2012ലെ സംസ്ഥാന
ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സന്ധ്യാരാഗം സീരിയലിലെ (അമൃത ടി.വി) അഭിനയത്തിന് മുകുന്ദനെയും മികച്ച നടിയായി ദൂരെ ടെലിഫിലിമിലെ അഭിനയത്തിന് (മഴവിൽ മനോരമ) അനന്യയേയും തിരഞ്ഞെടുത്തു. മികച്ച നിലവാരമുള്ള സീരിയൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞ ജൂറി മികച്ച രണ്ടാമത്തെ സീരിയലായി സന്ധ്യാരാഗം തിരഞ്ഞെടുത്തു. 15000രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മികച്ച കഥാകൃത്തിനും, മികച്ച കുട്ടികളുടെ പരിപാടിക്കും ഇപ്രാവശ്യം അവാർഡില്ല.
മികച്ചവാർത്ത അവതാരകനായി ഇന്ത്യാവിഷനിലെ ഇ.സനീഷ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ ഗൃഹാതുരം എന്ന പരിപാടി അവതരിപ്പിച്ച ശ്രീധന്യ.എസ്.തെക്കേടത്താണ് മികച്ച ആങ്കർ. 'പട്ടടയിലും പട്ടുപോകാതെ' എന്ന പരിപാടി അവതരിപ്പിച്ച ആദർശാണ് കമന്റേറ്റർ. ഇന്ത്യാവിഷനിലെ ഗ്രീൻ റിപ്പോർട്ടിലൂടെ ദീപ.വി.എം മികച്ച ഇന്റർവ്യൂവർ ആയി. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിനെ കുറിച്ചുള്ള റിപ്പോർട്ട് റിപ്പോർട്ടർ ടി.വിയിലെ അരുൺ ശങ്കറിനെ അന്വേഷണാത്മക റിപ്പോർട്ടിനുള്ള അവാർഡിന് അർഹനാക്കി. രചനാ വിഭാഗത്തിൽ 'ടെലിവിഷൻ പരമ്പരകൾക്കെതിരെ പീഡനക്കേസ് എടുക്കണം' എന്ന പേരിൽ എ.ചന്ദ്രശേഖരൻ എഴുതിയ ലേഖനം മികച്ച ലേഖനമായി തിരഞ്ഞെടുത്തു. ഹരികുമാർ, സംവിധായകൻ മധുപാൽ, ശ്രീവരാഹം ബാലകൃഷ്ണൻ എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
മറ്റ് അവാർഡുകൾ: മികച്ച സംവിധായകൻ (മണിലാൽ, മഴയോടൊപ്പം മായുന്നത്), ടെലിഫിലീം (ഫ്രോഗ്, പീപ്പിൾ ടി.വി), 20 മിനിട്ടിൽ കൂടിയ ടെലിഫിലീം (മഴയോടൊപ്പം മായുന്നത്), ടി.വി ഷോ (മാന്പഴം, കൈരളി), കോമഡി പ്രോഗ്രാം (മറിമായം, മഴവിൽ മനോരമ), മികച്ച ഹാസ്യതാരം (ഹരീഷ്, കോമഡി ഫെസ്റ്റിവൽ), ഡബ്ബിംഗ് ആർട്ടിസ്റ്റ്(ഷോബി തിലകൻ, ദേവി എന്നിവർ), കുട്ടികളുടെ മികച്ച ഷോർട്ട് ഫിലീം(ഇമ്മിണി ബല്ല്യൊരാൾ, മഴവിൽ മനോരമ), മികച്ച രണ്ടാമത്തെ നടൻ (പ്രേം പ്രകാശ്, സന്ധ്യാരാഗം), രണ്ടാമത്തെ നടി (റാണി ശരൺ), ബാലതാരങ്ങൾ (അതുൽ, രേണുക-ഇമ്മിണി ബല്ല്യൊരാൾ, മാരി), കാമറാമാൻ (അനുരാഗ് ഗുണ), ചിത്രസംയോജകൻ(രാജേഷ് തൃശൂർ), സംഗീത സംവിധായകൻ (ജയൻ പിഷാരടി-ഫ്രോഗ്), ശബ്ദലേഖകൻ(എബി), മികച്ച കലാസംവിധായകൻ (എംജു പുന്നാട്), മഴവിൽ മനോരമയിലെ കഥ ഇതുവരെയും ഫ്രോഗിലെ അഭിനയത്തിന് ഋതുൽ ശ്രീകുമാറും പ്രത്യേക ജൂറി അവാർഡിന് അർഹരായി.
കഥേതര വിഭാഗത്തിൽ 'നിങ്ങൾ അരണയെ കണ്ടോ?' മികച്ച ഡോക്യുമെന്ററിയായി. വിദ്യാഭ്യാസ പരിപാടി( ഔട്ട് ഓഫ് സിലിബസ്, വിക്ടേഴ്സ്), ന്യൂസ് കാമറാമാൻ( ടി.ആർ രതീഷ്, ഇന്ത്യാവിഷൻ). സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, മധുപാൽ, ജൂറി അംഗങ്ങൾ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.
No comments:
Post a Comment