ആര് രക്ഷിക്കും, ആര്
ശിക്ഷിക്കും?
ഒരു സ്ത്രീയും ചോദിച്ചു വാങ്ങിയതല്ല അവളുടെ ശരീരം. xx, xy ക്രോമസോമുകളുടെ വിന്യാസത്തിന്റെ കളിയെന്തെന്ന് ആരോട് ചോദിച്ചറിയേണ്ടൂ എന്ന് അറിയാതെ ജീവിതത്തിന്‌റെ ഏതെങ്കിലും ഘട്ടത്തില്‍ ഓരോ സ്ത്രീയും ചോദിച്ചു പോകുന്നു ഞാനെന്തു കൊണ്ട് ഇങ്ങനെ ആയി..
പ്രപഞ്ചത്തിന്റെ മഹാരഹസ്യം അറിയാനാവാത്തപ്പോഴും ഒന്ന് അവള്‍ക്ക് ഉറപ്പായി അറിയാം. ഈ ലോകം അവളുടെ ഉള്ളിലാണ് നിലനില്‍ക്കുന്നത്. സൃഷ്ടിയുടെ അരങ്ങും, അണിയറയും അവളാണ്. ഇന്നലെയും ഇന്നും നാളെയും അവളുടെ ഗര്‍ഭപാത്രങ്ങളിലാണ്. അത്ഭുതമൂറുന്ന മനസ്സോടെ മാത്രം ഓര്‍ക്കാനാവുന്ന ആ സത്യത്തിലേക്കാണ് ഡല്‍ഹിയിലെ ബസില്‍ ഇരുമ്പുദണ്ഡ് പാഞ്ഞു ചെന്നത്, ഛിന്നഭിന്നമാക്കി തകര്‍ത്തത്. മനുഷ്യത്വത്തെക്കുറിച്ച് ഒന്നും പറയാന്‍ അവസരം നല്‍കാതെ നില്‍ക്കുന്നത് ആ ആറ് പേര്‍ മാത്രമല്ല, സ്ത്രീ ശരീരത്തിനുള്ളില്‍ ജനിച്ചു പോയി എന്നതു കൊണ്ട് മാത്രം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത് ഡെല്‍ഹിയില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് മാത്രവുമല്ല ...ഓരോ മിനുട്ടിലും ഈ ഭൂമിയില്‍ സ്ത്രീ ശരീരങ്ങള്‍ക്കു മേല്‍ പുരുഷാക്രമണങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. കമന്റടി മുതല്‍ ബലാല്‍സംഗ കൊലപാതകങ്ങള്‍ വരെ! ചര്‍ച്ചകളും ഒപ്പം നടക്കുന്നു, എങ്ങനെ തടയാം? എങ്ങനെ രക്ഷിക്കാം സ്ത്രീയെ?
പുരുഷനും സ്ത്രീയും ഒരിക്കലും ഒരു വരയ്ക്കപ്പുറത്തും ഇപ്പുറത്തും നിന്ന് കബഡി കളിച്ച് ജീവിക്കേണ്ടവരല്ല, പുരുഷനില്‍ നിന്ന് ഓടിയൊളിച്ച് ജീവിക്കാനും പറ്റില്ല സ്ത്രീക്ക്. ഒരുമിച്ച് തന്നെയായിരുന്നു ഈ വഴി താണ്ടേണ്ടിയിരുന്നതും. ഓരോ അമ്മയുടെയും ദയയുടെയും കാരുണ്യത്തിന്റെയും കരുതലിന്റേയും, സ്‌നേഹത്തിന്റേയും ഔദാര്യമാണ് ഓരോ പുരുഷ ശരീരവും. ഗര്‍ഭപാത്രത്തില്‍ പോറ്റി, പെറ്റ് വളര്‍ത്തിയെടുത്ത പുരുഷ ശരീരങ്ങള്‍, അടുക്കളയില്‍ എരിഞ്ഞ് തളര്‍ന്ന് ഊട്ടി വളര്‍ത്തി ബലം നല്‍കിയ ശരീരങ്ങള്‍. ആ ശരീരങ്ങള്‍ ആക്രമണത്തിന് തുനിയുമ്പോള്‍ സ്ത്രീ പകച്ചു പോകുന്നു, വിശ്വാസവഞ്ചനയില്‍ മനം നൊന്ത് പിടഞ്ഞും പോകുന്നു. സഹനത്തിലൂടെ കടന്നു പോയത് നൂറ്റാണ്ടുകള്‍. സ്ത്രീ സഹനമാണ് എന്ന് പഠിപ്പിച്ചത് പുരുഷനോ സ്ത്രീയോ?
മദം പൊട്ടിയ ആനയെ തളയ്ക്കാന്‍ മയക്കു വെടി വയ്ക്കുമ്പോലെ കാമാര്‍ത്തിയില്‍ പുളയുന്ന പുരുഷന്മാരെ (എല്ലാ പുരുഷന്മാരും എന്ന് പറയുന്നതേയില്ല. അങ്ങനെ അല്ലാത്തവര്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം വരുന്ന പുരുഷ സമൂഹത്തോടുള്ള ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനസികരോഗം ബാധിച്ച കുറേപ്പേരെക്കുറിച്ച് എഴുതുകയാണ്. ഓരോ വട്ടവും 'ചില' പുരുഷന്മാര്‍ 'ചിലര്‍' എന്നെഴുതുന്നതിലെ വിരസത ഒഴിവാക്കുന്നു എന്ന് മാത്രം.) നിയന്ത്രിക്കാന്‍ പോംവഴികള്‍ എന്ത്?കടുത്ത നിയമങ്ങള്‍ തന്നെയാണ് ഒന്നാമത്തെ മാര്‍ഗ്ഗം. ബലാല്‍സംഗവും അക്രമണവും നടത്തുന്ന പുരുഷന്മാരെ ജീവിതകാലം മുഴുവന്‍ ജയിലിലിടുക, അവര്‍ക്ക് ജീവിതാന്ത്യം വരെ ഏകാന്ത തടവ് കൊടുത്താലും കുഴപ്പമില്ല, ഒരിക്കലും പുറത്തിറങ്ങി വൈകല്യമാര്‍ന്ന മനസ്സ് കൊണ്ട് മറ്റൊരു സ്ത്രീ ശരീരത്തെ അപകടപ്പെടുത്താന്‍ ഒരു പഴുതും ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് നല്‍കാതെ ശക്തമായ നിയമനിര്‍മ്മാണം നടത്തണം.നിയമങ്ങളുടെ കുറവു കൊണ്ടല്ല ഈ കുറ്റവാളികള്‍ രക്ഷപ്പെടുന്നത്, ഉള്ള നിയമം നേരേ ചൊവ്വെ നടപ്പാക്കാന്‍ വേണ്ട സാഹചര്യവും സന്മനസ്സും ഇല്ലാത്തതിനാലാണ്. അതിവേഗ കോടതികള്‍, വനിതാ കോടതികള്‍ ഒക്കെ സ്ഥാപിച്ച് സ്ത്രീകളെ ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കാന്‍ നടപടിയെടുക്കുകയെന്നത് അത്യാവശ്യമാണ്. ഒരു ജീവിതകാലം മുഴുവന്‍ കോടതിയുടെ കനിവ് തേടി ജീവിതം ഹോമിക്കേണ്ടി വരുന്നത് ഒരു സൂര്യനെല്ലി പെണ്‍കുട്ടിക്ക് മാത്രമല്ല. വിചാരണ വേളയില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഢനം മറ്റൊന്നാണ്. അത്തരം ക്രൂരതകള്‍ക്ക് പ്രതിവിധികള്‍ തേടിയേ തീരൂ.
ശക്തമായ പോലീസ് സംവിധാനം, സ്ത്രീ സുരക്ഷയ്ക്ക് പ്രതേ്യക പോലീസ് സേന, കുടുംബവും സമൂഹവും തള്ളിപ്പറഞ്ഞാല്‍പ്പോലും സുരക്ഷിതമായി താമസിക്കാനുള്ള വാസസ്ഥലങ്ങള്‍, ഇങ്ങനെ പലതും അത്യാവശ്യമാണ്.
ഏറ്റവും പ്രധാനം ഭരണാധികാരികള്‍ക്കും സമൂഹത്തിനും സ്ത്രീകളോടും സ്ത്രീപ്രശ്‌നങ്ങളോടുമുള്ള നിലപാടുകള്‍ ആരോഗ്യകരമാക്കുകയെന്നതാണ്!
കുറ്റവാളികള്‍ക്ക് തലോടലും ഇരകള്‍ക്ക് തല്ലും നല്‍കുന്ന രീതി മാറ്റണം. ആക്രമിക്കപ്പെടുന്നതിനൊപ്പം, ക്രൂരമായ വേട്ടയാടലും നേരിടേണ്ടി വരുന്ന ഹതഭാഗ്യരാണ് സ്ത്രീകള്‍.മറ്റ് പല തലങ്ങളിലൂടെയും സ്ത്രീകളോടുള്ള മോശമായ പ്രതികരണവും പെരുമാറ്റവും കൈകാര്യം ചെയ്യേണ്ടതുണ്ട്. ത്രിതല പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ പരസ്യമായി ''സ്ത്രീ പീഡന വീരന്മാര്‍ക്ക് ''സ്വീകരണം'' നല്‍കാനാവും. ഓരോ കവലയിലും ഓരോ പീഠം ഉണ്ടാക്കി, സ്ത്രീകളെ തൊടാനും തോണ്ടാനും അശ്ലീലം പറയാനും മുതിരുന്നവരെ കയറ്റി നിര്‍ത്താം. (അടിയും ഇടിയും തൊഴിയും ഒക്കെ കൊടുത്ത് ക്രിമിനല്‍ കേസുണ്ടാക്കാനൊന്നും പൊതുജനം ശ്രമിക്കരുത്.) അങ്ങനെ പത്തു സ്ഥലത്ത് പരസ്യമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചികിത്സ ആവശ്യമില്ലാത്ത പീഡന വീരന്മാര്‍ കണ്ടും കേട്ടും ആ പണി നിര്‍ത്തിക്കോളുമെന്നാണ് തോന്നുന്നത്. കൂക്കി വിളിച്ചും കളിയാക്കിയും നാടുനീളേ എഴുന്നള്ളിച്ചുമൊക്കെ സ്ത്രീപീഡനവീരന്മാര്‍ക്ക് ചികിത്സ നല്‍കാം.നാണം കെടുത്തിയാലും നന്നാകാത്തവര്‍ക്ക് വേണ്ടി പെപ്പര്‍ സ്‌പ്രേകളും ചില്ലി സ്‌പ്രേകളും വാങ്ങാം. കുരുമുളക് പൊടി, മുളക് പൊടി എന്നിവ വിനീഗറുമായി കലര്‍ത്തി ഉണ്ടാക്കുന്ന മിശ്രിതം ബോഡി സ്‌പ്രേ പോലെ ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണിവ. ആക്രമിക്കാന്‍ വരുന്നയാളിന്റെ മുഖത്തേക്ക് കൃത്യമായി സ്‌പ്രേ അടിക്കാന്‍ പഠിച്ചിരിക്കണമെന്ന് മാത്രം. പരിശീലിച്ചാല്‍ വളരെ അനായാസമായി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കാന്‍ വരുന്നവരെ ചെറുക്കാമെന്ന് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെയും മറ്റും പെണ്‍കുട്ടികള്‍ പറയുന്നു. അക്രമി സ്‌പ്രേ പിടിച്ച് വാങ്ങി തിരിച്ച് ഉപയോഗിച്ചാലോ എന്ന മറുചോദ്യം ഉയരുന്നുണ്ട്. ആരുടെ ദേഹത്താണോ സ്‌പേ ചെയ്തത് അവിടെ 20 മിനുട്ടോളം അത് തങ്ങി നില്‍ക്കും. അതു കൊണ്ട് തന്നെ സ്‌പ്രേ ചെയ്ത് കീഴ്‌പ്പെടുത്തി ബലാല്‍സംഗം ചെയ്യാന്‍ അത്ര എളുപ്പമല്ല. മറ്റൊരു രക്ഷാമാര്‍ഗ്ഗം ഇല്ലാതെ വരുമ്പോള്‍ ഇതെങ്കിലും കൈയില്‍ ഉണ്ടാകുന്നത് അല്ലേ നല്ലത്?
മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെപ്പര്‍ സ്‌പ്രേകള്‍ വാങ്ങാന്‍ കിട്ടും. അവ വിദഗ്ധമായി ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞാല്‍ സുരക്ഷാകാര്യത്തില്‍ അല്‍പ്പമെങ്കിലും മാറ്റം വരുത്താം.
പരമ്പരാഗത പുരുഷാക്രമണം ചെറുക്കുന്ന ആയുധങ്ങളായ ചെരിപ്പ്, സേഫ്റ്റിപിന്‍, സ്ലൈഡ് തുടങ്ങിയ ആയുധങ്ങള്‍ ഞരമ്പുരോഗികള്‍ക്കെതിരെ എക്കാലവും ഉപയോഗിക്കാവുന്നവ തന്നെയാണ്.
കരാട്ടെ, കളരിപയറ്റ് ,കുങ്ഫൂ, തായ്ചി എന്നിങ്ങനെയുള്ള ആയോധനകലകള്‍ പഠിക്കുക മറ്റൊരു മാര്‍ഗ്ഗം.
തന്റേടത്തോടെയും കരുത്തോടെയും പെരുമാറുന്ന സ്ത്രീകളുടെ പുറത്ത് കൈവയ്ക്കാന്‍ സാധാരണഗതിയില്‍ ഒന്നറയ്ക്കും. ഭയപ്പെട്ട് ഒന്നും നേടാനാവില്ല, ഏതു സാഹചര്യത്തിലും മന:സ്ഥൈര്യം കൈവരിക്കുക. മനസ്സിലെ ധൈര്യം ശരീരത്തിന് വലിയൊരളവ് വരെ ശക്തി നല്‍കും. കാലാകാലങ്ങളായി സ്ത്രീയുടെ മേല്‍ തങ്ങള്‍ക്കുണ്ട് എന്ന് പുരുഷന്‍ കരുതുന്ന അധീശത്വ മനോഭാവം മാറുക വലിയ ആവശ്യമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കിട്ടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീകളെന്നും, എവിടെയും എപ്പോഴും ആര്‍ക്കും കയ്യേറ്റം ചെയ്യാന്‍ അധികാരമുള്ള ഒരു 'വസ്തു'വാണ് സ്ത്രീ ശരീരമെന്നുമുള്ള ധാരണകളാണ് പല പുരുഷന്മാരെക്കൊണ്ടും അക്രമങ്ങള്‍ ചെയ്യുന്നത്. ഇത്തരം ധാരണകള്‍ ഇനിയുള്ള സാഹചര്യത്തില്‍ അപകടകരമാണെന്നും, സ്ത്രീയെ തൊട്ടാല്‍ (കമന്റടിച്ചാല്‍ കൂടി) ജയിലിലാവും എന്നും ബോധപ്പെടുത്താന്‍ കഴിഞ്ഞാന്‍ പ്രശ്‌നങ്ങള്‍ താനെ തീരും.
ഹെല്‍മറ്റ് ധരിപ്പിക്കാനും, കാറില്‍ സീറ്റ് ബെല്‍റ്റ് ഇടീക്കാനും, കറുത്ത ഫിലിം ഒട്ടിച്ചത് മാറ്റാനും ഒക്കെ പോലീസിന് വലിയ പ്രയാസമൊന്നും ഉണ്ടായില്ലല്ലോ. ആത്മാര്‍ത്ഥതയോടെ നിയമം നടപ്പാക്കിയാല്‍ വളരെ പെട്ടെന്ന് സ്ത്രീകള്‍ക്ക് രാവും പകലും റോഡിലിറങ്ങി നടക്കാനാവും.
നിയമങ്ങളെപ്പറ്റി പുരുഷന്മാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ രാജ്യമാസകലം ക്യാമ്പെയിനുകള്‍ ആവശ്യമാണ്. മാനസിക ചികിത്സ ആവശ്യമുള്ള ലൈംഗിക രോഗികളെ കണ്ടെത്താനും ആശുപത്രികളിലാക്കാനും കഴിയണം. ഇക്കൂട്ടര്‍ക്കായി പ്രത്യേക ലൈംഗിക ചികിത്സാ കേന്ദ്രങ്ങള്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെല്ലാം തന്നെ മാനസികമായി പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്! മദ്യപാനത്തെക്കുറിച്ച്, നീലച്ചിത്രങ്ങളെക്കുറിച്ച്, മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ത്രീയുടെ ഭാവത്തെക്കുറിച്ച് - കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ ഇനിയും കാര്യമില്ല. മദ്യവും മാധ്യമങ്ങളും (പ്രതേ്യകിച്ച് സിനിമയും, സീരിയലുകളും, പരസ്യങ്ങളും) അനുദിനം സ്ഥിതി വഷളാക്കുകയാണ്. ഇവ നിയന്ത്രിച്ചാല്‍ വമ്പന്‍ നഷ്ടം സര്‍ക്കാരിനുണ്ടാകുമായിരിക്കും, എന്നാലും ജനസംഖ്യയില്‍ പാതി വരുന്ന സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍, അഭിമാനവും അന്തസ്സും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഏതു നഷ്ടവും നഷ്ടമാവില്ല. ആരോഗ്യകരമായ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സൃഷ്ടിക്ക് വേണ്ടി ചിലവഴിക്കുന്ന മൂലധനമായി കണക്കാക്കിയാല്‍ മതി.ആഗോളവല്‍ക്കരണത്തിന്റെ വാതിലിലൂടെ കടന്നുവന്ന കച്ചവട താല്‍പ്പര്യങ്ങള്‍ സ്ത്രീയുടെ നില എത്രമാത്രം വഷളാക്കിയെന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഒരു ഉപഭോഗവസ്തു മാത്രമാണ് സ്ത്രീയെന്ന് അടിവരയിട്ടത് പുതിയ കാലത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ തന്നെയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴുള്ള ഉദാസീനത പുരുഷനും, ജാള്യത സ്ത്രീയും മാറ്റണം. സ്ത്രീയുടെ മാത്രം പ്രശ്‌നമല്ലിത് ...പുരുഷന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രശ്‌നം തന്നെയാണ്. തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും ആക്രമിക്കപ്പെടുമ്പോള്‍ എങ്ങനെയാണിത് സ്ത്രീ പ്രശ്‌നം മാത്രമാവുന്നത്. അച്ഛനും ചേട്ടനും അമ്മാവനും ഇളയച്ഛനും പീഡകരാവുമ്പോള്‍ പെണ്‍കുട്ടിക്ക് മാത്രമല്ല അപകടം.
ഇതിനിടയിലാണ് സ്ത്രീകള്‍ പുറത്തു പോകുന്നതും വിദ്യാഭ്യാസം നേടുന്നതും ഒക്കെ അപകടകാരണങ്ങളായി ചിലര്‍ ഉയര്‍ത്തികൊണ്ടുവന്നിരിക്കുന്നത്. വീട്ടുകാര്യം നോക്കാത്ത സ്ത്രീകളെ ഉപേക്ഷിക്കാമെന്നു വരെയായിരിക്കുന്നു അഭിപ്രായങ്ങള്‍. തങ്ങളുടെ കാര്യം നോക്കാന്‍ ആരും വരണ്ട എന്ന് സ്ത്രീകള്‍ക്ക് പറയേണ്ടി വരുന്നത് ഈ സാഹചര്യങ്ങളിലാണ്. തുരുമ്പു പിടിച്ചു ദ്രവിച്ച അധമ ബോധം ഉപേക്ഷിച്ച് സ്ത്രീയെ അംഗീകരിക്കാനും, ഉള്‍ക്കൊള്ളാനും ഇനിയെങ്കിലും പുരുഷന്മാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാവുമെന്ന് അറിയാന്‍ കഴിയണം. സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം അവള്‍ക്ക് മാത്രമാണെന്നും അതിക്രമിച്ച് കടന്നാല്‍ അപകടമാണെന്നും തിരിച്ചറിയാന്‍ പുരുഷന്മാര്‍ പ്രാപ്തി നേടണം; അന്യന്റെ പറമ്പിലോ വീട്ടിലോ കാറിലോ അനുവാദമില്ലാതെ കയറിച്ചെന്നാല്‍ നിയമനടപടി ഉണ്ടാകുന്നത് പോലെ തന്നെയാണ് സ്ത്രീശരീരങ്ങളിലുള്ള അതിക്രമിച്ചു കയറലും എന്ന് ബോദ്ധ്യപ്പെട്ടിരുന്നുവെങ്കില്‍! ഒന്നും വേണ്ട - സ്ത്രീ ശരീരവും മജ്ജയും മാംസവും കൊണ്ടുണ്ടാക്കിയതാണെന്നും, ബലപ്രയോഗത്തില്‍ നോവുന്നതാണെന്നും ഒരു മനുഷ്യജീവി മറ്റൊരു മനുഷ്യജീവിയുടെ മേല്‍ പുലര്‍ത്തേണ്ട കാരുണ്യത്തോടെ ഓര്‍ത്തുകൂടേ?
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment