സെല്ലുലോയ്ഡ്-
ഓര്‍മയുടെ കലാപം
അനില്‍കുമാര്‍ എ വി
കലാരംഗത്ത് ജെ സി ഡാനിയലോളം അവഗണനയുടെ കയ്പുനീര്‍
കുടിച്ചവര്‍ ഏറെയുണ്ടാവില്ല. അവസാനമെത്തിയ മലയാള സിനിമയുടെ പിതാവ് എന്ന, ആര്‍ക്കും മുടക്കില്ലാത്ത വിളിപ്പേര്
അദ്ദേഹത്തിനോടുള്ള നന്ദികേടിന് പശ്ചാത്താപവുമായില്ല. എന്നാല്‍ കമല്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്ത "സെല്ലുലോയ്ഡ്" എന്ന ചിത്രം മറവികള്‍ക്കെതിരായ ഓര്‍മകളുടെ
കലാപമാവുകയാണ്.സിനിമയെക്കുറിച്ച് കേരളത്തിന് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന 1926-28 കാലത്തായിരുന്നു ഡാനിയലിന്റെ അലച്ചിലുകള്‍.
മദിരാശിയിലും മുംബൈയിലും വലിയ പ്രതിഭകള്‍ക്കുമുന്നില്‍ ഏകലവ്യനെപ്പോലെ
കാത്തുകെട്ടിനിന്നു. മദിരാശിയിലെ ദുരനുഭവങ്ങള്‍ തളര്‍ത്താതിരുന്നതിനാലാണ് ഫാല്‍ക്കെയെ
തേടിപ്പോയത്. കേരളത്തില്‍നിന്നുള്ള അധ്യാപകനാണെന്നും കുട്ടികളെ സിനിമയെക്കുറിച്ച്
പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള ചെറിയ കളവുപറഞ്ഞാണ് മുംബൈ അഭ്രപാളിയുടെ
വിസ്മയങ്ങള്‍ ഒപ്പിയെടുക്കാന്‍ അവസരമുണ്ടാക്കിയതും. നാട്ടില്‍ തിരിച്ചെത്തിയ
ഡാനിയല്‍ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന സ്റ്റുഡിയോ തുറന്നു. നാലുലക്ഷം
രൂപക്ക് സ്വത്ത് വിറ്റാണ് മൂലധനം സമാഹരിച്ചത്. തിരക്കഥയും സംവിധാനവും
ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും നിര്‍മാണവുമെല്ലാം തനിച്ച് ഏറ്റെടുത്തതിന്റെ
ഫലപ്രാപ്തിയായിരുന്നു വിഗതകുമാരന്‍ എന്ന നിശ്ശബ്ദ സിനിമ.
1928 നവംബര്‍ ഏഴിന് തിരുവന്തപുരത്തെ കാപ്പിറ്റോള്‍
തിയേറ്ററിലെ ആദ്യപ്രദര്‍ശനം യാഥാസ്ഥിതികരുടെ അതിക്രമത്തിനിരയായി. സാമൂഹ്യ
ഉള്ളടക്കംപോലെ അവരെ പ്രകോപിതരാക്കിയത് നടിയുടെ സാന്നിധ്യം. തീര്‍ന്നില്ല, ദളിതയായ പി കെ റോസി നായര്‍സ്ത്രീയെ
അവതരിപ്പിച്ചത് സഹിക്കാവുന്നതിനപ്പുറമായി. അവരെ സിനിമാകൊട്ടകയില്‍
കാലെടുത്തുവയ്ക്കാന്‍പോലും അനുവദിച്ചില്ല. കല്ലേറും ബഹളവും പ്രദര്‍ശനത്തിന്
തിരശ്ശീലയിട്ടു. ഡാനിയല്‍ പെട്ടി ചുമന്ന് നേരിട്ടെത്തുകയായിരുന്നു ആലപ്പുഴയിലെ
സ്റ്റാര്‍ തിയേറ്ററില്‍. സാമ്പത്തികമായി തകര്‍ന്ന അദ്ദേഹം കടംവീട്ടാന്‍ സ്റ്റുഡിയോയും
അനുബന്ധ ഉപകരണങ്ങളും വിറ്റുതുലച്ചിട്ടും പിടിച്ചുനില്‍ക്കാനായില്ല. റോസിയാകട്ടെ
യഥാര്‍ഥ ദുരന്തനായികതന്നെയായിരുന്നു. കൂലിപ്പണിക്കാരിയായ അവള്‍
കഞ്ഞിത്തൂക്കുമായാണ് ചിത്രീകരണത്തിനെത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍
കൃഷിപ്പണിക്കുപോയി. അവളുടെ കൂരയ്ക്ക് തീയിടുംവരെയെത്തി പ്രമാണിമാരുടെ അസഹിഷ്ണുത.
ഈ കയറ്റിറക്കങ്ങളുടെ സന്തോഷവും ഞെട്ടലും ആഴത്തില്‍
അനുഭവവേദ്യമാക്കുന്നിടത്താണ് സെല്ലുലോയ്ഡിന്റെ സംഭാവന. മധ്യമാര്‍ഗ സിനിമകളുടെ വിജയ
സംവിധായകനായ കമല്‍ ജനകീയതയും ജനപ്രിയതയും കോര്‍ത്തിണക്കുന്നതില്‍ മികച്ച
ശ്രദ്ധയാണ് പുലര്‍ത്തിയതും. ചലച്ചിത്രത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍
ഒന്നൊന്നായി ഇഴപിരിച്ചെടുത്തതും പ്രധാനംതന്നെ. പൊതുസ്ഥാപനങ്ങളിലെയും
പൊതുമണ്ഡലങ്ങളിലെയും വിഭാഗീയതയുടെ പരിസരം പലമട്ടില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്
കമല്‍. പൃഥ്വിരാജിന് മികച്ച നടന്റെ പുരസ്കാരം നേടിക്കൊടുത്ത ഡാനിയല്‍ അയത്ന
ലളിതമായ അവതരണത്തിനൊപ്പം അഗാധമായ ഗൃഹപാഠവുംകൊണ്ടാണ് പ്രേക്ഷകരെ പിന്തുടരുന്നത്.
ഗൗരവമുള്ള ഫലിതത്തിന്റെ മേമ്പൊടികളും ഭാഷാപണ്ഡിതരുടെ പിന്തുണയില്‍ വികസിപ്പിച്ച
സംഭാഷണങ്ങളും സെല്ലുലോയ്ഡിനെ വ്യത്യസ്തമാക്കുന്നുണ്ട്.
ആധുനിക സംഗീതോപകരണങ്ങളുടെ കൈത്താങ്ങില്ലാതിരുന്ന കാലത്തെ
നാടന്‍ പരിസ്ഥിതി മധുരമനോഹരമായി വിവര്‍ത്തനം ചെയ്യുന്നതായി എം ജയചന്ദ്രന്റെ സംഗീത
സംവിധാനം. ആ വരികള്‍ തുറന്നുപാടിയ സിതാരയെയും എടുത്തുപറയാതെവയ്യ. അകക്കണ്ണിന്റെ
വെളിച്ചത്തില്‍ സ്വരച്ചേര്‍ച്ചയുടെ അത്ഭുതാവഹമായ യോജിപ്പ് കാണിച്ചുതന്ന വൈക്കം വിജയലക്ഷ്മിക്കൊപ്പം
ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പര്യവേക്ഷണംപോലുള്ള അന്വേഷണയാത്രകളാണ് ജെ സി
ഡാനിയലിനെയും അദ്ദേഹത്തിന്റെ സിനിമാ ഭ്രമത്തെയും പുറംലോകത്തെത്തിച്ചത്. ആ
കണ്ടെത്തലിനൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. തുച്ഛമായ സാമ്പത്തിക
സഹായംപോലും നിഷേധിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും സാംസ്കാരിക
സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണനും അവജ്ഞനിറഞ്ഞ ഒഴികഴിവുകളാണ് നിരത്തിയതും.
ശ്രീനിവാസനിലൂടെ ജീവന്‍വയ്ക്കുന്ന ചേലങ്ങാട്ടുമായുള്ള
ഡാനിയലിന്റെ സംസാരങ്ങള്‍ കമല്‍ സിനിമയുടെ ഹൃദയംതന്നെയാകുന്നുണ്ട്. ഒരു
ശ്രമത്തിന്റെ ഭാരത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സാധാരണ ജീവിതം കൈമോശംവന്ന ഡാനിയല്‍
ദന്തല്‍ പഠിച്ച് പല്ലുഡോക്ടറാവുകയുമുണ്ടായി. നഷ്ടപ്പെട്ട ജീവിതത്തിന്റെ ചില ഏടുകള്‍
തിരിച്ചുപിടിക്കുമ്പോഴേക്കും മറ്റൊരു വിളി. അതു കേള്‍ക്കാന്‍ മനുസുറപ്പിച്ചത്
എല്ലാം താറുമാറാക്കുകയായിരുന്നു. യാചക സമാനമായ ജീവിതത്തിന്റെ ശുഷ്ക നാളുകളില്‍
ഭാര്യ ജാനറ്റ് എന്തൊരു ശക്തിയോടെയാണ് പിന്തുണച്ചതും. മംമ്ത മോഹന്‍ദാസിന്റെ ജാനറ്റ്
അതിശക്തമായ അടിത്തറയുള്ള സ്ത്രീ കഥാപാത്രമാണ്. റോസിയായി രംഗത്തെത്തിയ ചാന്ദ്നിയും
സുന്ദറായി വന്ന ശ്രീജിത്ത് രവിയും സമര്‍പ്പണ തുല്യമായ അഭിനയമാണ് കാഴ്ച വച്ചത്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment