Pages

Wednesday, June 26, 2013

സ്‌നോഡന്‍ സംഭവം

                 സ്‌നോഡന്‍ സംഭവം

        വന്‍ശക്തികള്‍കൊമ്പുകോര്‍ക്കല്‍ തുടരുന്നു

 അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ലോകമെങ്ങും ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന വിവരം പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡനെച്ചൊല്ലി അമേരിക്ക ഒരുവശത്തും റഷ്യയും ചൈനയും മറുവശത്തുമായി കൊമ്പുകോര്‍ക്കല്‍ തുടരുന്നു. സ്‌നോഡന്‍ സംഭവങ്ങളിലൂടെ... 

അമേരിക്ക ചാരക്കുറ്റം ചുമത്തുംമുമ്പ് സ്‌നോഡന്‍ അമേരിക്കയില്‍ നിന്ന് രക്ഷപ്പെട്ട് ഹോങ്കോങ്ങില്‍ എത്തിയിരുന്നു. അവിടെ അത്ര സുരക്ഷിതമല്ലെന്ന് കണ്ട് മോസ്‌കോയിലേക്ക്. എന്നാല്‍ വിമാനത്താവളത്തിന് പുറത്തുകടന്നിട്ടില്ല. ഷെര്‍മത്തിയേവോ വിമാനത്താവളത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത് എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് ക്യൂബയിലേക്ക് പോകാനായി വിമാനത്തില്‍ സ്‌നോഡന് സീറ്റ് ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ വിവാദനായകന് അനുവദിച്ച 17 എ സീറ്റ് ഒഴിഞ്ഞുകിടന്നു. സ്‌നോഡനുണ്ടെന്ന ധാരണയില്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും ഈ വിമാനത്തില്‍ കയറിയിരുന്നു. അവര്‍ നിരാശരായി ഹവാനയിലെത്തി മടങ്ങി. ക്യൂബയില്‍ നിന്ന് ഇക്വഡോറിലേക്ക് കടക്കാനായിരുന്നു സ്‌നോഡന്റെ പദ്ധതി. അഭയം നല്കണമെന്ന സ്‌നോഡന്റെ അഭ്യര്‍ഥന ഇക്വഡോറിന്റെ പരിഗണനയിലാണ്. സ്‌നോഡനെ വിട്ടുനല്കണമെന്ന് ആദ്യം ഹോങ്കോങ്ങിനോടാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് വഴങ്ങാതെ സ്‌നോഡനെ അവര്‍ പോകാന്‍ അനുവദിച്ചു. പിന്നീട് റഷ്യയോട് ആവശ്യമുന്നയിച്ചു. ഇല്ലെങ്കില്‍ 'ഭവിഷ്യത്തുകള്‍' ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. സ്‌നോഡനെ സംരക്ഷിക്കുകയോ അതിനൊരുങ്ങുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കെല്ലാം അമേരിക്കയുടെ ഭീഷണി. സ്‌നോഡന്‍ തങ്ങളുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നു. സ്‌നോഡനെ റഷ്യ സംരക്ഷിക്കുന്നു എന്ന അമേരിക്കന്‍ ആരോപണം അടിസ്ഥാനരഹിതവും അസ്വീകാര്യവുമാണ്. സ്‌നോഡന്‍ സംഭവങ്ങളില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് ലാവ്‌റോവ് ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നിട്ടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് സ്‌നോഡന്‍ വിമാനത്താവളത്തിലുണ്ട് എന്നതിന് തെളിവാണ്. സ്‌നോഡനെ ഹോങ്കോങ്ങില്‍ നിന്ന് കടത്തിയത് ചൈനയാണെന്ന അമേരിക്കന്‍ വിമര്‍ശം ചൈനയെ ക്ഷോഭിപ്പിച്ചു. പോരെങ്കില്‍ അമേരിക്ക ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയത് തങ്ങളുടെ രാജ്യത്ത് നിന്നാണെന്ന സ്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍. അമേരിക്കന്‍ ആരോപണം അബദ്ധജടിലമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. അതേസമയം പീപ്പിള്‍സ് ഡെയ്‌ലിയിലെ ഒരു ലേഖനത്തില്‍ അമേരിക്കയെ 'കള്ളന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 
സ്‌നോഡനെ വിട്ടുനല്കാനുള്ള അമേരിക്കയുടെ കനത്ത സമ്മര്‍ദത്തോട് റഷ്യ എങ്ങനെ പ്രതികരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സമാനമായ റഷ്യയുടെ അഭ്യര്‍ഥനകള്‍ അമേരിക്ക നേരത്തേ ചെവിക്കൊണ്ടിട്ടില്ല. അടുത്തയിടെ ഒരു റഷ്യന്‍ പൗരന്‍ ആയുധക്കടത്തിന് അമേരിക്കയില്‍ അറസ്റ്റിലായിരുന്നു. അദ്ദേഹത്തെ വിട്ടയയ്ക്കണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി. ആ സാഹചര്യത്തില്‍ അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമായി റഷ്യ സ്‌നോഡന്‍ സംഭവം ഉപയോഗിച്ചേക്കാം. റഷ്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആഗ്രഹിച്ചിരുന്നു. ജി. എട്ട് സമ്മേളനത്തിനെത്തിയപ്പോള്‍ അദ്ദേഹം അത് പറഞ്ഞതാണ്. ശീതസമരകാലത്തെ മാനസികനിലയില്‍ നിന്ന് പുറത്തുവരണമെന്ന് ഒബാമ അഭിപ്രായപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സിറിയയെ ചൊല്ലി അമേരിക്ക റഷ്യയുമായി ഇടഞ്ഞു. സിറിയന്‍ വിമതര്‍ക്ക് ആയുധസഹായം നല്കുമെന്ന അമേരിക്കന്‍ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ സ്‌നോഡന്‍ സംഭവം കൂടിയായതോടെ അശാന്തിയുടെ ദിനങ്ങളിലേക്ക് കടക്കുകയാണ്

                               പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 
.

No comments: