Pages

Saturday, January 5, 2013

SNDPUNION PLATINUM JUBILE MEET


എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം
സാമുദായിക സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . 
എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്ലാറ്റിനം ജൂബിലി സമാപ
നസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമുദായ സൗഹാര്‍ദ്ദമാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്. നിയമത്തിന്റെയോ ഭരണഘടനയുടെയോ പിന്‍ബലത്തിലല്ല ഇതു നിലനില്‍ക്കുന്നത്. നമ്മുടെ വിശാലമായ സംസ്‌കാരമാണ് അതിനു ശക്തി പകരുന്നത്. ഈ ആത്മവിശ്വാസം, ഈ ശക്തി നമുക്ക് കൈമോശം വരാന്‍ പാടില്ല. അങ്ങനെ സംഭവിക്കുന്നത് തടയാന്‍ ആവശ്യമായ തിരുത്തലുകള്‍ വേണ്ടിവരും. ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങളില്‍ സമുദായ സൗഹാര്‍ദ്ദത്തിനുള്ള ആത്മവിശ്വാസം അടങ്ങിയിരിപ്പുണ്ട്. അടുത്തവര്‍ഷംമുതല്‍ പാഠ്യപദ്ധതിയില്‍ ഗുരുദേവദര്‍ശനം ഉള്‍പ്പെടുത്തുന്നത് സമൂഹത്തിന് ശക്തിപകരാനാണ്. അല്ലാതെ ആരെയും പ്രീതിപ്പെടുത്താനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് യു.ഡി.എഫ് ഭരണകാലത്ത് മതിയായ കോളേജുകള്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് എയ്ഡഡ് കോളേജുകള്‍ അനുവദിച്ചിരുന്നു. ഇതിലൊന്ന് എസ്.എന്‍.ഡി.പി.ക്ക് ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അറുപതു വര്‍ഷത്തിനിപ്പുറം എയ്ഡഡ് മേഖലയില്‍ എന്‍ജിനിയറിങ് കോളേജുകളോ മെഡിക്കല്‍ കോളേജുകളോ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമുദായ സൗഹാര്‍ദ്ദം കേരളത്തില്‍ തകരുന്നുവെന്ന കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ പരാമര്‍ശം ഇവിടത്തെ രാഷ്ട്രീയക്കാര്‍ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായ ഈ അഭിപ്രായം, കേരളരാഷ്ട്രീയം എവിടം വരെ എത്തി നില്‍ക്കുന്നുവെന്ന് ആത്മപരിശോധന നടത്താന്‍ സമയമായി എന്നാണ് ചൂണ്ടിക്കാട്ടുന്നത്. സംഘടിത വോട്ടു ബാങ്കുകളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതൃത്വം മത്സരിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും. ഈ മത്സരം മൂലം ദുഃഖം പേറുന്നവരുടെ കൂട്ടായ്മയാണ് നായര്‍-ഈഴവ ഐക്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ചടങ്ങില്‍ കൊല്ലം യൂണിയന്റെ വിവിധ ആശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. മൈക്രോ ക്രെഡിറ്റ് വിതരണം വെള്ളാപ്പള്ളി നടേശനും ശാഖാ സെക്രട്ടറിമാര്‍ക്കുള്ള ഇരുചക്രവാഹനവിതരണം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് കാന്‍സര്‍ കെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എന്‍.പീതാംബരക്കുറുപ്പ് എം.പി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ടി.വി.ബാബു പലിശരഹിത വായ്പാ വിതരണവും നടത്തി. ദേശീയ ബഹുമതി നേടിയ ശാഖാംഗങ്ങളെ എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ആദരിച്ചു. ഡി.സി.സി. പ്രസിഡന്റ് ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ സംസാരിച്ചു. എസ്.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ സ്വാഗതവും സെക്രട്ടറി എന്‍.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: