അച്ചന്‍കോവില്‍ വെളിച്ചമായി
ലാഭിച്ചത് 1200 യൂണിറ്റ്
അച്ചന്‍കോവില്‍ വനം ഡിവിഷന്‍ ഓഫീസിന് മുകളില്‍ സൗരോര്‍ജ
പാനലുകള്‍ നിവര്‍ന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെ. എന്നാല്‍ ഒരുവര്‍ഷമായി കാറ്റും
വെളിച്ചവുമായി ഇവരെ കടാക്ഷിക്കുന്നത് സാക്ഷാല്‍ സൂര്യന്‍ തന്നെ. 1200 യൂണിറ്റ്
വൈദ്യുതിയും 200 ലിറ്റര്‍ മണ്ണെണ്ണയുമാണ് സര്‍ക്കാരിന് ലാഭം. സംസ്ഥാനത്ത് വനംവകുപ്പിന്റെ
പൈലറ്റ് പ്രോജക്ടായിരുന്നു അച്ചന്‍കോവിലിലേത്. സൗരോര്‍ജത്താല്‍
വൈദ്യുതീകരിക്കപ്പെട്ട ആദ്യ വനം ഡിവിഷന്‍ ഓഫീസ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍
കമ്മീഷന്‍ ചെയ്തു. 2.1 കിലോവാട്ടിന്റെ ശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചത്. 5,34,000 രൂപ ചെലവ് വന്നതില്‍ 3.75 ലക്ഷം കഴിച്ച്
ബാക്കിയുള്ള തുക സബ്‌സിഡിയായി അനര്‍ട്ട് നല്‍കി. നെടുമങ്ങാട്ടുള്ള സേഫ് ഗാര്‍ഡ്
ലൈറ്റിങ്‌സ് ആണ് കരാറെടുത്ത് പ്രവൃത്തി നിര്‍വഹിച്ചത്. സ്ഥാപനത്തിലെ ലൈറ്റുകളും
പങ്കകളുമെല്ലാം അതിനുശേഷം സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 1200 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു. മിക്കവാറും ലൈനിലെ തകരാര്‍മൂലം
വൈദ്യുതി മുടങ്ങുന്ന മേഖലയാണ് അച്ചന്‍കോവില്‍. ജനറേറ്ററാണ് പകരമായി
ഉപയോഗിച്ചിരുന്നത്. ഒരു മാസം 200 ലിറ്ററോളം മണ്ണെണ്ണ ഇതിനായി
വാങ്ങിയിരുന്നു. ഒരുവര്‍ഷമായി ജനറേറ്ററും മണ്ണെണ്ണയും വേണ്ട. ഗാരന്റിയുണ്ടെങ്കിലും
ഇതുവരെ അറ്റകുറ്റപ്പണികളും വേണ്ടിവന്നിട്ടില്ല.
എന്നാല്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങളും പ്രിന്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജത്തിന് ഇപ്പോള്‍ ശേഷിയില്ല. ആവശ്യത്തിന് വെളിച്ചമില്ലാത്തപ്പോള്‍ സംഭരണശേഷി കുറയുന്നതും പ്രശ്‌നമാണ്. ഒന്നര കിലോവാട്ടിന്റെ പാനല്‍കൂടി സ്ഥാപിച്ചാല്‍ ഈ തടസ്സങ്ങളെയും തരണം ചെയ്യാനാകുമെന്ന് ഡി.എഫ്.ഒ. സുനില്‍ സഹദേവന്‍ പറഞ്ഞു. ഡിവിഷന്‍ ഓഫീസിനു പുറമേ കോട്ടവാസല്‍, പുലിക്കയം, കാനയാര്‍, മുതലത്തോട് എന്നിവിടങ്ങളിലും സൗരോര്‍ജത്തിന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. അച്ചന്‍കോവില്‍ ഡിവിഷന് കീഴില്‍ത്തന്നെ കാട്ടിനകത്തുള്ള ഈ സ്ഥലങ്ങളില്‍ തെരുവുവിളക്കുകളും ക്യാമ്പുകളിലെ ഹൗസ് ലൈറ്റുകളുമാണ് സൗരോര്‍ജത്താല്‍ പ്രകാശിക്കുന്നത്.
ഈ വിജയത്തിന്റെ ചുവടുപിടിച്ച് തിരുവനന്തപുരത്ത് വനംവകുപ്പിന്റെ ആസ്ഥാനമന്ദിരം സൗരോര്‍ജത്താല്‍ വൈദ്യുതീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുകോടി രൂപയോളം ചെലവുവരുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ജല വൈദ്യുതോത്പാദന പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി വലിയ കടമ്പയാണ്. ബദല്‍ മാര്‍ഗങ്ങളുമായി വഴികാട്ടാന്‍ ഒരുങ്ങുകയാണ് വകുപ്പ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment