ്പിക്കുന്നു.
ഹിമാലയത്തിലേക്കുള്ള തീര്‍ഥാടനം പര്‍വതസൗന്ദര്യത്തെ ആന്തരീകരിക്കാനും ആ പ്രകൃതിയുടെ സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടം തട്ടാത്ത രീതിയിലുമായിരിക്കണം. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമതലത്തില്‍ നിന്നുള്ള സംസ്‌കാര രഹിതരായ പുത്തന്‍ പണക്കാര്‍ തീര്‍ഥാടനത്തിനു പുതിയൊരു ഭാഷ്യം ഉണ്ടാക്കിയിരിക്കുന്നു. പില്‍ഗ്രിമേജ് ടൂറിസം എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം സര്‍ക്കാരും സ്വകാര്യ കമ്പനികളും ഹോട്ടല്‍ വ്യവസായികളും വണ്ടി ഉടമകളും ഒരു വന്‍ വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ഭക്ഷണം ആവോളം കഴിക്കാനും വലിച്ചെറിയുവാനും ഭക്‌തി മറയാക്കുന്നവരാണ് കൂടുതല്‍ പേരും. കൂണുകള്‍ പോലെ വളരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കണ്ടിട്ട് എന്റെ ഒരു ഓസ്‌ട്രേലിയന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞത് ഇവിടെ കെട്ടിട കൃഷിയാണല്ലോ നടക്കുന്നത് എന്നാണ്.( ആ കൃഷി കേരളീയര്‍ക്കു വളരെ പരിചിതമാണല്ലോ.)
കുറേക്കാലം ഹിമാലയത്തില്‍ താമസിച്ചിരുന്ന ലാറി ബേക്കര്‍ ഇത്തരം കെട്ടിടങ്ങളെ ഹൊറിബിള്‍ റബിഷ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തീര്‍ഥാടനം കാല്‍നടയായി ചെയ്യേണ്ട ഒന്നാണ്. നടക്കുന്നവന്‍ ഭൂമിക്കു ഭാരം ഉണ്ടാക്കുന്നില്ല. അവന്‍ ഒന്നും വലിച്ചെറിയുന്നില്ല. ഒന്നും വലിച്ചെടുക്കുന്നുമില്ല. അതിനാലാണ് എല്ലാ ഗ്രന്ഥങ്ങളും നടക്ക, നടക്ക എന്ന ഉദ്‌ഘോഷണം ചെയ്‌തുകൊണ്ടിരുന്നത്.
ടി.വി.യിലെ ചിത്രങ്ങളില്‍ കണ്ട കുടുങ്ങിപ്പോയവരില്‍ പലരും അമിത ഭാരത്താല്‍ വലയുന്നവരും നടക്കാന്‍ കഴിവില്ലാത്തവരുമായിരുന്നു. ഹിമാലയന്‍ ഗ്രാമങ്ങളില്‍ കുടിലുകളില്‍ താമസിക്കുന്ന തദ്ദേശവാസികളൊക്കെ എവിടെപ്പോയി? അവര്‍ക്കൊന്നും ഒന്നും പറ്റിയിട്ടില്ല എന്നല്ലേ കരുതേണ്ടത്. അവരൊന്നും എവിടേയും കുടുങ്ങി പോയിട്ടുമില്ല. കാറുകളില്‍ പാഞ്ഞു നടന്നവരും നദിക്കരയില്‍ നിയമാനുസൃതമല്ലാതെ ഉണ്ടാക്കിയ ഹോട്ടലുകളില്‍ താമസിച്ചവരുമൊക്കെയാണ് കുടുങ്ങി പോയവരില്‍ ഭൂരിഭാഗവും. തദ്ദേശവാസികളായ ഗഡ്‌വാളികളും ഗുര്‍ജറുകളുമൊന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി കാണുന്നുമില്ല. എന്തായിരിക്കും അതിനു കാരണം?
ഹിമാലയന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ദിവസവും അനുഭവിക്കുന്ന ദുരിതവും പങ്കപ്പാടുകളും അവിടെയൊക്കെ ചെന്നാല്‍ കാണാന്‍ സാധിക്കുന്നതാണ്. വെള്ളത്തിനുവേണ്ടി സ്‌ത്രീകള്‍ കുടങ്ങളുമായി െമെലുകള്‍ താണ്ടുന്നതു വേനല്‍ മാസങ്ങളില്‍ പതിവു കാഴ്‌ചയാണ്. ആശുപത്രികള്‍ നൂറുകണക്കിനു െമെലുകള്‍ താണ്ടിയാലും കാണാന്‍ വഴിയില്ല. അവരെ മല കയറാന്‍ സഹായിക്കാന്‍ പട്ടാളത്തിന്റെ താങ്ങും സാന്നിധ്യമൊന്നും കാണാറില്ലെന്നു പറയേണ്ടതില്ലല്ലോ. പണ്ടത്തെ കാല്‍നടയായുള്ള തീര്‍ഥാടനത്തിന് ആധുനിക ട്രക്കിംഗ് സംസ്‌കാരത്തിന്റെ ചേരുവകളുണ്ടായിരുന്നു. ഇന്ന് കേദാര്‍നാഥില്‍ തീര്‍ഥാടനത്തിനു പോയ ശിവഗിരി സ്വാമിമാര്‍ വരെ തിരിച്ചു നാടെത്താന്‍ ഹെലിക്കോപ്‌റ്റര്‍ മാനത്തു പ്രത്യക്ഷപ്പെടുന്നതും നോക്കി വിലപിച്ചുകൊണ്ടിരിപ്പാണ്. നമ്മുടെയൊക്കെ ആത്മീയതയുടെ ദുരവസ്‌ഥ നോക്കൂ. ഇവരോടു നാം ഓര്‍മപ്പെടുത്തേണ്ടത് ഐതരേയ ബ്രാഹ്‌മണത്തില്‍ പറയുന്ന അലയുന്നതിന്റെ പുണ്യങ്ങളെക്കുറിച്ചാണ്. രോഹിത! അതുകൊണ്ട്‌് നീ അലയുക. കാരണം അവന്റെ പാപങ്ങള്‍ അവനെ വിട്ടുപോകും. അതുകൊണ്ട് അലയുക. നീ നില്‍ക്കുമ്പോള്‍ നിന്റെ ഭാഗ്യവും നിലക്കും. നീ ഉണരുമ്പോള്‍ അതും ഉണരും. അതുകൊണ്ട് അലയുക (നെഹ്‌റുവിന്റെ ആത്മകഥയില്‍ നിന്ന്).
ഹിമാലയത്തിലെ പരിസ്‌ഥിതിക്കു താങ്ങാനാവുന്നതിലും കൂടുതല്‍ ജനപ്പെരുപ്പവും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഇപ്പോഴത്തെ പ്രകൃതി ദുരന്തത്തിന്റെ ആഘാതം സാധാരണയിലും കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് മുതല്‍ ഗംഗോത്രി വരെയുള്ള ഭാഗങ്ങള്‍ പരിസ്‌ഥിതി ദുര്‍ബല പ്രദേശമാണെന്നുള്ള പ്രഖ്യാപനം ഇനി െവെകിക്കൂടാ. കേദാര്‍നാഥിലാണ് മരണസംഖ്യ അധികമായിരിക്കുന്നത്. നദിക്കരയില്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങളില്‍ താമസിച്ചവരാണ് കൂടുതലും മരിച്ചിരിക്കുന്നത്. ഇവയില്‍ പല കെട്ടിടങ്ങളും ഉത്തരാഖണ്ഡിലെ രാഷ്‌ട്രീയക്കാരുടേയും അവരുടെ സ്വന്തക്കാരുടേയും വകയായിരിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. ഹിമാലയത്തില്‍ ഇതിനേക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നതേയുള്ളൂ. അതു ഭൂമികുലുക്കത്തിന്റെ വേഷത്തിലായിരിക്കും വരുക എന്ന കാര്യത്തിലും സംശയമില്ല.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും പ്രകൃതിദുരന്തങ്ങള്‍ക്കു വിധേയമാണ്. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ വിപത്തുകള്‍ ഇന്ത്യയുടെ പല ഭാഗത്തും ഇടയ്‌ക്കിടെ തല പൊക്കുന്നുണ്ട്. ഒരു ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് (എന്‍.ഡി.എം.എ.) അങ്ങനെയാണു പ്രസക്‌തിയേറുന്നത്. ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി നമ്മുടെ ദുരന്തനിവാരണ പദ്ധതികള്‍, അത് കേന്ദ്രമായാലും സംസ്‌ഥാനത്തിലായാലും അര്‍ഥരഹിതമായി തുടരുക തന്നെയാണെന്ന് തെളിയിക്കുകയാണ്. പ്രഫഷണലിസത്തിന്റെ അഭാവമാണ് എല്ലാ സര്‍ക്കാര്‍ പദ്ധതികളിലേതും എന്നപോലെ ഇവിടെയും കാണാന്‍ സാധിക്കുന്നത്. എന്‍.ഡി.എം.എ.യുടെ ദേശീയ എക്‌സിക്യൂട്ടീവ് എല്ലാ വര്‍ഷവും മൂന്നുമാസം കൂടുമ്പോള്‍ ആലോചനാ ചര്‍ച്ചകള്‍ നടത്തണമെന്നാണു കരുതപ്പെടുന്നത്. മേയ് 2008 മുതല്‍ ഡിസംബര്‍ 2012 വരെ ഒരിക്കല്‍പോലും സമ്മേളിച്ചിട്ടില്ലെന്നാണ് സി.എ.ജി.യെ ഉദ്ധരിച്ചുകൊണ്ടുള്ള പത്രറിപ്പോര്‍ട്ടുകളില്‍ കാണുന്നത്. എല്ലാം സ്വന്തക്കാരുടേയും അനുഭാവികളുടേയും താവളങ്ങളായി മാറ്റിയെടുക്കുന്ന കാഴ്‌ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.
കേദാര്‍നാഥും ബദരീനാഥും ഇനി അടുത്ത കാലത്തൊന്നും പഴയ അവസ്‌ഥയിലേക്കു തിരിച്ചുവരുമെന്നു തോന്നുന്നില്ല. തകര്‍ന്നുപോയ റോഡുകളൊക്കെ നേരെയാക്കാന്‍ കാലങ്ങളെടുക്കും. പ്രളയക്കെടുതികളുടെ സംഖ്യ പഴയതിനേക്കാള്‍ അടുത്തകാലത്ത് കൂടിയിരിക്കുന്നു എന്ന വസ്‌തുതയും കണക്കിലെടുക്കണം. ഇപ്പോഴുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും നമ്മുടെ സഹതാപവും ദുഃഖവും പങ്കുവയ്‌ക്കുന്നതിനോടൊപ്പം ഇനിയും ഉണ്ടാകാനിടയുള്ള ദുരന്തങ്ങളുടെ തീഷ്‌ണത എങ്ങനെ കുറയ്‌ക്കാനാകുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍ പ്രദേശങ്ങളിലെ പരിസ്‌ഥിതിക്കു വിരുദ്ധമായ കെട്ടിടസമുച്ചയങ്ങളുടെ നിര്‍മാണങ്ങള്‍ നിയന്ത്രിക്കുക എന്നതു പരമപ്രധാനമായ ഒരു കാര്യമാണ്. സമതലങ്ങളില്‍ കാണുന്ന കെട്ടിടനിര്‍മാണ രീതികള്‍ കഴിയുന്നത്ര കുറയ്‌ക്കാന്‍ സാധിക്കണം. പലയിടത്തും നിര്‍മാണങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും നശിപ്പിക്കപ്പെട്ട വനത്തെ അടിയന്തരമായി വീണ്ടും വച്ചുപിടിപ്പിക്കുകയെന്നതും പരമപ്രധാനമാണ്. ഈ ദുരന്തത്തില്‍ ഏറ്റവും കൂടുല്‍ കഷ്‌ടപ്പെടുവാന്‍ പോകുന്നതു വഴിയോര വാണിഭ കേന്ദ്രങ്ങളും കൊച്ചു ഭോജന കേന്ദ്രങ്ങളും നടത്തുന്ന സാധാരണക്കാരാണ്. അവര്‍ക്കു പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. തീര്‍ഥാടകരുടെ എണ്ണവും എല്ലാ വര്‍ഷവും നിയന്ത്രിക്കേണ്ടി വരും. ആ പ്രദേശങ്ങളെ എക്കൊ സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ വിമുഖത മാറ്റിയെടുക്കാനുള്ള ശ്രമവും ആരംഭിക്കേണ്ടിയിരിക്കുന്നു.
ഇതെല്ലാം ചെയ്യുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുമായിരിക്കണം. മണ്ണിനേയും മരങ്ങളേയും സംരക്ഷിച്ചുകൊണ്ടു മാത്രമേ മനുഷ്യനു നിലനില്‍പ്പുള്ളൂ എന്ന കാര്യം പഠിക്കുകയും പഠിപ്പിക്കുകയും വേണം. കേരളത്തിനുമുണ്ട് ഇതില്‍ ചില പാഠങ്ങള്‍. ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കേണ്ടതല്ലേ എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. പമ്പാനദിയേയും അവിടുത്തെ വനങ്ങളേയും സംരക്ഷിക്കുവാന്‍ അതു മാത്രമേ മാര്‍ഗമുള്ളൂവെന്ന,് വലിയ വില കൊടുക്കുന്നതിനു മുമ്പ് ആലോചിക്കുന്നതായിരിക്കും നല്ലത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment