Pages

Saturday, January 12, 2013

WATER,WATER EVERYWHERE

വെള്ളം വെള്ളം സര്‍വത്ര
ആര്യ എസ്‌ നായര്‍
വെള്ളം ലഭ്യമാകാത്ത ഒരു ജീവിതത്തെപ്പറ്റി നമുക്ക്‌ ചിന്തിക്കാന്‍ കഴിയുമോ? ഇല്ല എന്നുത്തരം പറയുമ്പോള്‍
തന്നെ അത്‌ ശുദ്ധമാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസിലാക്കണം.
ജലം അമൂല്യമാണ്‌. അത്‌ പാഴാക്കരുത്‌, മലിനമാക്കുകയും ചെയ്യരുത്‌. നിരവധി ജലജന്യരോഗങ്ങള്‍ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്‌. മാരകമായ മനുഷ്യനാശം വിതച്ചേക്കാവുന്ന അത്തരം രോഗങ്ങളില്‍നിന്ന്‌ മുക്‌തി നേടാന്‍ വ്യക്‌തിശുചിത്വവും പരിസരശുചിത്വവുംപോലെ നമ്മുടെ ജലസ്രോതസുകളും സംരക്ഷിക്കാം. ഒരു കാലഘട്ടത്തില്‍ മനുഷ്യരാശിക്ക്‌ ഭീഷണിയായി മാറിയ കോളറ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുയാണ്‌. 44 നദികളാലും 30 ലക്ഷത്തിലധികം കിണറുകളാലും സമൃദ്ധമായ കേരളത്തില്‍ അശുദ്ധജലത്തില്‍നിന്നുണ്ടാകുന്ന കോളറ പടര്‍ന്നുപിടിക്കുന്നത്‌ നമ്മുടെ ജലസ്രോതസ്സുകള്‍ എത്രമാത്രം മലിനമാണ്‌ എന്നതിന്റെ സൂചനയാണ്‌. ചൂട്‌ രൂക്ഷമായിത്തുടരുകയും മഴയുടെ ലഭ്യത കുറയും ചെയ്‌താല്‍ കൂടുതല്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്നതില്‍ സംശയമില്ല. നാം കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പുവരുത്തുക മാത്രമാണ്‌ ജലജന്യരോഗങ്ങളില്‍നിന്ന്‌ രക്ഷപ്പെടാനുള്ള ഏക മാര്‍ഗം.
ശുദ്ധീകരിച്ചശേഷം ഉപയോഗിക്കുക
വീട്ടിലെ കിണറ്റിലെ വെള്ളമല്ലേ എന്നു കരുതി ശുദ്ധീകരിക്കാതെ കുടിക്കരുത്‌. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത നിരവധി മാലിന്യങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ടാകാം. വെള്ളം ശുദ്ധീകരിക്കാന്‍ ഇന്ന്‌ ധാരാളം മാര്‍ഗങ്ങള്‍ നിലവിലുണ്ട്‌.
ബ്ലീച്ചിംഗ്‌
വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ലളിതമായ മാര്‍ഗമാണ്‌ ബ്ലീച്ചിംഗ്‌. 1000 ലിറ്റര്‍ വെള്ളത്തിന്‌ മൂന്ന്‌ ഗ്രാം എന്ന കണക്കിലാണ്‌ ബ്ലീച്ചിംഗ്‌ പൗഡര്‍ പയോഗിക്കേണ്ടത്‌. സോഡിയം ഹൈഡോക്ലോറൈഡാണ്‌ ബ്ലീച്ചിംഗ്‌ പൗഡറില്‍ അടങ്ങിയിരിക്കുന്നത്‌. ബ്ലീച്ചിംഗ്‌ പൗഡര്‍ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ കലക്കിവയ്‌ക്കുക. ഒരു മണിക്കൂറിനുശേഷം തെളി മാത്രം ഊറ്റിയെടുത്ത്‌ കിണറ്റിലെയോ കുളത്തിലെയോ വെള്ളത്തിലേക്ക്‌ ഒഴിക്കുക. ക്ലോറിന്‍ ലായനി വൈകുന്നേരമാണ്‌ കിണറ്റില്‍ ഒഴിക്കേണ്ടത്‌. അതിനുശേഷം രാവിലെ മാത്രമേ വെള്ളം ഉപയോഗിക്കാവു.
അമ്ലാംശം കുറയ്‌ക്കാന്‍ കുമ്മായം
ജലത്തിലെ അമ്ലത കുറയ്‌ക്കാന്‍ കുമ്മായം ഉപയോഗിക്കാം. 2000 ലിറ്റര്‍ വെള്ളത്തിന്‌ 100 ഗ്രാം കുമ്മായം എന്ന കണക്കില്‍ വെള്ളത്തില്‍ കലക്കിയോ നേരിട്ടോ കിണറ്റില്‍ ചേര്‍ക്കാം. ഇത്‌ വൈകുന്നേരം കിണറ്റില്‍ ചേര്‍ത്തശേഷം പിന്നീട്‌ രാവിലെ മാത്രമേ ജലം ഉപയോഗിക്കാവൂ.
കലങ്ങിയ വെള്ളത്തിന്‌
ടാങ്കറുകളില്‍ അടിക്കുന്ന വെള്ളവും, മഴക്കാലത്തും, കലങ്ങിപ്പോകാറുണ്ട്‌. മുരിങ്ങയുടെ വിത്ത്‌ അരച്ച്‌ വെള്ളത്തില്‍ ചേര്‍ക്കുന്നത്‌ കലക്കം കുറയ്‌ക്കും. വലിയ പാത്രത്തില്‍ വെള്ളം ശേഖരിച്ച്‌ ചെളി അടിയാന്‍ അനുവദിക്കുക. വെള്ളത്തില്‍ അലുമിനിയം സള്‍ഫേറ്റ്‌ ചേര്‍ത്താലും മാലിന്യങ്ങള്‍ അടിഞ്ഞ്‌ വെള്ളം തെളിഞ്ഞുകിട്ടും.
വാട്ടര്‍പ്യൂരിഫയറുകള്‍
വിവിധതരം സാങ്കേതികവിദ്യകളുള്ള പ്യൂരിഫയറുകള്‍ ഇന്ന്‌ വിപണിയില്‍ സുലഭമാണ്‌. ജൈവമാലിന്യങ്ങള്‍ മാത്രം നീക്കുന്നവയും രാസവസ്‌തുക്കളും ജൈവസ്‌തുക്കളും നീക്കുന്നവയും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഓരോ പ്രദേശത്തെയും മാലിന്യത്തിന്റെ സാന്നിധ്യമനുസരിച്ചുള്ള പ്യൂരിഫയറുകള്‍ തെരഞ്ഞെടുക്കുക. സാങ്കേതികവിദ്യയിലെ മാറ്റങ്ങളനുസരിച്ച്‌ വിലയിലും വ്യത്യാസം ഉണ്ടാകും.
തിളപ്പിക്കല്‍ തന്നെ സുരക്ഷിതം
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമാര്‍ഗം തിളപ്പിക്കല്‍ തന്നെയാണ്‌. വെള്ളം തിളച്ചശേഷവും 5-10 മിനിട്ടുകള്‍ കൂടി തിളയ്‌ക്കാന്‍ അനുവദിക്കുക. ഹെപ്പറ്റൈറ്റിസ്‌- എ അടക്കമുള്ള വൈറസുകള്‍ നശിക്കുന്നതിന്‌ വെള്ളം കൂടുതല്‍ നേരം തിളയ്‌ക്കുന്നത്‌ ആവശ്യമാണ്‌. വെള്ളം തിളച്ചശേഷം അതിലേക്ക്‌ വീണ്ടും പച്ചവെള്ളം ചേര്‍ക്കുന്ന രീതിയും ഒഴിവാക്കണം.
കുപ്പിവെള്ളം സുരക്ഷിതമോ?
കുപ്പിവെള്ളം സുരക്ഷിതമാണെന്ന ധാരണയുണ്ടോ? എന്നാല്‍ 30 പ്രമുഖ ബ്രാന്‍ഡ്‌ കുപ്പിവെള്ളങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും 36 ഇരട്ടി രാസവസ്‌തുക്കളുടെ സാന്നിധ്യമാണ്‌ കണ്ടെത്തിയത്‌. ഓര്‍ഗാനോക്‌ളോറിന്‍, ഓര്‍ഗാനോ ഫോസ്‌ഫറസ്‌, വിഭാഗത്തില്‍പ്പെട്ട അന്‍പതിലധികം മാരകടീനാശിനികള്‍ കണ്ടെത്തി. ഇതില്‍ ഇന്‍ഡേല്‍, ഡി.ഡി.റ്റി. മലാത്തിയോണ്‍ ക്‌ളോര്‍പിറിഫോസ്‌ തുടങ്ങിയ മാരകകീടനാശിനികളില്‍ പലതും കരള്‍, വൃക്ക പ്രതിരോധവ്യവസ്‌ഥ, നാഡീവ്യവസ്‌ഥ തുടങ്ങിയവയുടെ തകരാറുകള്‍ക്കും കാന്‍സര്‍, ജനിതകവൈകല്യം തുടങ്ങിയവയ്‌ക്കും കാരണമാകുന്നവയുമാണ്‌.
മാലിന്യം എങ്ങനെ കണ്ടെത്താം
നഗ്നനേത്രങ്ങള്‍കൊണ്ട്‌ നോക്കിയാല്‍ കാണാത്ത അനേകം മാലിന്യങ്ങള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്‌. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളത്തില്‍ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നതിന്റെ സൂചനകള്‍ ലഭിക്കും. വെള്ളത്തിനുമേല്‍ എണ്ണയുടെ പാടപോലെ കാണുക, തവിട്ടുനിറം കലര്‍ന്നവെള്ളം, വെള്ളത്തിന്‌ നേര്‍ത്ത ഇരുമ്പിന്റെ ഗന്ധം, വെള്ളം ഉപയോഗിച്ച്‌ പാകംചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക്‌ ഇരുമ്പിന്റെ ഗന്ധം, വെള്ളം പതിവായി വീഴുന്നിടത്ത്‌ ഇരുമ്പുകറ പിടിക്കുക തുടങ്ങിയത്‌ കണ്ടാല്‍ വെള്ളത്തില്‍ ഇരുമ്പിന്റെ അളവ്‌ കൂടുതലാണെന്നതിന്റെ സൂചനയാണ്‌. വെള്ളത്തില്‍ സോപ്പും ഡിറ്റര്‍ജെന്റും പതയാതെയിരുന്നാല്‍ കഠിനവെള്ളമാണെന്ന്‌ മനസിലാക്കാം. വെള്ളത്തിന്‌ പുളിപ്പ്‌ കൂടുതലാണെങ്കില്‍ അമ്ലത്തം കൂടുതലാണെന്ന്‌ മനസിലാക്കാം. ഉപ്പിന്റെ സാന്നിധ്യവും രുചിച്ചുനോക്കി അറിയാന്‍ സാധിക്കും.
മലിനീകരണവഴിയില്‍
കേരളത്തിലെ മിക്ക ജലസ്രോതസുകളും ഇന്ന്‌ മലിനമാണ്‌. വ്യാവസായവശിഷ്‌ടങ്ങളും സെപ്‌ടിക്‌ ടാങ്ക്‌ മാലിന്യങ്ങളും ജലത്തിലേക്ക്‌ തള്ളുന്നത്‌ വ്യാപകമായിരിക്കുന്നു. മനുഷ്യവിസര്‍ജ്യത്തിലൂടെ പകരുന്ന പല രോഗങ്ങളും ചില മേഖലകളില്‍ പടര്‍ന്നുപിടിക്കന്നതിുനള്ള കാരണവും അശുദ്ധജലം ആ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ്‌. ലെഡ്‌, കാഡ്‌മിയം, ക്രോമിയംപോലുള്ള രാസമാലിന്യങ്ങളുടെ സാന്നിധ്യവും കേരളത്തിലെ വെള്ളത്തില്‍ ഉണ്ട്‌. ഇരുമ്പിന്റെ സാന്നിധ്യവും അമ്ലതയും കേരളത്തിലെ വെള്ളത്തില്‍ കൂടുതലാണ്‌. അമ്ലത കൂടിയ വെള്ളം പതിവായി കുടിക്കുന്നത്‌ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക്‌ കാരണമാകും.
ജലമെന്ന അമൃത്‌
നിരവധി രോഗങ്ങള്‍ വരാതിരിക്കാനും രോഗങ്ങള്‍ മാറുന്നതിനും ശുദ്ധജലം മരുന്നിന്റെ ഗുണം ചെയ്യും. ക്ഷീണം, അസിഡിറ്റി, നെഞ്ചിരിപ്പ്‌, പേശീവേദന തുടങ്ങിയവയ്‌ക്കുള്ള മരുന്നാണ്‌ ശുദ്ധജലം. ഇളംചൂട്‌ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ആസ്‌ത്മ, അലര്‍ജി രോഗങ്ങള്‍ക്ക്‌ പരിഹാരമാണ്‌. അകാലവാര്‍ധക്യം തടയാനും അമിതവണ്ണം ചെറുക്കാനും ധാരാളം വെള്ളം കുടിക്കൂ. മലിനജലം വിഷംപോലെ അപകടകാരിയാണ്‌. എന്നാല്‍ ശുദ്ധജലം അമൃതിനേക്കാള്‍ ഗുണകരവും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: