Pages

Saturday, January 5, 2013

CENTRAL UNIVERSITY OF KERALA KASARGODU


ഉന്നതവിദ്യാഭ്യാസത്തിന് ദിശാബോധം നല്‍കാന്‍ കേന്ദ്രസര്‍വകലാശാല


കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന് ഇന്ന് തറക്കല്ലിടുകയാണ്. പഠനസൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരകേരളത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വെളിച്ചം നിറയ്ക്കാന്‍ പുതിയ സര്‍വകലാശാലയ്ക്ക് സാധിക്കുമെന്നുറപ്പാണ്. മുന്നുവര്‍ഷം മുന്‍പ് പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്കാണ് പെരിയയിലെ 361 ഏക്കര്‍ വരുന്ന കാമ്പസില്‍ തറക്കല്ലിടുന്നത്. അറിവിന്റെ പുതിയ ലോകത്തേക്ക് കടക്കാനുള്ള നാട്ടുകാരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത്. വേണ്ടത്ര ഫണ്ട് ഉറപ്പാക്കിയും സമയബദ്ധമായ നിര്‍മാണപ്രവര്‍ത്തനത്തിലൂടെയും ഇത് എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് അധികൃതര്‍ ഉറപ്പാക്കണം. മികച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നാകാന്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കട്ടെ. ആകെ 500 ഏക്കര്‍ സ്ഥലമാണ് കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ആവശ്യം. ഇതില്‍ 139 ഏക്കര്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വൈകാതെ നടപടിയെടുക്കണം. 

കേന്ദ്രസര്‍വകലാശാലയ്ക്ക് കാസര്‍കോട്ട് അനുമതി കിട്ടിയത് 2009-ലാണ്. രാജ്യത്താകെ അനുവദിക്കപ്പെട്ട 15 കേന്ദ്രസര്‍വകലാശാലകളിലൊന്നാണിത്. സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച അനിശ്ചിതത്വം മൂലവും മറ്റുമാണ് ആസ്ഥാനമന്ദിര നിര്‍മാണം വൈകിയത്. ഇപ്പോള്‍ സ്ഥലപ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടിരിക്കയാണ്. സര്‍വകലാശാലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി കാലതാമസം കൂടാതെ മുന്നോട്ടുകൊണ്ടുപോകേണ്ട കടമ അധികൃതര്‍ക്കുണ്ട്. സ്വന്തം കെട്ടിടമല്ലാത്തതിനാല്‍ ഇതുവരെ വേണ്ടത്ര ലാബ് സൗകര്യവും മറ്റും കേന്ദ്രസര്‍വകലാശാലയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ എം.എ, എം. എസ്.ഡബ്ലിയു, എം.ഫില്‍. എം. എസ് സി. തുടങ്ങി ചില കോഴ്‌സുകള്‍ മാത്രമേ തുടങ്ങാനായിരുന്നുള്ളു. പുതിയ കെട്ടിടം വരുന്നതോടെ സര്‍വകലാശാലയ്ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. സര്‍വകലാശാലയുടെ കാമ്പസില്‍ തന്നെ മെഡിക്കല്‍ കോളേജും ആസ്​പത്രിയും തുടങ്ങാന്‍ പദ്ധതിയുള്ളതാണ്. ചികിത്സാസൗകര്യങ്ങള്‍ തീരെകുറവായ കാസര്‍കോടിന് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിക്കുള്ള അനുമതി യു.ജി.സി. പിന്‍വലിച്ചതായാണ് അറിയുന്നത്. ഇത് തികച്ചും ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിനടുത്താണ് സര്‍വകലാശാല ആസ്ഥാനം. അവിടെ സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജും ആസ്​പത്രിയും ആരംഭിക്കുകയെന്നത് വലിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പിന്‍വലിക്കല്‍ തീരുമാനം യു.ജി.സി. പുനപ്പരിശോധിക്കേണ്ടതാണ്.

മെഡിക്കല്‍ കോളേജിന്റെയും ആസ്​പത്രിയുടെയും മതിപ്പുചെലവ് 222 കോടി രൂപയാണ്. കേന്ദ്രസര്‍വകലാശാലയോടൊപ്പം കാസര്‍കോട്ട് മെഡിക്കല്‍ കോളേജിനുകൂടി അനുമതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ലഭ്യമാകുമെന്നതിനാല്‍ സംസ്ഥാനസര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയുമില്ല. ഇതിനകം അനുവദിച്ച സ്ഥലത്ത് മെഡിക്കല്‍ കോളേജിനുള്ള സ്ഥലം നീക്കിവെച്ചാണ് ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരികയുമില്ല. അടുത്ത കാലത്തായി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പുതിയ സര്‍വകലാശാലകള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സര്‍വകലാശാലകളോ കോളേജുകളോ തുടങ്ങിയതുകൊണ്ടുമാത്രം നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവയുടെ പ്രവര്‍ത്തനനിലവാരം സമുന്നതമാക്കാനും നടപടി വേണം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കുറഞ്ഞുവരികയാണെന്ന് നേരത്തേ ഹൈക്കോടതിയുടെ വിലയിരുത്തലുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാനും വ്യക്തമായ ദിശാബോധമേകാനും പുതിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കുകയും വേണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: