സ്ത്രീധനമരണം കേരളത്തില്‍ ഇരട്ടിയായി
ഷൈന്‍ മോഹന്‍
സാംസ്‌കാരികമായി മുന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീധനപീഡന മരണങ്ങള്‍ ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞവര്‍ഷം സ്ത്രീധനപീഡന മരണം ഏറ്റവും കൂടിയതും കേരളത്തില്‍ തന്നെ.2012-ല്‍ സംസ്ഥാനത്ത് 32 സ്ത്രീകളാണ് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരിച്ചത്. മുന്‍വര്‍ഷം ഇത് 15 ആയിരുന്നു. സ്ത്രീകളെ അപമാനിച്ച കേസുകളുടെ എണ്ണത്തില്‍ കേരളം അഞ്ചാമതാണ്. ബലാത്സംഗം അല്‍പ്പം കുറഞ്ഞെങ്കിലും 1019 കേസുകള്‍ 2012-ല്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ധന നിരക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സ്ത്രീധനപീഡന മരണം ഏറ്റവുംകൂടിയത് കേരളത്തിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 113.3 ശതമാനമാണ് വര്‍ധന. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീധന മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ സ്ത്രീധന മരണത്തിന്റെ വര്‍ധന നിരക്ക് ഏറ്റവുംകൂടുതല്‍ ത്രിപുരയിലാണ്. പക്ഷേ, അത് 23.3 ശതമാനം മാത്രമാണ്.സ്ത്രീധനമരണം ഏറ്റവുംകൂടുതലുള്ള യു.പി.യിലും (2244) , രണ്ടാംസ്ഥാനത്തുള്ള ബിഹാറിലും (1275) വരെ ഇത്തരംകേസ് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്.
സ്ത്രീകളെ അപമാനിച്ച കേസില്‍ (ഐ.പി.സി. 509) കേരളമാണ് അഞ്ചാംസ്ഥാനത്ത്. കേരളത്തില്‍ സ്ത്രീകളെ അപമാനിച്ചതിന് 498 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ആന്ധ്രപ്രദേശ് (3714) , മഹാരാഷ്ട്ര (1294) , മധ്യപ്രദേശ് (774) എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍.സ്ത്രീകളെ ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ ഉപദ്രവിക്കുന്ന കേസുകളും (ഐ.പി.സി. 498എ) കേരളത്തില്‍ കുറവല്ല. ഇത്തരം സംഭവങ്ങള്‍ 5,216 എണ്ണമാണ് 2012-ല്‍ രജിസ്റ്റര്‍ ചെയ്തത്. പശ്ചിമബംഗാളിലാണ്ഇത് ഏറ്റവും കൂടുതല്‍ - 19,865.
ബലാത്സംഗക്കേസുകള്‍ 2011-ല്‍ കേരളത്തില്‍ 1132 ആയിരുന്നത് പത്തുശതമാനം കുറഞ്ഞ് 1019 ആയി. വര്‍ധന നിരക്ക് ഏറ്റവുംകൂടുതല്‍ സിക്കിമില്‍ (112.5 ശതമാനം) ആണ്.
കൊള്ള നടത്താനുള്ള സംഘംചേരലിലും (ഐ.പി.സി. 399-402) കേരളത്തിന് മൂന്നാംസ്ഥാനമുണ്ട്. കേരളത്തില്‍ ഇത്തരം 289 കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള പശ്ചിമബംഗാളിലും കര്‍ണാടകയിലും യഥാക്രമം 875-ഉം 536-ഉം കേസുകളുണ്ട്.കൊലപാതക കേസുകള്‍ കേരളത്തില്‍ 365-ല്‍ നിന്ന് 374 ആയി വര്‍ധിച്ചു. കൊലപാതകശ്രമ കേസുകള്‍ 521-ല്‍ നിന്ന് 497 ആയി കുറഞ്ഞു. കൂടുതല്‍ കൊലപാതകം നടന്നത് യു.പി.യി (4,951)ലാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയതിന് കേരളത്തില്‍ 214 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. മുന്‍വര്‍ഷത്തേക്കാള്‍ അല്‍പ്പം കുറവാണിത്.കോടതിയിലെത്തിയ ആകെ കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്താണ്. കേരളത്തില്‍ ഇത്തരം 3,52,289 കേസുകളുണ്ടായി. യു.പി.യും (16,26,067), തമിഴ്‌നാട് (5,49,064) ആണ് കേരളത്തിന് മുന്നില്‍.കലാപക്കേസുകള്‍ ഏറ്റവുംകൂടുതല്‍ കേരളത്തിലാണെന്നതാണ് കൗതുകകരമായ കാര്യം. ജാഥ നടത്തുന്നതുപോലും ഇതിനുകീഴില്‍ വരുമെന്നതിനാല്‍ കേരളത്തില്‍ 10,938 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരുദിവസം ഏതാണ്ട് 30 'കലാപ' ങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തരം കേസുകള്‍ അല്‍പ്പം കൂടിയിട്ടുമുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment