Pages

Wednesday, June 12, 2013

26 YEARS AFTER JOHN ABRAHAM'S DEATH


പി.ജെ.ആന്റണി, സുരാസു, ജോണ്‍ എബ്രഹാം
JOHN ABRHAMMചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി'ല്‍ മനോരോഗാശുപത്രിയിലെ ഒരു അന്തേവാസിയായി ജോണ്‍ എബ്രഹാം സ്വയം പ്രത്യക്ഷപ്പെടുന്നുണ്ട്. കൈകള്‍ വിടര്‍ത്തി നാടകീയമായി ക്യാമറക്ക് നേരെ നടന്ന് ആ കഥാപാത്രം പറയുന്നത് ഇത്രമാത്രം: ''ഞാനൊരു പ്രതിഭാസമല്ല-അല്ലേയല്ല!'' പില്‍ക്കാലത്ത് ഒരു 'കള്‍ട്ട് ഫിഗറാ'യി വിഗ്രഹവല്‍ക്കരിക്കപ്പെടുന്നതിനെതിരേ ജോണ്‍ കലാത്മകമായി നിര്‍വ്വഹിച്ച ഒരു മുന്നറിയിപ്പായിരുന്നു, ഒരര്‍ത്ഥത്തില്‍ ആ ദൃശ്യം. ഒരു പ്രതിഭാസമായി ആഘോഷിക്കപ്പെടുക എന്ന ദുരന്തം ജീവിച്ചിരുന്ന കാലത്തും ജോണിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരാളെ പ്രതിഭാസമാക്കി എഴുന്നള്ളിക്കുമ്പോള്‍ അയാളോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒരു സമൂഹത്തിന് പൂര്‍ണ്ണമായ വിമുക്തി ലഭിക്കുന്നു. പിന്നീട് അയാളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന പരിവേഷങ്ങളുടെയും കെട്ടുകഥകളുടെയും അയഥാര്‍ത്ഥമായ ഒരു ഭൂമികയിലാണ് ആ വ്യക്തിയുടെ എല്ലാതരം ജീവിതവ്യവഹാരങ്ങളും വിലയിരുത്തപ്പെടുന്നത്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു 'ഹൈപ്പര്‍ റിയാലിറ്റി'യായാണ് പിന്നീട് ഇത്തരം കഥാപുരഷന്മാരെ സമൂഹം വീക്ഷിക്കുന്നത്. ജോണിന്റെ കലാജീവിതത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് തടസ്സമായി നിന്ന പ്രധാനഘടകം ഇതാണെന്ന് തോന്നുന്നു. മദ്യത്തോടുള്ള അമിത വിധേയത്വവും സഹജമായ അരാജക സ്വഭാവവും കൊണ്ട് ജോണിന് നഷ്ടമായ സര്‍ഗ്ഗാത്മക നേട്ടങ്ങളെക്കാള്‍ എത്രയോ ഇരട്ടി, ഈ പ്രതിഭാസപരിവേഷം കൊണ്ട് സമൂഹം ജോണില്‍ നിന്ന് ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്.

ചെറി
യാച്ചനെപ്പോലെ ജോണും ഒരു പാവമായിരുന്നു. അനുഭവങ്ങളോടുള്ള ശിശുസഹജമായ ആര്‍ത്തിയായിരുന്നു ജോണിന്റെ അടിസ്ഥാന വികാരം. 'എത്ര മത്തായി' ('കോട്ടയത്ത് എത്ര മത്തായിമാരുണ്ട്' എന്ന ജോണിന്റെ പ്രസിദ്ധമായ കഥ ഓര്‍ക്കുക)യായി സ്വയം വേഷപ്പകര്‍ച്ച നടത്തി. അനുഭവങ്ങളുടെ ഏത് അതിരുകള്‍ വരെ പോകാം എന്നായിരുന്നു ജോണ്‍ ജീവിതം കൊണ്ട് തെളിയിക്കാന്‍ ശ്രമിച്ചത്. വേദനയോടെ പറയട്ടെ; മരണം കൊണ്ടും! അത്തരമൊരു മനുഷ്യജന്മത്തിന് വേണ്ട ശൈശവ നിഷ്‌കളങ്കത ജോണില്‍ വേണ്ടുവോളമുണ്ടായിരുന്നു.('കാരമസോവ് സഹോദരന്മാരും' 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും' ജോണ്‍ വായിച്ചത് ഒരു കുട്ടിയുടെ കണ്ണിലൂടെയായിരുന്നു. ഈ കൃതികളെക്കുറിച്ച് ജോണ്‍ നിര്‍മ്മിച്ച പാഠങ്ങള്‍ അത്യന്തലളിതവും മാനുഷികവുമായിരുന്നു.) ജോണിന്റെ വ്യക്തിത്വ പ്രഭാവങ്ങളായി കൊണ്ടാടപ്പെട്ട മറ്റു ഗുണദോഷങ്ങളെല്ലാം 'അവന്റെ' ഇല്ലായ്മയില്‍ ലോകം അവനുമേല്‍ അടിച്ചേല്‍പ്പിച്ചവയാകണം. കാപട്യവും വഞ്ചനയും ജീവിതചര്യയാക്കിയ ഒരു സമൂഹത്തിന് അവന്റെ നിഷ്‌കളങ്കത അംഗീകരിക്കുകയും നിലനിര്‍ത്തുകയും അസാധ്യമായി തോന്നിയിരിക്കണം. അതുകൊണ്ടാണ് ജോണ്‍ കൊണ്ടാടപ്പെട്ടത്. അങ്ങനെ കൊണ്ടാടപ്പെടുന്നതില്‍ പ്രതികാരസുഖമുള്ള ഒരാത്മരതി ജോണും അനുഭവിച്ചിരിക്കണം.

ജോണിന്റെ കലാജീവിതത്തിലും മലയാള സിനിമയിലും പുതിയ ദിശാബോധം സൃഷ്ടിക്കുമായിരുന്ന ഒരു സംരംഭമായിരുന്നു, നടക്കാതെ പോയ 'കയ്യൂര്‍' സിനിമ. മൃണാള്‍സെന്‍ ഉപേക്ഷിച്ചുപോയ ഒരു പ്രൊജക്ട് ഏറ്റെടുക്കുന്നതിലുള്ള വെല്ലുവിളിയുടെ സുഖം 'കയ്യൂര്‍' ചെയ്യാനൊരുങ്ങുമ്പോള്‍ ജോണ്‍ സങ്കല്പിച്ചിട്ടുപോലുമുണ്ടാവില്ല. 'കഴുത'യും 'ചെറിയാച്ച'നും ചലച്ചിത്രങ്ങളെന്ന നിലയില്‍ ജോണിന്റെ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തിയ രചനകളായിരുന്നില്ല. സ്വന്തം സിനിമകളുടെ ബുദ്ധിസ്വഭാവത്തെ ഏറ്റവുമധികം സ്വയം വിമര്‍ശിച്ചിരുന്ന സംവിധായകനായിരുന്നു ജോണ്‍. ജനകീയ സിനിമയെക്കുറിച്ചുള്ള ജോണിന്റെ സങ്കല്പങ്ങളാകട്ടെ അമൂര്‍ത്തവും യാഥാര്‍ത്ഥ്യ നിഷ്ഠമല്ലാത്തതും ആയിരുന്നു. രണ്ടിനുമിടയില്‍ ഒരു പരീക്ഷണം നടത്താനുള്ള അവസരമായാണ് ജോണ്‍ 'കയ്യൂരി'നെ കണ്ടത്. ജനകീയ സാംസ്‌കാരികവേദി പിരിച്ചുവിട്ടതിനേത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കവിയൂര്‍ ബാലന്റെ നേതൃത്വത്തിലുള്ള ഒരു സംഘം രൂപപ്പെടുത്തിയ സര്‍ഗ്ഗാത്മക പദ്ധതികളുടെ ഭാഗമെന്ന നിലയിലാണ് ജോണും 'കയ്യൂരും' ഉരുത്തിരിയുന്നത്. കേരളീയ ജീവിതത്തിലും മലയാളിയുടെ പൊതുബോധത്തിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ പര്യാപ്തമെന്ന് തെളിയിച്ചുകൊണ്ടിരുന്ന ഒരു സംഘടനയുടെ പെട്ടെന്നുള്ള മരണം, അക്കാലത്തെ പ്രബുദ്ധനായ ഏത് മലയാളിയേയും പോലെ ജോണിനെയും ഈ സംഘത്തോട് അനുഭാവം പുലര്‍ത്താന്‍ പ്രേരിപ്പിച്ചിരിക്കണം. അതിനപ്പുറം ജനകീയ സാംസ്‌കാരികവേദിയുമായി താത്ത്വികമായ യോജിപ്പുകളൊന്നും ജോണിന്റെ കലയിലോ പ്രകൃതത്തിലോ ഉണ്ടായിരുന്നില്ല. കേരളത്തിലെ ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ക്ക് ജോണിനെ പോലെ ഒരു കലാകാരനെ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഉള്ള സന്നദ്ധത എക്കാലത്തും ഉണ്ടായിരുന്നില്ല. അങ്ങനെ, പ്രാന്തവത്കരിക്കപ്പെട്ടവരുടെ പൊതുവായ വിധി പങ്കുവെയ്ക്കുവാന്‍ ജോണും സാംസ്‌കാരിക വേദി പ്രവര്‍ത്തകരും നിര്‍ബന്ധിതരായി. 

സാംസ്‌കാ
രികവേദി പ്രവര്‍ത്തകരായിരുന്ന പി. എം. മുരളീധരനും ജി ബി വത്സനും താമസിച്ചിരുന്ന കാസര്‍ക്കോട്ടെ 'ഖസാക്ക്' എന്ന ലോഡ്ജിലാണ് കയ്യൂര്‍ എന്ന ആശയവുമായി ജോണും സുഹൃത്തുക്കളും ആദ്യമെത്തുന്നത്. ചാരായക്കട തൊട്ടടുത്തുതന്നെയുണ്ടായിരുന്നു. ഓരോ തവണ പോയി വരുമ്പോഴും ജോണ്‍ പുതിയ ആശയങ്ങളും ദൃശ്യങ്ങളും മെനഞ്ഞെടുത്തു. ചര്‍ച്ചകളുടെ ലഹരിയില്‍ സുഹൃത്തുക്കളും ഉന്മത്തരായി. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട രേഖകളും പുസ്തകങ്ങളും ഖസാക്കിലെത്തിക്കഴിഞ്ഞിരുന്നു. അവയില്‍ ജോണിന് വലിയ കൗതുകമുള്ളതായി തോന്നിയില്ല. തന്റേതുമാത്രമായ ഒരു കയ്യൂര്‍ ജോണിന്റെ മനസ്സില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ചില രാത്രികളില്‍ 'ഖസാക്കി'ലെ അതിഥിയായെത്തിയ ഈ ലേഖകന് ആഘോഷപ്രിയനായ ജോണിനെയാണ് കാണാന്‍ കഴിഞ്ഞത്. സര്‍ഗ്ഗാത്മകമായ 'ടെന്‍ഷനു'കളേതുമില്ലാതെ മദ്യപിച്ചും അനന്തമായ പാചകപരീക്ഷണങ്ങ(വെളിച്ചെണ്ണക്കുപകരം മണ്ണെണ്ണ ചാലിച്ചുണ്ടാക്കിയ മീന്‍കറി ഉള്‍പ്പെടെ)ളിലേര്‍പ്പെട്ടും പുലരുവോളം തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും ജോണ്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു പ്രതിഭാസമായി കഴിഞ്ഞിരുന്നു. കയ്യൂര്‍ സംഭവത്തിന്റെ ചരിത്രപരതയും വര്‍ത്തമാനപ്രസക്തിയും ചലച്ചിത്രത്തില്‍ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം കവിയൂര്‍ ബാലനും സുഹൃത്തുക്കള്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാവണം കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരെയും ബുദ്ധിജീവികളെയും കയ്യൂരിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെടുത്തണമെന്ന് തീരുമാനിക്കപ്പെട്ടത്. സച്ചിദാനന്ദന്‍, ബി.രാജീവന്‍, മധുമാസ്റ്റര്‍, എ സോമന്‍, ജോയി മാത്യു, സേതു(കോഴിക്കോട്), നിലമ്പൂര്‍ ബാലന്‍, കെ.ജെ. ബേബി, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന സിറാജ് തുടങ്ങിയവ ഒരു സംഘത്തോടൊപ്പം ജോണ്‍ കാടക(കാറഡുക്ക)ത്തെ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തിപ്പെടുന്നത് അങ്ങനെയാണ്. നിലമ്പൂര്‍ ബാലേട്ടന്‍ സിനിമയിലെ ആഖ്യാതാവിന്റെ റോള്‍ അഭിനയിക്കാനെത്തിയതാണ്. അപ്പുവായി അഭിനയിക്കാന്‍ കെ.ജെ. ബേബിയും മറ്റൊരു റോളിനായി ജോയ് മാത്യുവും; മറ്റുള്ളവര്‍ തിരക്കഥാചര്‍ച്ചക്കും. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം സംഘം ആ ഗ്രാമത്തെ സ്വന്തമാക്കി. ഏറ്റവും ഉത്സാഹഭരിതന്‍ സ്വാഭാവികമായും ജോണ്‍ തന്നെയായിരുന്നു. പൂരക്കളി പാട്ടുകളും ചുവടുകളും ജോണിലെ ശിശുവിനെ ഉണര്‍ത്തി. തുള്ളിയും നൃത്തം ചവിട്ടിയുമേ നടക്കാനാവൂ എന്ന പരുവത്തിലായി ജോണ്‍. സന്തതസഹചാരികളായ തെക്കേപുര കണ്ണന്‍, കുണിയേരി കൃഷ്ണന്‍ എന്നീ പൂരക്കളി പണിക്കന്മാരെയും കിട്ടി. അതിരാവിലെ ആരംഭിക്കുന്ന നാടന്‍ ചാരായവേട്ടയില്‍ ഇരുവരും ജോണിനെ സോത്സാഹം പിന്തുണച്ചു. (വര്‍ഷങ്ങള്‍ക്കുശേഷം ജോണിന്റെ മരണവാര്‍ത്തയറിഞ്ഞ് വികാരാധീനനായ കൃഷ്‌ണേട്ടന്‍ തന്റെ വിരിഞ്ഞ നെഞ്ചില്‍ അഭിമാനപൂര്‍വം തട്ടി കാടകത്തെ പുതുതലമുറയോട് പറഞ്ഞുവത്രെ: ''ഞാന്‍ ജോന്‍ എബ്രഹാമിന്റെ കൂടെ കള്ളുകുടിച്ച്റ്റ്‌ണ്ടെടാ..ങ്ഹാ'').
കാടകത്ത് അന്ന് ഞാന്‍ താമസിച്ചിരുന്ന വീട് അക്ഷരാര്‍ഥത്തില്‍ ഒരു കുടിലായിരുന്നു. ആകെ ഒന്നോ രണ്ടോ കസേരകള്‍. ഒരേയൊരു മേശ. മണ്ണെണ്ണ വിളക്കുകള്‍. കുടുസ്സായ കിടപ്പുമുറി. അതിലും കുടുസ്സായ ഇരുണ്ട അടുക്കള. മൂന്നുപേര്‍ കഷ്ടിച്ചു കഴിഞ്ഞുപോന്ന ആ കുടിലിന് ചുറ്റുമായി ഇരുപത്തഞ്ചോളം മനുഷ്യര്‍ രണ്ടാഴ്ചയിലേറെ എങ്ങനെ കഴിഞ്ഞു എന്ന് ഇന്ന് എനിക്ക് തന്നെ സങ്കല്‍പ്പിക്കാനാവില്ല. നമസ്‌കാരസ്ഥലം പോലെയുള്ള ചാണകം മെഴുകിയ ഒരു തിണ്ണയായിരുന്നു അക്കാലത്തെ എന്റെ 'സ്റ്റഡിറൂം'. അവിടെ ഒരു പുല്ലുപായ വിരിച്ച് പഴയ ഒരു കോലാപ്പൂരി പുതപ്പുകൊണ്ട് ശരീരമാസകലം മൂടി ജോണ്‍ ഇരിക്കും: ക്ഷീണിച്ചാല്‍ കിടക്കും. മറ്റുള്ളവര്‍ തൊട്ടുള്ള അരമതിലിലും തിണ്ണയിലുമായി പായ വിരിച്ച് ഇരുന്നും കിടന്നുമായിരുന്നു ചര്‍ച്ച. മഹത്തായ ഏതോ ഒരു പ്രവൃത്തിയില്‍ ഭാഗഭാക്കാവുകയാണെന്നബോധം ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ആ വീട്ടിലെ പ്രാചീനമായ അന്തരീക്ഷവും ദാരിദ്ര്യവും ആരിലും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം ഏതാണ്ടൊരനുഷ്ഠാന നിഷ്ഠയോടെ നടന്നുപോന്ന പ്രവൃത്തികളായിരുന്നു. ഭക്ഷണം കഴിക്കുന്ന പതിവില്ലാത്തത് കൊണ്ട് ജോണിന് വേണ്ടി ആരും ഒന്നും കാത്തുവെച്ചില്ല. ഭക്ഷണസമയത്ത് ആള്‍ സ്ഥലത്തുണ്ടാവുകയുമില്ല. വൈകിയെത്തിയ ഒരു രാത്രി ആളുകള്‍ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്ന വരാന്തയിലൂടെ അടുക്കളയിലേക്ക് ജോണ്‍ ഒളിച്ചുകയറി. മണ്‍പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ട് ഞങ്ങള്‍ മണ്ണെണ്ണ വിളക്കുമായി ചെല്ലുമ്പോള്‍ കണ്ടകാഴ്ച!. ഒഴിഞ്ഞ കഞ്ഞിക്കലത്തിനിടയില്‍ പറ്റിപ്പിടിച്ച വറ്റുകള്‍ (അരപ്പിടിപോലും വരില്ല അത്) ശ്രദ്ധാപൂര്‍വ്വം തൂത്തെടുത്ത് ഒഴിഞ്ഞ മീന്‍ ചട്ടിയിലിട്ട് വഴറ്റി ഓരോന്നായി രസിച്ചു തിന്നുകയാണ് ജോണ്‍. എന്റെ ഭാര്യയ്ക്ക് അതുകണ്ട് കരച്ചിലടക്കാനായില്ല. അവരെ നോക്കി ചിരിച്ച് ഒരു ഏമ്പക്കവും വിട്ട് ''അസ്സല്‍ മീന്‍കറി. എന്തൊരു ടെയ്സ്റ്റ്'' എന്നു സാന്ത്വനിപ്പിച്ച് ജോണ്‍ കൈകകഴുകാന്‍ പുറത്തേക്കിറങ്ങി. വെളിച്ചം കാട്ടാന്‍ പിന്നാലെ ചെന്ന ഞാന്‍ കാണുന്നത് കൈകഴുകി തീരാതെ കുനിഞ്ഞിരിക്കുന്ന ജോണിനെയാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പാരവശ്യം ആ മുഖത്തുണ്ടായിരുന്നു. ആരുടെയും കണ്ണീര് കാണാന്‍ ആ വീരശൂര പരാക്രമിക്ക് കഴിയുമായിരുന്നില്ല. എന്തോ കുടഞ്ഞ് കളയുന്നത് പോലെ തലവെട്ടിച്ച് എഴുന്നേറ്റ ജോണ്‍ ഒരു രഹസ്യം പോലെ എന്റെ ചെവിയില്‍ പറഞ്ഞു: ''ഷീ ഈസ് ഡൗണ്‍ ടു എര്‍ത്ത് ഫെമിനിന്‍'' അത് ജോണിലെ ശിശുവിന് ജോണ്‍ തന്നെ നല്‍കിയ ഒരു 'കോംപ്ലിമെന്റാ'യി മാത്രമേ അന്നും ഇന്നും എനിക്ക് തോന്നിയിട്ടുള്ളൂ.
കണ്ണേട്ടന്റെയും കൃഷ്‌ണേട്ടന്റെയും നേതൃത്വത്തില്‍ തീയ്യ-ശാലിയ സംഘങ്ങള്‍ സംയുക്തമായി രാത്രിതോറും പൂരക്കളി അരങ്ങേറി. ബേബിയും ജോയ് മാത്യുവും വളരെപ്പെട്ടെന്ന് ചുവടുകള്‍ പഠിച്ചെടുത്തു. ദിവസങ്ങള്‍ കൊണ്ട് ബേബി ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ഹരമായി. പുഞ്ചക്കൃഷിക്ക് നിലമൊരുക്കാന്‍ വെള്ളം കെട്ടിനിര്‍ത്തിയ പാടശേഖരങ്ങളിലൂടെ പൂട്ടുകാളകള്‍ക്ക് പിമ്പേ അസ്ത്രം പോലെ പാഞ്ഞുപോകുന്ന ബേബി നാട്ടുകാരുടെ വിസ്മയവും അഭിമാനവുമായി. സമാന്തരമായി സ്‌ക്രിപ്റ്റ് ചര്‍ച്ചയും എഴുത്തും പുരോഗമിച്ചുകൊണ്ടിരുന്നു. ജോണ്‍ ഒഴികെ മറ്റെല്ലാവരും തികഞ്ഞ ഏകാഗ്രതയോടെ പണിയെടുത്തു. ചര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും ലെയിങ്ങും ഹേബര്‍മാസും നവീന ഇടതുപക്ഷക്കാരും കയറിയിറങ്ങിപ്പോയി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിനെപ്പറ്റി പുതുതലമുറക്കാരായ കയ്യൂര്‍ക്കാര്‍ക്ക് സിനിമയിലെ ആഖ്യാതാവ് പറഞ്ഞ്‌കൊടുക്കുന്ന ഒരു ഭാഗം മഴ ചാറുന്ന ഉച്ചയ്ക്ക് സച്ചിദാനന്ദന്‍ എഴുതി വായിച്ചു. സച്ചിയുടെ കവിത പോലെ മനോഹരമായ ആ വരികള്‍ പിന്നീട് സ്‌ക്രിപ്റ്റില്‍ (അച്ചടിച്ചുവന്നതില്‍) ഉപയോഗിച്ചുകണ്ടില്ല. വിസ്മയം കൊണ്ടു വിടര്‍ന്ന എന്റെ മുഖം കണ്ടിട്ടാവണം. അല്‍പനേരം കഴിഞ്ഞുള്ള ഒരു ഇടവേളയില്‍ സച്ചി ആയിടെ എഴുതിയ 'വേനല്‍മഴ' എന്ന കവിത ഉറക്കെ ചൊല്ലിക്കേള്‍പ്പിച്ചു. 

''വേനലിലെ ആദ്യത്തെ മഴ പെയ്യുകയാണിപ്പോള്‍
മഴയുടെ ചില്ലുകുഴലുകളിലൂടെ 
എണ്ണമറ്റ കുഞ്ഞുമാലാഖമാര്‍ വന്നിറങ്ങി
ഇലകളില്‍ നൃത്തം ചെയ്യുന്നതും നോക്കി
ഈ ഭൂമിയിലെ പ്രക്ഷുബ്ധമായ പ്രവാസത്തെക്കുറിച്ചോര്‍ത്ത്
നിന്റെ തടവറയുടെ ജനലരികില്‍
നീയിരിക്കുന്നതെനിക്ക് കാണാം... ''

കവിത കഴിയുമ്പോഴേക്കും ഞങ്ങളുടെ സംഘം നിശ്ശബ്ദതയുടെ ചെറുതുരുത്തുകളായി വിഘടിച്ചു കഴിഞ്ഞിരുന്നു. കുറെ സമയത്തേക്ക് ആരും സംസാരിച്ചില്ല. എ.സോമന്‍ പതിയെ എന്റെ വലതുകയ്യില്‍ തൊട്ടു. അവന്റെ വിറക്കുന്ന വിരലുകളില്‍ എന്റെ തന്നെ ഏകാന്തതയും വ്യസനവും ഉദ്വേഗവും ഞാനറിഞ്ഞു. എണ്‍പതുകളുടെ ആദ്യം നിലനിന്നിരുന്ന സവിശേഷമായ സാമൂഹിക കാലാവസ്ഥയില്‍, വിശ്വാസ നഷ്ടങ്ങളെക്കുറിച്ചുള്ള ഒരു ബലിപ്പാട്ടുപോലെ എഴുതപ്പെട്ട ആ കവിത ശരിക്കും ഞങ്ങളെയൊക്കെ കഴുകിത്തുടച്ചു. പിന്നീടുള്ള രാത്രികളില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ സോമനും ഞാനും നിര്‍ബന്ധിച്ച് പലവട്ടം സച്ചിയെ കൊണ്ട് ആ കവിത ചൊല്ലിക്കുകയുണ്ടായി. (ജീവിതത്തില്‍ ഇന്നേവരെ ഏറ്റവുമധികം വായിച്ച/ചൊല്ലിയ കവിതയും അതുതന്നെ.) എല്ലാം കഴിഞ്ഞ് നെടുവീര്‍പ്പോടെ ഉറങ്ങാമെന്ന് വെക്കുമ്പോള്‍ ഇരുട്ടില്‍ ബേബിയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടാകും. ഏറ്റവും നിസ്സംഗമായ ഒരു വിഷാദമായിരുന്നു അക്കാലത്ത് ബേബിയുടെ മുഖമുദ്ര. താന്‍ എഴുതിത്തുടങ്ങിയ 'മാവേലിമന്റം' എന്ന നോവലിനെക്കുറിച്ച് എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബേബി മടിയോടെ സംസാരിക്കും. (നോവല്‍ പൂര്‍ത്തിയായാല്‍ ആദ്യം നിനക്ക് വായിക്കാന്‍ തരും എന്ന വാക്ക് ബേബി പാലിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയായ 'മാവേലിമന്റ'ത്തിന്റെ ആദ്യവായനക്കാരനാകാന്‍, എന്നെയും തേടി ബേബി തലശ്ശേരിയിലെത്തി) പാതിരാത്രി കഴിഞ്ഞനേരങ്ങളില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെച്ച വിഹ്വലതകള്‍ എന്തൊക്കെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. ഏറ്റവുമൊടുവില്‍ ബേബി, പ്രസിദ്ധമായ ആ കാവല്‍പ്പാട്ട് പാടും. ''നാനിതാ കിടാക്കന്റേ...നാനിതാ കിടാക്കന്റേ... ഈ കാവല് പള്ളീലോ... ഓ..ഹേ...ഓ...!!'' അതുകഴിഞ്ഞാല്‍ കണ്ണും വായും തുറക്കാനാവാതെ ശവം പോലെ ഞാന്‍ കിടക്കും; ഏകാന്തതയുടെ ഗിരിശൃംഗങ്ങളില്‍ നിന്ന്, ഞാന്‍ കിടന്ന ചാണകത്തറയിലേക്കുള്ള അകലം അറിഞ്ഞ്, അറിയാതെ... 

പുസ്തകവായനയ്ക്കപ്പുറം, ഒരു ലോകമുണ്ടെന്ന്, വ്യക്തികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ഒരുപാട് സാന്ത്വനങ്ങള്‍ നല്‍കാനാവുമെന്ന് ആ കൂട്ടായ്മയില്‍ നിന്നാണ് ഞാന്‍ ആദ്യം അറിഞ്ഞത്. ജോണ്‍ നര്‍മ്മത്തിന്റെ കുലപതിയായിരുന്നു. തമാശകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള കഴിവ് എനിക്ക് നന്നേ കുറവാണ്. വരാന്തയില്‍ നിന്ന് ഇടയ്ക്കിടെ ഉയരുന്ന പൊട്ടിച്ചിരിയുടെ കാരണം അറിയാതെ അടുക്കളയിലോ പറമ്പിലോ ആയിരുന്ന ഞാന്‍ ഖേദിച്ചു. അന്വേഷിച്ചു വരുമ്പോഴേക്കും ചിരിയുടെ ഒരു ഊഴം എനിക്ക് നഷ്ടമായിട്ടുണ്ടാകും. ബൗദ്ധിക നര്‍മ്മത്തില്‍ സച്ചിദാനന്ദനുള്ള ശേഷി അപാരമായിരുന്നു. ഒരിക്കല്‍ തീപിടിച്ച ചര്‍ച്ചകള്‍ക്ക് നടുവിലേക്ക് എന്റെ മകള്‍ നാലുവയസ്സിന്റെ കുസൃതിയുമായി പാഞ്ഞുകയറി. എഴുതിക്കൊണ്ടിരുന്ന കടലാസുകളും പുസ്തകങ്ങളും വാരിവലിച്ചിട്ടു. അപ്പോള്‍ സച്ചി ഒരു വാക്യം പറഞ്ഞ് കൊടുത്ത് മധുമാസ്റ്ററെ കൊണ്ട് എഴുതിക്കുകയായിരുന്നു. ജോണ്‍ ദേഷ്യം അഭിനയിച്ച് തന്റെ പരുപരുത്ത ശബ്ദത്തില്‍ അലറി. ''പൊയ്‌ക്കോണം അവിട്ന്ന്! പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം?'' പേടിച്ചുപോയ കുട്ടി പിന്‍പോട്ട് ആയുമ്പോഴേക്കും സച്ചി വാത്സ്യത്തോടെ ഇടതുകൈകൊണ്ട് അവളെ പിടിച്ച് മടിയിലിരുത്തിക്കഴിഞ്ഞിരന്നു. എന്നിട്ട് മധുമാസ്റ്റര്‍ക്ക് പറഞ്ഞുകൊടുത്ത വാക്യം പൂരിപ്പിക്കന്നതുപോലെ അനായാസമായ ഒരീണത്തില്‍ ഇങ്ങനെ പറഞ്ഞു: ''ഈ പൂച്ചകള്‍ ഉരുകുന്നിടത്ത് എന്റെ പൊന്നിനെന്താ കാര്യം?''
ജോണിന്റെ മനസ്സിലെ സിനിമയും ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന തിരക്കഥയും തമ്മിലുള്ള വൈരുദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത് നിലമ്പൂര്‍ ബാലനായിരുന്നു. എനിക്ക് പക്ഷേ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത്തരമൊരു സംരംഭം പരാജയപ്പെട്ടുപോകും എന്ന് സങ്കല്പിക്കാനുള്ള ശേഷി അക്കാലത്ത് എനിക്ക് ഉണ്ടായിരുന്നില്ല. ഇന്ന് ആലോചിച്ച് നോക്കുമ്പോള്‍, തിരക്കഥാ രചനയുടെ രണ്ടാം ഘട്ടത്തിനായി കയ്യൂരിലേക്ക് യാത്രതിരിക്കും മുമ്പേ തന്നെ ജോണിന്റെ മനസ്സില്‍ 'കയ്യൂര്‍' യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്ത ഒരമൂര്‍ത്ത സങ്കല്പം മാത്രമായിക്കഴിഞ്ഞിരുന്നു എന്ന് മനസ്സിലാക്കാനാവുന്നുണ്ട്. കയ്യൂരിലെ ജോണിന്റെയും സംഘത്തിന്റെയും വാസത്തെപ്പറ്റി ഒട്ടുവളരെ എഴുതപ്പെട്ടിട്ടുണ്ട്. കാടകത്ത് നിന്ന് കയ്യൂരിലേക്ക് ജോണിനെ പിന്തുടരാനുള്ള അവസരം എനിക്കുണ്ടായില്ല. നിര്‍മ്മാതാവിന്റെ കാലുമാറ്റവും സാമ്പത്തിക പരാധീനതകളും മറ്റും മറ്റുമായി പലചരക്കുകടയില്‍ സ്‌ക്രിപ്റ്റ് പണയം വെച്ച് കയ്യൂര്‍ വിടേണ്ടിവന്ന ജോണിന്റെ കഥയ്ക്ക് പുറമേ നിന്ന് നോക്കുമ്പോള്‍ 'സെന്‍സേഷനലിസം' വേണ്ടുവോളം ഉണ്ട്. അതിനിടയില്‍ കയ്യൂരിന്റെ ചരിത്ര സാംഗത്യത്തെ തന്നെ ജോണ്‍ സംശയിച്ചു തുടങ്ങിയിരുന്നു. ആ സംശയത്തിന്റെ ന്യായാന്യായങ്ങള്‍ ഓര്‍ത്തുണ്ടായ ഒരു പുതിയ വ്യതിയാനമായിരുന്നില്ല ജോണില്‍ സംഭവിച്ചത്. ജോണ്‍ വളരെ സാവകാശം 'കയ്യൂര്‍' വിട്ടുകഴിഞ്ഞിരുന്നു. കയ്യൂരില്‍ നിന്ന് പോന്ന ശേഷം കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യാശുപത്രിയില്‍ ജോണ്‍ അല്‍പ ദിവസങ്ങള്‍ കിടന്നിരുന്നു. കയ്യൂര്‍ ചെയ്യാന്‍ കഴിയാതെ പോയതിലുള്ള നിരാശയിലുപരി വല്ലാത്തൊരു 'വിത്‌ഡ്രോവല്‍ സിംപ്ടം' ആണ് ജോണില്‍ കാണാന്‍ കഴിഞ്ഞത്. കയ്യൂരിനെപ്പറ്റി ഒന്നും പറയാതെ, താന്‍ എടുക്കാന്‍ പോകുന്ന പുതിയ സിനിമയെക്കുറിച്ച് ജോണ്‍ വാചാലനായി.

കാടകത്തെ താമസക്കാലത്ത് ജോണ്‍ സംഭാഷണങ്ങളില്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചിരുന്ന ഒരു പദമുണ്ടായിരുന്നു: ലാബിറിന്‍ത്‌സ്. മായക്കൊട്ടാരം, രാവണന്‍ കോട്ട എന്നൊക്കെ പരിഭാഷകളുള്ള ആ വാക്ക് ജോണിന് ഏതാണ്ടൊരു ഒബ്‌സെഷന്‍ പോലെയായിരുന്നു. ജോര്‍ജ്ജ് ലൂയി ബോര്‍ഹെസിന്റെ അതേ പേരിലുള്ള പുസ്തകം ജോണ്‍ അതിനകം വായിച്ചിരുന്നു. പക്ഷേ ജോണിന്റെ 'ലാബിറിന്‍ത്‌സ്' മറ്റെന്തോ ആണെന്ന് തോന്നിയിരുന്നു. ആ വാക്ക് ഉച്ചരിക്കുമ്പോള്‍ ജോണ്‍ തന്റെ ഉള്ളിലെ അന്തമില്ലാത്ത ഇടനാഴികളിലൂടെ ഹതാശനായി അലയുന്നതുപോലെ തോന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം ജോണിനെയും കയ്യൂരിനെയും ഓര്‍മ്മിക്കുമ്പോള്‍, കൂടുതല്‍ അയഥാര്‍ത്ഥവും അമൂര്‍ത്തവുമായ മറ്റൊരു മലയാള പദമാണ്, എന്തുകൊണ്ടോ, എന്റെ മനസ്സിലേക്ക് കയറിവരുന്നത്; ജലമാളിക!

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: