Pages

Saturday, February 23, 2013

നെല്ലിക്കുന്നത്ത് ദുരൂഹത കഥകളുടെ ചുരുളഴിയുന്നു


നെല്ലിക്കുന്നത്ത് ദുരൂഹത കഥകളുടെ ചുരുളഴിയുന്നു


കൊട്ടാരക്കരനെല്ലിക്കുന്നത്ത് ദുരൂഹ മരണങ്ങള്‍ കൂടുകൂട്ടിയ നെല്ലിക്കുന്നത്തെ കഥകള്‍ക്കു മേല്‍ യാഥാര്‍ഥ്യത്തിന്റെ വെട്ടം വീണുതുടങ്ങി. പലചരക്ക് വ്യാപാരിയായ ജോര്‍ജിന്റെ കൊലപാതകത്തിന് പിന്നിലെ പ്രതിയെന്നു കരുതുന്ന ബിജുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ മറ്റു മരണങ്ങള്‍ക്കു പിന്നിലെ കഥകള്‍ക്കും ജീവന്‍ വച്ചു. പച്ചക്കറി വ്യാപാരിയായിരുന്ന വര്‍ഗീസിന്റെ മരണവും പൂജാരിയായിരുന്ന ദാമോദരന്റെ മരണവും ഏതു കരങ്ങളാലാണെന്നാണ് നാട്ടുകാര്‍ക്ക് അറിയേണ്ടത്. സാഹചര്യങ്ങളും സംശയങ്ങളും നിരത്തി അവര്‍ കണക്കുകൂട്ടുന്നു. എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങളെന്നുതന്നെയാണ് ഇവര്‍ ഉറപ്പിക്കുന്നത്. അവിടേക്കാണ് അന്വേഷണ സംഘത്തിന്റെയും യാത്ര. 2006ലാണ് പച്ചക്കറി വ്യാപാരിയായിരുന്ന വര്‍ഗീസിനെ നെല്ലിക്കുന്നത്ത് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടത്തിയ പോലീസ് വിറകു വെട്ടുകാരനായ ബാബുവിനെ അറസ്റ്റ് ചെയ്തു. അന്നേ നാട്ടുകാര്‍ അപകടം മണത്തിരുന്നു. 2007 മാര്‍ച്ചിലാണ് ജോര്‍ജ് കൊല്ലപ്പെട്ടത്. വര്‍ഗീസ് മരിച്ചുകിടന്ന അതേ തോട്ടില്‍ തലയ്ക്കുപിന്നില്‍ അടിയേറ്റ നിലയില്‍ ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാര്‍ വീണ്ടും ഭയന്നു. മരണങ്ങള്‍ക്കു പിന്നില്‍ ബിജുവാണെന്ന് പലരും സൂചിപ്പിച്ചെങ്കിലും പോലീസിന് ബോധ്യമായില്ല. വലിയമാടയിലെ പൂജാരിയായിരുന്ന ദാമോദരനെ വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ നെല്ലിക്കുന്നം ഗ്രാമത്തിനുമേല്‍ ഭയം കൂടുകൂട്ടി. 

പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാത്തിരിപ്പിനൊടുവിലാണ് ജോര്‍ജിന്റെ മരണത്തിനു പിന്നില്‍ ബിജുവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്.
 സമര്‍ഥമായി ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയ ബിജുവിനെ ക്രൈംബ്രാഞ്ച് ബുദ്ധിപൂര്‍വം വലയിലാക്കുകയായിരുന്നു. ഒരിക്കിലും അന്വേഷകര്‍ തന്നിലേക്ക് എത്തപ്പെടാതിരിക്കാന്‍ ബിജു ഒരുക്കിയ കുറുക്കുവഴിയാണ് ബിജുവിലേക്കുതന്നെ അന്വേഷകരെ എത്തിച്ചത്. ജോര്‍ജ് കൊല്ലപ്പെട്ട ദിവസം മറ്റു രണ്ടുപേരുമായി കടയില്‍ സംസാരിച്ചിരിക്കുന്നത് കണ്ടു വെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയതിനു പിന്നില്‍ ബിജുവിന്റെ അതിബുദ്ധിയും ഭീഷണിയുമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഇവരില്‍ ഒരാള്‍ സത്യം പറഞ്ഞതോടെയാണ് കൊലപാതകത്തിന് പിന്നിലെ കരങ്ങള്‍ ബിജുവിന്‍േറതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായത്. ബിജു ജോലി ചെയ്യുന്ന ചായക്കടയ്ക്കു സമീപം തന്നെയാണ് ജോര്‍ജിന്റെ പലചരക്കു കട, ഇതിനു സമീപം തന്നെയായിരുന്നു വര്‍ഗീസിന്റെ പച്ചക്കറിക്കടയും. വര്‍ഗീസും ജോര്‍ജും കൊല്ലപ്പെട്ടത് ഒരേ രീതിയിലായിരുന്നു. തലയ്ക്കടിയേറ്റ് തോട്ടില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നെടുമണ്‍കാവ് ചന്തയില്‍ പോകാനിരുന്നതിന്റെ തലേ ദിവസമായിരുന്നു വര്‍ഗീസ് കൊല്ലപ്പെട്ടത്. ലക്ഷ്യം പണാപഹരണമായിരുന്നെന്ന് വ്യക്തം. ഷാപ്പ് ജീവനക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി പണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായപ്പോള്‍ത്തന്നെ നാട്ടുകാരില്‍ ബിജു ഭയമായി മാറിയിരുന്നു. തുടര്‍ന്ന് സമാനമായ രീതിയില്‍ കൊലപാതകങ്ങള്‍ നടന്നപ്പോഴും അവര്‍ക്ക് മറ്റാരെയും സംശയമുണ്ടായിരുന്നില്ല. 

കൊലപാതകങ്ങളും അക്രമങ്ങളും തുടര്‍ച്ചയായതോടെ നെല്ലിക്കുന്നമെന്ന നാമംപോലും ഭയത്തിന്റെ പര്യായമായി. അന്യനാട്ടുകാര്‍ നെല്ലിക്കുന്നം കടന്നു പോകുന്നതുവരെ വാഹനങ്ങളില്‍ കണ്ണടച്ചിരുന്നു. ചിലര്‍ നെല്ലിക്കുന്നത്തിന് പേടിയുടെ പര്യായങ്ങള്‍ നല്‍കി. ദുരൂഹതകളില്‍ പൊതിഞ്ഞ ഒരു മരണത്തിനു പിന്നിലെയെങ്കിലും കരങ്ങള്‍ വെളിച്ചത്തു വന്നതില്‍ നാട്ടുകാര്‍ക്ക് ആശ്വാസം.
 വര്‍ഷങ്ങളായി വീട്ടുകാരില്‍നിന്ന് അകന്നു കഴിയുന്ന ബിജു പണത്തിനുവേണ്ടിയാണ് ജോര്‍ജിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നുണ പരിശോധനയെപ്പോലും അതിജീവിച്ച ബിജുവില്‍നിന്ന് മറ്റു കൊലപാതകങ്ങള്‍ക്ക് പിന്നിലെയും കഥകള്‍ വെളിച്ചത്തു വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. എന്നാലേ ഗ്രാമത്തിനുമേല്‍ കൂടുകൂട്ടിയ ഭയം നീങ്ങൂ. സ്വസ്ഥമായി ഇവര്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ കഴിയൂ. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: