Pages

Thursday, May 30, 2013

വൃത്തികേടിന്റെ നാട്‌

വൃത്തികേടിന്റെ നാട്

നാറുന്ന സാമൂഹ്യ പരിസരവും താഴുന്ന ബോധനിലവാരവും വര്‍ധിക്കുന്ന പരിസ്‌ഥിതി മാലിന്യവും തമ്മിലുള്ള ബന്ധം കാണാൻ  ഭാരതത്തിൽ  എത്തിയാൽ  മതി . ‌.
മ്മുടെ നാട്‌ കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ കൊണ്ടു നിറയുകയാണ്‌. നദികളും ജലാശയങ്ങളും മനുഷ്യവിസര്‍ജ്യവും മറ്റു മാലിന്യങ്ങളും കൊണ്ടു നികന്നുപോകുകയാണ്‌. വടക്കേയിന്ത്യയില്‍ യു.പി., ബിഹാര്‍ പോലുള്ള സംസ്‌ഥാനങ്ങളില്‍ സ്‌ഥിതി അതിരൂക്ഷമാണ്‌. എല്ലായിടങ്ങളിലും ശുദ്ധജലലഭ്യത കുറഞ്ഞുവരുന്നു. ഭൗമജലവിതാനം അതിഭയാനകമായ രീതിയില്‍ കുറഞ്ഞുവന്നുകൊണ്ടിരിക്കുന്നു. വരണ്ട പ്രദേശങ്ങളിലെ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകളില്‍ കുഞ്ഞുങ്ങള്‍ വീണു മരിക്കുന്ന നാടായി മാറി ഇന്ത്യ. നൂറുകോടി ജനങ്ങള്‍ക്കു കുടിവെള്ളം തന്നെ ലഭിക്കുന്നില്ല. ജീവിതകാലം മുഴുവന്‍ വെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നവന്റെ പ്രതിസന്ധി കുട്ടനാടുകാരോടും െവെപ്പിന്‍കരയില്‍ ജീവിക്കുന്നവരോടും ചോദിച്ചാല്‍ അറിയാവുന്നതാണ്‌. ഇതൊക്കെയാണു,നമ്മുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍.
ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുമോ ഗണേശന്‍ വീണ്ടും വനംമന്ത്രിയാകുമോ ഗണേശനും യാമിനിയും വീണ്ടും ഒന്നിക്കുമോ ബാലകൃഷ്‌ണപിള്ള മുന്നോക്ക സമുദായ കോര്‍പറേഷന്റെ അധ്യക്ഷനായി ക്യാബിനറ്റ്‌ പദവി സ്വീകരിക്കുമോ തുടങ്ങിയ അല്‍പത്തം നിറഞ്ഞ വാര്‍ത്തകള്‍ നമ്മുടെയൊക്കെ ജീവിതങ്ങളെ ഒരു തരിമ്പുപോലും സ്‌പര്‍ശിക്കുന്നില്ല എന്നതാണു സത്യം. നമ്മുടെ പുഴകളും കുളങ്ങളും കിണറുകളും വ്യാവസായിക-ഗാര്‍ഹിക മാലിന്യങ്ങള്‍ കൊണ്ടു നിറയുകയാണ്‌ എന്ന വാര്‍ത്ത നമ്മളെ സ്‌പര്‍ശിക്കുകയല്ല ഞെട്ടിപ്പിക്കുകയാണു വേണ്ടത്‌. ഇരുമ്പ്‌, ഫ്‌ളൂെറെഡ്‌, ആര്‍സനിക്‌ എന്നീ ധാതുക്കളുടെ അംശങ്ങള്‍ വെള്ളത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. അതിനാല്‍ ജലജന്യമായ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
mangalam malayalam online newspaper
പമ്പാനദിയില്‍ കോളിഫോം ബാക്‌ടീരിയ അമിതമായി കൂടുതലാകുന്നതു ശബരിമല തീര്‍ഥാടനത്തിലെ ജനബാഹുല്യമാണെന്ന്‌ ആര്‍ക്കും മനസിലാക്കാവുന്നതാണ്‌. നമുക്കു നദിയാണോ തീര്‍ഥാടനമാണോ വലുതെന്നുള്ള ഒരു ചോദ്യം നദീതടത്തിനു ചുറ്റും ജീവിക്കുന്നവരോടു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം ലഭിക്കുക. ഞാന്‍ മുന്‍വിധിയോടെ ഇതിനെ കാണുന്നില്ല. ഇവിടെയാണ്‌ കട്‌ജുവിന്റെ പ്രസ്‌താവനയുടെ പ്രസക്‌തി കാണേണ്ടത്‌. ബംഗളുരുവിലെ കടകളിലൊക്കെ പ്ലാസ്‌റ്റിക്‌ സഞ്ചികള്‍ക്കു പ്രത്യേക വില കൊടുക്കണം. ആളുകള്‍ ഇപ്പോള്‍ കടകളിലേക്കു പോകുന്നതു തുണിസഞ്ചികളുമായാണ്‌. പ്ലാസ്‌റ്റിക്‌ ഉപയോഗം കുറയ്‌ക്കാന്‍ ഏറ്റവും പറ്റിയൊരു വിദ്യയാണ്‌ ഇതെന്ന്‌ എനിക്കു തോന്നുന്നു. ഇന്ത്യയില്‍ 2000-2001 കാലങ്ങളില്‍ നാലു ദശലക്ഷം ടണ്‍ പ്ലാസ്‌റ്റിക്കാണ്‌ ഉപയോഗികക്കപ്പെട്ടത്‌. അതിപ്പോള്‍ എത്രയോ ഇരട്ടിയായിട്ടുണ്ടാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്‌റ്റിക്‌ ഉപയോഗിക്കപ്പെട്ടത്‌ കേരളത്തിലാണ്‌ എന്നും പറയേണ്ടതുണ്ട്‌. പ്ലാസ്‌റ്റിക്കിന്റെ ഉപയോഗവും നിര്‍മാര്‍ജനവും ജനസാന്ദ്രതയേറിയ കേരളത്തില്‍ പ്രതിന്ധി സൃഷ്‌ടിച്ചിരിക്കുന്നു എന്നതല്ലേ സത്യം. ഇത്‌ എവിടെ കൊണ്ടു കളയും എന്നാണല്ലോ നമോരോരുത്തരും രാത്രിയും പകലും ആലോചിച്ചുകൊണ്ടിരിക്കുന്നത്‌.
കക്കൂസ്‌ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന്‌ ഫലപ്രദമായ പ്രതിവിധികള്‍ ഒന്നും തന്നെയില്ലെന്നുള്ള കേസ്‌ സുപ്രീംകോടതി വരെ എത്തി നില്‍ക്കുകയാണ്‌. കൊണ്ടു കളയാന്‍ ചെന്നാല്‍ ആരും സമ്മതിക്കുന്നില്ലെന്നാണ്‌ അധികാരത്തിലിരിക്കുന്നവര്‍ വിലപിക്കുന്നത്‌. ആംസ്‌റ്റര്‍ ഡാമില്‍ വീടുകളില്‍ നിന്നുമൊക്കെ വരുന്ന മലിനജലം ശേഖരിച്ച്‌ ശുദ്ധജലമാക്കുന്ന പ്ലാന്റ്‌ നഗരത്തിന്റെ ഒത്ത നടുക്ക്‌ ഉദ്യാനങ്ങളുടെയൊക്കെയുള്ള ഒരു പശ്‌ചാത്തലത്തിലാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. എന്തുകൊണ്ടാണു നമ്മള്‍ നമ്മുടെ കുപ്പത്തൊട്ടികളുമായി നഗരപ്രാന്തങ്ങളില്‍ പാവങ്ങള്‍ താമസിക്കുന്ന സ്‌ഥലങ്ങളിലേക്കു പോകുന്നത്‌?ഈ മാലിന്യത്തിന്റെ രാഷ്‌ട്രീയത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഇരട്ടത്താപ്പ്‌ നാം മനസിലാക്കേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ രീതിയിലുള്ള മാലിന്യനിര്‍മാര്‍ജനത്തിന്‌ അനുയോജ്യമായ സ്‌ഥലങ്ങള്‍ ഇനി ലഭിക്കാനിടയില്ല എന്നുതന്നെയാണു കരുതേണ്ടത്‌.

നമ്മുടെ ഏതു വിഷന്‍ ഡോക്യുമെന്റിലാണ്‌ ഈ സത്യം പറഞ്ഞിരിക്കുന്നത്‌? മാലിന്യ നിര്‍മാര്‍ജനത്തിനു ജനപങ്കാളിത്തമുള്ള വികേന്ദ്രീകൃത സംവിധാനങ്ങള്‍ എന്തൊക്കെയാകാം. അതിന്റെ ശേഖരണം, തരംതിരിക്കല്‍, പുനഃചംക്രമണം, നിര്‍മാര്‍ജനം എന്നീ കാര്യങ്ങളില്‍ അനുവര്‍ത്തിക്കേണ്ട നിയന്ത്രണങ്ങളും ബോധവല്‍ക്കരണ പദ്ധതികളും എന്തൊക്കെയാണ്‌? രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥന്മാരും മാത്രം ചേര്‍ന്ന്‌ ആലോചിച്ചാല്‍ ഇതിനുള്ള ശാസ്‌ത്രീയ പരിഷ്‌കാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അറിയാത്തവരായി നാം ഗ്രാമീണരെ പരിഹസിക്കുന്നുണ്ടെങ്കിലും നമ്മളില്‍ യാത്ര ചെയ്യുന്നവര്‍ തീവണ്ടികളില്‍ ചെയ്യുന്നതും അങ്ങനെയല്ലേ എന്നു സംശയിക്കാവുന്നതാണ്‌.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഓടുന്ന തീവണ്ടികളില്‍ നിന്നു പുറത്തേക്കു വരുന്ന മലമൂത്ര വിസര്‍ജ്യം നമ്മുടെ ഭൂമിയെ എത്രമാത്രം മലിനപ്പെടുത്തുന്നുണ്ട്‌. തീവണ്ടികളിലെ കക്കൂസുകള്‍ ആധുനികവല്‍ക്കരിക്കാന്‍ ഇപ്പോഴും നമുക്കു സാധിച്ചിട്ടില്ല. ലോകരാഷ്‌ട്രങ്ങളില്‍ ഇന്ത്യയെപ്പോലെ ഇത്ര വൃത്തികേടു നിറഞ്ഞ രാജ്യം വേറെയുണ്ടാകുമെന്നു തോന്നുന്നില്ല. അതു മനസിലാക്കാന്‍ അമേരിക്കയിലും യൂറോപ്പിലുമൊന്നും പോകേണ്ട. ശ്രീലങ്കയിലോ ബര്‍മയിലോ തായ്‌ലാണ്ടിലോ ഒക്കെ പോയാല്‍ മതി.

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: